പരിസ്ഥിതിലോല മേഖല: നിര്‍മാണം നിയന്ത്രണവിധേയമായി
കോട്ടയം: വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഏതുതരം നിര്‍മാണവും ഇനി നിയന്ത്രണത്തോടെ മാത്രം. ഇവയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ പരിസ്ഥിതിലോലമേഖലയായി സുപ്രീംകോടതി പ്രഖ്യാപിച്ചെങ്കിലും പൊതുതാത്പര്യം പരിഗണിച്ച് ദൂരപരിധിക്ക് ഇളവ് കിട്ടും. സുപ്രീംകോടതി തന്നെയാണ് ഇളവ് അനുവദിക്കുന്നത്.
ഒരു കിലോമീറ്റര്‍ പരിധി കുറയ്ക്കുന്നതിന് കേന്ദ്ര ഉന്നതാധികാരസമിതിയും വനം-പരിസ്ഥിതി മന്ത്രാലയവും നല്‍കുന്ന ശുപാര്‍ശ പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനമെടുക്കുക. ഇളവിനായി സംസ്ഥാനങ്ങള്‍ കേന്ദ്രഉന്നതാധികാര സമിതിയെ സമീപിക്കണം. പരിസ്ഥിതിലോല മേഖല നിശ്ചയിക്കുമ്പോള്‍ എല്ലാ സ്ഥലത്തും ഒരേരീതി പറ്റില്ലെന്ന ദേശീയ വന്യജീവി ബോര്‍ഡിന്റെ അഭിപ്രായം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. സംസ്ഥാനങ്ങള്‍ ചിലയിടത്ത് ഒരു കിലോമീറ്ററില്‍ കൂടുതല്‍ ലോലമേഖലയാക്കുകയും ചെയ്തു.