Featured Posts

Breaking News

റഷ്യ സ്വതന്ത്രമാക്കിയ പ്രദേശങ്ങള്‍ക്ക് ഉപരോധം; 'ടാങ്കുകള്‍ ഉരുളുന്നതുവരെ' ചര്‍ച്ചയാകാമെന്ന് യുഎസ്


  • റഷ്യയ്ക്ക് വിമത മേഖലയില്‍ ഇടപെടാന്‍ അവസരമൊരുങ്ങി
  • യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍
മോസ്‌കോ: യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചതിനു പിന്നാലെ ഈ പ്രദേശങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തി യു.എസ്. ഇവിടങ്ങളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിക്കുന്നതുവരെ ചര്‍ച്ചകള്‍ക്കുള്ള സാധ്യത നിലനിര്‍ത്താനാണ് അമേരിക്കയുടെ തീരുമാനം. യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.

ഡോണ്‍ബാസ് എന്നറിയപ്പെടുന്ന ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളിലെ റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികള്‍ 2014-ല്‍ യുക്രൈനിയന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് പിരിഞ്ഞ് സ്വയം സ്വതന്ത്ര 'പീപ്പിള്‍സ് റിപ്പബ്ലിക്' എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇവര്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇവ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചതായി ഇന്നലെയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതാണ് റഷ്യയുടെ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പുടിന്റെ പ്രഖ്യാപനം. പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈനെ റഷ്യന്‍ വിരുദ്ധ കോട്ടയാക്കി മാറ്റുന്നുവെന്ന് ആരോപിച്ച പുടിന്‍ ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് എന്‍ക്ലേവുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതായി അറിയിച്ചു. പ്രദേശത്ത് സമാധാന പരിപാലനത്തിനായി റഷ്യ പ്രവര്‍ത്തിക്കുമെന്നും സൈന്യത്തെ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രദേശത്തെ സൈനിക നീക്കങ്ങളെ പറ്റി അദ്ദേഹം കൂടുതല്‍ പ്രതികരിച്ചില്ല.


No comments