പ്രവാചക നിന്ദ: അപലപിച്ച് ഖത്തർ ശൂറാ കൗൺസിൽ
ദോഹ: ഇന്ത്യയിൽ ബി.ജെ.പി വക്താവ് നടത്തിയ പ്രവാചക നിന്ദാ പരാമർശത്തെ ഖത്തർ ശൂറാ കൗൺസിലും അപലപിച്ചു. കഴിഞ്ഞ ദിവസം സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് ഇസ്ലാമിനും പ്രവാചകനുമെതിരെ ഇന്ത്യയിലെ ഭരണപക്ഷ പാർട്ടിയുടെ പ്രതിനിധി നടത്തിയ പരാമർശത്തിൽ ശക്തമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രവാചക നിന്ദ അപലപിച്ചു കൊണ്ട് ഖത്തർ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്തവന ശൂറാ കൗൺസിൽ ആവർത്തിച്ചു.
ഇസ്ലാമിനും വിശ്വാസികൾക്കുമെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെയും വ്യവസ്ഥാപിതമായ അതിക്രമങ്ങളുടെയും തുടർച്ചയാണ് ഇത്തരത്തിലുള്ള അവഹേളനകൾ. ചില സംസ്ഥാനങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കും ഇസ്ലാമിക സ്വത്തുകളിലെ കൈയേറ്റവും, വർധിച്ചു വരുന്ന അക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്തരം സംഭവങ്ങളും ഉയർന്നു വരുന്നത്.
വിശ്വാസികൾക്കെതിരായ അതിക്രമങ്ങളും പ്രവാചകനും ഇസ്ലാമിനും എതിരായ അവഹേളനകളും അവസാനിപ്പിക്കാൻ ഇന്ത്യൻ ഭരണകൂടം ഇടപെടണമെന്നും ശൂറാ കൗൺസിൽ സ്പീക്കർ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മുസ്ലിംകളുടെ സുരക്ഷയും അവകാശങ്ങളും മത-സാംസ്കാരിക വ്യക്തിത്വവും ആരധനാലയങ്ങളും സംരക്ഷിക്കപ്പെടണമെന്നും ശൂറാകൗൺസിൽ വ്യക്തമാക്കി.
No comments