Featured Posts

Breaking News

റെക്കോഡ് തകര്‍ച്ചയില്‍ രൂപ; സ്വര്‍ണവില 40,000 രൂപയിലേയ്ക്ക്


റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്നുള്ള അനിശ്ചിതത്വത്തില്‍ തകര്‍ന്ന് രൂപ. ഭൗമ രാഷ്ട്രീയ സംഘര്‍ഷം നേട്ടമാക്കി സ്വര്‍ണം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 76.96 നിലവാരത്തിലെത്തി. എണ്ണവില വര്‍ധന രാജ്യത്തെ വ്യാപാര കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വര്‍ധിപ്പിക്കുമെന്നതിനാലാണ് രൂപയെ ബാധിച്ചത്.

ഓഹരി വിപണിയിലെ തകര്‍ച്ചയും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യംവിടുന്നതും രൂപയുടെ മൂല്യമിടിവിന് ആക്കംകൂട്ടി. മാര്‍ച്ചില്‍ ഇതുവരെ 16,800 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്.

അസംസ്‌കൃത എണ്ണവില, ഓഹരി വിപണിയിലെ വില്പന സമ്മര്‍ദം, ഭൗമ രാഷ്ട്രിയ സംഘര്‍ഷം, കരുത്താര്‍ജിക്കുന്ന ഡോളര്‍, സംസ്ഥനങ്ങളിലെ തിരഞ്ഞെടുപ്പ് തുടങ്ങിയവയാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്

ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം നേട്ടമാക്കി തിങ്കളാഴ്ച പവന്റെ വില 800 രൂപ കൂടി 39,520 രൂപയിലെത്തി. ഗ്രാമിന് 100 രൂപ കൂടി 4940 രൂപയുമായി. 38,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ആഗോള വിപണിയിലെ വിലവര്‍ധനവും രൂപയുടെ മൂല്യമിടിവുമാണ് സ്വര്‍ണ വിലയിലെ കുതിപ്പിന് കാരണം. സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,000 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്. ഈ വര്‍ഷംമാത്രം സ്വര്‍ണവിലയിലുണ്ടായത് 11.7 ശതമാനം വര്‍ധനവാണ്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 717 രൂപകൂടി 53,797 രൂപയിലെത്തി. വെള്ളിയാഴ്ചയിലെ ക്ലോസിങ് നിലവാരത്തില്‍നിന്ന് രണ്ടുശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.

പത്തുവര്‍ഷക്കാലയളവിലെ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍നിന്നുള്ള ആദായത്തിലും വര്‍ധനവുണ്ടായി. അഞ്ച് ബേസിസ് പോയന്റ് വര്‍ധിച്ച് 6.86ശതമാനത്തിലേയ്ക്കാണ് ആദായം ഉയര്‍ന്നത്.

No comments