പൊള്ളുന്ന തക്കാളി വിലയിലും ടൊമാറ്റോ ഫെസ്റ്റിവൽ നടത്തി ‘ലാ ടൊമാറ്റിന’ ടീം
കേരളത്തിലെ തക്കാളി വില വർധനവിനിടയിലും സിനിമാ ചിത്രീകരണത്തിന് വേണ്ടി ഒരു ടൊമാറ്റോ ഫെസ്റ്റിവൽ തന്നെ നടത്തി ‘ലാ ടൊമാറ്റിന’ ടീം. ടി അരുൺകുമാർ കഥയും തിരക്കഥയും എഴുതി സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ലാ ടൊമാറ്റിന’ എന്ന ചിത്രത്തിന്റെ ക്‌ളൈമാക്സിനാണ് പത്ത് ടൺ(10,000kg) തക്കാളി ഉപയോഗിച്ചത്. മലയാള സിനിമയിൽ ഇതാദ്യമായാണ് ടൊമാറ്റോ ഫെസ്റ്റിവൽ കേരളത്തിൽ ചിത്രീകരിക്കുന്നത്.
സിനിമയുടെ ക്ലൈമാക്സിലെ ആക്ഷൻ ഷൂട്ട് ചെയ്‍തത് തക്കാളി ഉപയോഗിച്ചാണ്. മൈസൂരില്‍ നിന്നാണ് തക്കാളി ക്ലൈമാക്സ് ഷൂട്ടിനായി എത്തിച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. വിളവെടുപ്പ് കാലത്തെ സ്‍പെയിനിലെ ഒരു ഭക്ഷ്യ ഉത്സവമാണ് ‘ലാ ടൊമാറ്റിന’. തക്കാളികള്‍ ആളുകള്‍ പരസ്‍പരം എറിയുകയും ചവിട്ടിമെതിക്കുകയും ചെയ്യുന്നതാണ് ഉത്സവത്തിലെ പ്രധാന സംഗതി. വലിയ ടാങ്കില്‍ തക്കാളികള്‍ ആദ്യം നിറക്കുകയും പിന്നീടത് ചവിട്ടിമെതിക്കുകയും എറിയുമൊക്കെയാണ് ചെയ്യുന്നത്.
ഇന്ധനം കഴിഞ്ഞാൽ കേരത്തിൽ ഇന്ന് ഏറ്റവും വിലയുള്ളത് തക്കാളിക്കാണ്. മാത്രമല്ല പൊതുവിപണിയിൽ പച്ചക്കറി വില കുതിക്കുകയാണ്. പലതിന്റെയും വില സെഞ്ചുറി കടന്നു. തക്കാളിക്ക് 70 രൂപ കടന്നു. വില പിടിച്ച് നിർത്താൻ സർക്കാർ തലകുത്തി മറിഞ്ഞിട്ടും വേണ്ടത്ര പ്രയോജനം കണ്ടിരുന്നില്ല. കഴിഞ്ഞ മാസം 28 മുതൽ തെങ്കാശിയിലെ കർഷകരിൽ നിന്നു പച്ചക്കറികൾ നേരിട്ടു സംഭരിച്ചു ഹോർട്ടികോർപ് മുഖേന കേരളത്തിൽ എത്തിച്ചു വിതരണം ചെയ്തിട്ടും പൊതുവിപണിയിലെ വില കുത്തനെ കൂടുകയാണ്.