സ്വപ്നയുടെ വെളിപ്പെടുത്തൽ: സർക്കാറിനെതിരെ ആയുധം മൂർച്ചകൂട്ടി പ്രതിപക്ഷം
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തിയ വെളിപ്പെടുത്തൽ സർക്കാറിനെതിരെ ആയുധമാക്കി പ്രതിപക്ഷം. തൃക്കാക്കരയിൽ മിന്നുംവിജയം നേടിയതിനു പിന്നാലെയാണ് സർക്കാറിനെതിരെ ഉപയോഗിക്കാൻ സ്വപ്നയിലൂടെ യു.ഡി.എഫിന് മികച്ച ആയുധം ലഭിച്ചത്. നിയമസഭ സമ്മേളനം ഈ മാസം തുടങ്ങാനിരിക്കെ വിഷയം സജീവ ചർച്ചയാക്കാനാണ് പ്രതിപക്ഷനീക്കം. വെളിപ്പെടുത്തൽ പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഉൾപ്പെടെ രംഗത്തുവന്നുവെന്ന് മാത്രമല്ല സെക്രട്ടേറിയറ്റിനു മുന്നിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ആളിക്കത്തി.
മുഖ്യമന്ത്രിയുടെ അറിവോടെ കറൻസി കടത്തിയെന്ന തങ്ങൾ മുമ്പ് ഉയർത്തിയ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്നാണ് പ്രതിപക്ഷ നിലപാട്. ഇത്തരം ഘട്ടങ്ങളിൽ മുഖ്യമന്ത്രി എന്തു ചെയ്യണമെന്ന് പിണറായിതന്നെ മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് സോളാർ വിവാദകാലത്ത് ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹം സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഓർമിപ്പിക്കുന്നു. സോളാർ കേസിൽ ആരോപണ വിധേയയിൽനിന്ന് പരാതി എഴുതിവാങ്ങി ഉമ്മൻ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണം ഏർപ്പെടുത്തിയ പിണറായിയുടെ നടപടി ഉയർത്തിക്കാട്ടി ഇരട്ടനീതി വിഷയവും അവർ ഉയർത്തുന്നു. സ്വപ്നയും കൂട്ടുപ്രതികളും സർക്കാറിനെതിരെ നേരത്തേ ആരോപണം ഉയർത്തിയതാണെങ്കിലും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പരസ്യവെളിപ്പെടുത്തൽ ഇതാദ്യമാണ്.