20 പവൻ സ്വർണാഭരണമടക്കം വിറ്റു; ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെട്ട യുവതി ജീവനൊടുക്കി
ചെന്നൈ: ഓൺലൈൻ റമ്മി കളിച്ച് പണം തുലച്ച യുവതി ആത്മഹത്യ ചെയ്തു. ചെന്നൈ മണലി പുതുനഗർ ഭാഗ്യരാജിന്‍റെ ഭാര്യ ഭവാനിയാണ് (29) ജീവനൊടുക്കിയത്. തന്‍റെ 20 പവൻ സ്വർണാഭരണം വിറ്റ് കിട്ടിയ പണമടക്കം റമ്മി കളിച്ച് കളിഞ്ഞിട്ടുണ്ട്.
പണം സമ്പാദിക്കണമെന്ന ആഗ്രഹത്തോടെയാണ് ഒരു വർഷം മുൻപ് ഭവാനി ഓൺലൈൻ റമ്മി കളിച്ച് തുടങ്ങിയത്. ഓൺലൈൻ റമ്മി പരസ്യങ്ങളും ഇതിന് പ്രേരകമായി. ഓൺലൈൻ റമ്മി കളിയിൽ മുഴുകിയ ഭവാനിയെ ഭർത്താവ് ഭാഗ്യരാജും മാതാപിതാക്കളും ശാസിച്ചു. എന്നാൽ ഭവാനി ഇതൊന്നും ചെവിക്കൊണ്ടില്ല.നിരവധി പേരിൽനിന്ന് ഭവാനി പണം വായ്പ വാങ്ങിയിരുന്നതായും റിപ്പോർട്ടുണ്ട്. ഇതിൽ മനംനൊന്താണ് ഭവാനി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
കന്തൻചാവടിയിലെ ഹെൽത്ത് കെയർ കമ്പനിയിൽ ജോലി ചെയ്യുകയാണ് ഭാഗ്യരാജ്. ആറ് വർഷം മുൻപാണ് ഇവർ പ്രണയിച്ച് വിവാഹിതരായത്. മൂന്നും ഒന്നും വയസുള്ള രണ്ട് ആൺമക്കളുണ്ട്.