യുക്രെയ്ൻ യുദ്ധം: ദുരിതങ്ങൾ താണ്ടി അവർ നാടണഞ്ഞു
കുറ്റ്യാടി: യുക്രെയ്നിൽ യുദ്ധം രൂക്ഷമായതോടെ രക്ഷപ്പെട്ട് നാട്ടിലേക്ക് പുറപ്പെട്ട മെഡിക്കൽ വിദ്യാർഥികൾ ദുരിതങ്ങൾ താണ്ടി ഒടുവിൽ വീടണഞ്ഞു. വിനിസ്റ്റിയ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർഥികളായ വേളം തീക്കുനി ബി. മുഷ്താഖിന്റെ മകൻ മുഹമ്മദ്, അടുക്കത്ത് കുനിയിൽ അഷ്റഫിന്റെ മകൻ ഫായിസ്, കുറ്റ്യാടി പൂളത്തറ നാരായണന്റെ മകൻ ആദർശ് എന്നിവരാണ് നീണ്ട പലായനത്തിനൊടുവിൽ നാടണഞ്ഞത്.
രണ്ടാഴ്ച മുമ്പാണ് കോളജ് അടച്ചതായി വിവരം ലഭിച്ചതെന്ന് സഹൽ പറഞ്ഞു. ഇതോടെ താമസസ്ഥലത്തുനിന്ന് ഇറങ്ങാതെയായി. കുടിവെള്ളം കിട്ടാതായതോടെ കടകളിൽനിന്ന് സോഡവെള്ളം വാങ്ങി കഴിച്ചുകൂട്ടി. അതും തീർന്നതോടെ ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടു. രക്ഷപ്പെട്ട് അതിർത്തി കടക്കാനായിരുന്നു നിർദേശം. ഇതോടെ നാൽപത്തഞ്ചു പേർ ഒരു രാവിലെ 10ന് ഒരു ബസിൽ കയറി. എന്നാൽ, പുറപ്പെടാനിരിക്കെ കൂടുതൽ വാടക ലഭിച്ചതിനാൽ ഇറക്കിവിട്ട് മറ്റൊരു സംഘത്തെ കൊണ്ടുപോയി. രാത്രി മറ്റൊരു ബസ് കിട്ടി. 15 കിലോ മീറ്റർ ഓടിയ ശേഷം ബ്രേക്ക് പോയി. റോഡിലൂടെ ഉക്രെയ്നിന്റെ റോക്കറ്റ് ലോഞ്ചറുകൾ പോകുന്നത് കണ്ടു. പിന്നാലെ വന്ന മറ്റൊരു ബസിലെ ആളുകൾ ബസ് നന്നാക്കി. എന്നാൽ, തുടർന്നും നൂറ് കണക്കിൽ വാഹനങ്ങളുടെ നീണ്ട നിര കാരണം ബസിന് മുന്നോട്ടു പോകാനായില്ല. ഇതോടെ അതിർത്തിയിലേക്ക് നടക്കാനായി നിർദേശം.13 കിലോമീറ്റർ ബാക്കിയുണ്ട്. ലഗേജും മറ്റുമായി നടക്കാൻ തുടങ്ങി. അവശരായി അതിർത്തിയിലെത്തിയപ്പോൾ പട്ടാളം കടത്തിവിടുന്നില്ല. പലായനം ചെയ്യുന്ന കൂട്ടത്തിൽ ഭൂരിഭാഗവും ഉക്രെയ്ൻ വനിതകളാണ്. അവരുടെ പുരുഷൻമാരെ വിടുന്നില്ല.