പരിസ്ഥിതിലോല മേഖല: സുപ്രീംകോടതി വിധി തിരിച്ചടി, ജനങ്ങളെ കുടിയൊഴിപ്പിക്കില്ല -മന്ത്രി എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നാണ് സർക്കാർ നിലപാടെന്നു മന്ത്രി വ്യക്തമാക്കി
സുപ്രീംകോടതി വിധി കേരളത്തിലെ മലയോരങ്ങളിലെ ജീവിതങ്ങളെ സാരമായി ബാധിക്കുന്ന പ്രശ്നമാണ്. കേരളത്തിലാകെ 24 സോണുകളാണ് ഇത്തരത്തിലുള്ളത്. ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ കേരളത്തിന്‍റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നാണ് കേരളത്തിന്‍റെ നിലപാട്. ഈ നിലപാടിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധി. തുടർനടപടികൾ സുപ്രീംകോടതിയിലെ കേരളത്തിന്‍റെ അഡ്വക്കറ്റ് കോൺസലുമായും കേരളത്തിന്‍റെ അഡ്വക്കറ്റ് ജനറലുമായും ചർച്ച ചെയ്യും. മുഖ്യമന്ത്രിയുമായി ഇന്ന് തന്നെ ഇക്കാര്യം സംസാരിക്കും -മന്ത്രി അറിയിച്ചു.