ഹോട്ടലുകളുടെ ശുചിത്വവും ഗണമേൻമയും തിരിച്ചറിയാം; മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ
കോഴിക്കോട്: ഗുണമേൻമയേറിയ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളെയും റെസ്റ്റൊറന്റുകളെയും പ്രത്യേകം എടുത്തുകാണിക്കാൻ സംസ്ഥാനഭക്ഷ്യ സുരക്ഷാ വകുപ്പ് പദ്ധതി തയ്യാറാക്കുന്നു.
മൊബൈൽ ആപ്ലിക്കേഷൻ വഴി പൊതുജനത്തിന് ഹോട്ടലുകളുടെ ശുചിത്വവും ഗുണമേൻമയും തിരിച്ചറിയാം. ഹോട്ടലുകളുടെ ഫോട്ടോയ്ക്കു പുറമെ, അടുക്കളയുടെയും തീൻമേശമുറികളുടെയും ചിത്രങ്ങളും ആപ്ലിക്കേഷനിലൂടെ പ്രദർശിപ്പിക്കും. ഭക്ഷ്യലൈസൻസിന്റെ കാര്യവും വ്യക്തമാക്കും. എന്നാൽഈ ആപ്ലിക്കേഷൻ വഴി ഭക്ഷണം വാങ്ങാൻ സൗകര്യമുണ്ടാകില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി.ആർ വിനോദ് പറഞ്ഞു.
അഞ്ചുമുതൽ ഒന്നുവരെയുള്ള സ്റ്റാറുകൾ നൽകി കൂട്ടത്തിലെ മികച്ചവയെ എടുത്തുകാണിക്കാനും ആപ്ലിക്കേഷനിൽ സംവിധാനമുണ്ട്. ആരോഗ്യവകുപ്പിന്റെ ഇ-ഹെൽത്ത് വിഭാഗമാണ് ആപ്ലിക്കേഷൻ തയ്യാറാക്കുന്നത്.
കേന്ദ്രസർക്കാർ ഭക്ഷണശാലകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിന് ഏർപ്പെടുത്തിയ ഹൈജീൻ റേറ്റിങ് കേരളത്തിലും പുരോഗമിക്കുന്നുണ്ട്. ഇതിനകം 500 ഹോട്ടലുകൾ ഇതിൽ അംഗീകാരം കിട്ടി സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഈ ഹോട്ടലുകളാകും മൊബൈൽ ആപ്ലിക്കേഷനിൽ ആദ്യം ഉൾപ്പെടുക.
ഹോട്ടലുകളിൽ പരിശോധന നടത്തി അക്രഡിറ്റേഷൻ നൽകുന്നതിന്റെ ചെലവ് നിലവിൽ സംസ്ഥാനം തന്നെയാണ് വഹിച്ചിട്ടുള്ളത്. ഏതെങ്കിലും ഹോട്ടലുകൾക്ക് ഈ സരർട്ടിഫിക്കേഷൻ ആവശ്യമെങ്കിൽ ഫീസടച്ച് പരിശോധനയ്ക്ക് വിധേയമായി സർട്ടിഫിക്കറ്റ് നേടിയെടുക്കുകയും ചെയ്യാം.
തെരുവോരങ്ങളിലെല്ലാം കൂണുപോലെ ഭക്ഷണശാലകൾ പൊങ്ങിവരുന്നതിനിടെ ഇത്തരം ഗുണമേന്മാ പരിശോധനയ്ക്ക് പ്രാധാന്യമേറുകയാണ്.
ചരിത്രം: 2018-ലാണ് ലോകാരോഗ്യസംഘടന ഭക്ഷ്യസുരക്ഷാ അവബോധം ജനങ്ങളിൽ കൂടുതലായി എത്തിക്കുന്നതിന് ഒരു ദിനാചരണം തീരുമാനിച്ചത്. എല്ലാവർഷവും ജൂൺ ഏഴ് ഇതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ള്യു.എച്ച്.ഒ.) പുറമേ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കൃഷി സംഘടനയും (എഫ്.എ.ഒ.) ഈ തീരുമാനത്തിനുപിന്നിലുണ്ട്.