പാലക്കാട് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; മൂന്നുപേർ അറസ്റ്റിൽ
പാലക്കാട്: ബൈക്ക് മോഷണം ആരോപിച്ച് പാലക്കാട് ഒലവക്കോട് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് ആണ് ക്രൂരമായ മർദനമേറ്റ് കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തിൽ ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശന സ്വദേശി സൂര്യ എന്നിവരെ പാലക്കാട് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് ദൃക്സാക്ഷികൾ പറയുന്നതിങ്ങനെ: മദ്യപിക്കാൻ ബാറിൽ കയറിയ മൂന്നംഗ സംഘം പുറത്തിറങ്ങിയപ്പോൾ ഇവരുടെ ബൈക്ക് കാണാതായി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബൈക്കുമായി ഒരാൾ കടന്നുകളയുന്നത് ശ്രദ്ധയിൽപെട്ടു. തെരച്ചിലിനിടെ ദൃശ്യങ്ങളിൽ കണ്ട സമാനമായ വസ്ത്രം ധരിച്ച് റഫീഖിനെ ഇവർ കണ്ടു. തുടർന്ന് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.
മുണ്ടൂരിൽ കുമ്മാട്ടിക്കെത്തിയ സംഘമാണ് റഫീഖിനെ മർദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് കൊണ്ടുപോയത് റഫീഖ് തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. റഫീഖ് നേരത്തെയും ബൈക്ക് മോഷണമടക്കമുള്ള കേസുകളിൽ പ്രതിയായിരുന്നുവത്രെ.
റഫീഖിനെ അക്രമി സംഘം മർദിക്കുമ്പോൾ പതിനഞ്ചോളം പേർ കാഴ്ചക്കാരായി ചുറ്റുമുണ്ടായിരുന്നു. പൊലീസ് എത്തിയാണ് മർദനമേറ്റ് മൃതപ്രായനായ റഫീഖിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണപ്പെട്ടിരുന്നു.