Breaking News

കറുപ്പ് കണ്ട് വിളറി പിടിക്കുന്ന സി.പി.എം. | പ്രതിഭാഷണം


കെട്ടടങ്ങിയെന്ന് പലരും കരുതിയിരുന്ന സ്വര്‍ണക്കടത്ത് കേസ് സ്വപ്‌ന സുരേഷിന്റെ കോടതിയിലെ മൊഴിയോടെ വീണ്ടും ആളിക്കത്തുകയാണ്. അന്വേഷണ ഏജന്‍സികള്‍ പ്രതികളെ ചോദ്യം ചെയ്യുമ്പോള്‍ നല്‍കുന്ന മൊഴി കോടതിയില്‍ മാറ്റിപ്പറയാന്‍ അവര്‍ക്ക്‌ അവകാശമുണ്ട്. പക്ഷേ, ഇങ്ങനെ മാറ്റിപ്പറയാതിരിക്കണമെങ്കില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സി.ആര്‍.പി.സി. 164-ാം വകുപ്പ് അനുസരിച്ച് മൊഴി രേഖപ്പെടുത്തണം. ഇത്തരത്തില്‍ സ്വര്‍ണ കളളക്കടത്ത് കേസ് അന്വേഷിക്കുന്ന ഏജന്‍സികളാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ സ്വപ്‌നയെകൊണ്ട് ഇനി മാറ്റി പറയാന്‍ സാധിക്കില്ലാത്ത വിധം മൊഴി കൊടുപ്പിച്ചിരിക്കുന്നത്. വാസ്തവത്തില്‍ പ്രതികളെ കൂടുതല്‍ അപകടത്തിലാക്കുന്നവയാണ് ഇത്തരം മൊഴിയെടുക്കല്‍. വിചാരണവേളയില്‍ അവരുടെ വക്കീലിന് ഇതില്‍ ഉറച്ചുനില്‍ക്കേണ്ടതായിട്ട് വരും. പക്ഷേ, ഇവിടെ സ്വപ്ന കൊടുത്ത മൊഴി അലട്ടുന്നത് സ്വപ്‌നയെയല്ല, മറിച്ച് മുഖ്യമന്ത്രി അടക്കമുളള സമുന്നത നേതാക്കളെയാണ്.

സ്വപ്‌നയുടെ മൊഴിയില്‍ കേരള മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കടന്നുവന്നിരിക്കുന്നു എന്ന വാര്‍ത്ത ഞെട്ടലോടു കൂടിയാണ് കേരളം കേട്ടത്. ഇതിന് മുമ്പെല്ലാം ഉണ്ടായിരുന്ന അഭ്യൂഹങ്ങള്‍ കൃത്യമായ ഒരു രേഖയായി കോടതിയുടെ മുന്നില്‍ വരുന്നതോടുകൂടി അതിനെ നിഷേധിക്കുകയും അതിന് മറുപടി പറയുകയും ചെയ്യേണ്ടിയിരുന്ന കേരള സര്‍ക്കാരും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മും പകച്ചു നില്‍ക്കുന്നതായിട്ടാണ് ജനങ്ങള്‍ക്ക് തോന്നിയത്.

തൃക്കാക്കര തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ, അവരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ പരാജയം ഉണ്ടാക്കിയ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് സ്വപ്‌ന സുരേഷ് വെടിപൊട്ടിച്ചത്. തുടര്‍ന്ന് സ്വാഭാവികമായും പ്രതിപക്ഷ കക്ഷികള്‍ തെരുവിലിറങ്ങി. പക്ഷേ, മുഖ്യമന്ത്രി ഇപ്പോഴും അതിനെ കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല.

No comments