Featured Posts

Breaking News

5 ജി സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു.. ഇനി ദിവസങ്ങള്‍ മാത്രം


ഡിജിറ്റല്‍ രംഗത്ത് അതിവേഗമുള്ള പരിണാമത്തിന് വിധേയമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ത്രിജിയില്‍ നിന്ന് 4ജിയിലേക്കും ഇപ്പോള്‍ 5ജിയിലേക്കും കാലെടുത്തുവെക്കുകയാണ്. സ്‌പെക്ട്രം ലേലം തുടങ്ങിക്കഴിഞ്ഞു. ലേലത്തിന് മുമ്പ് കെട്ടിവെച്ച തുക കണക്കിലെടുത്താൽ രാജ്യത്ത് വലിയ രീതിയിലുള്ള 5ജി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് റിലയന്‍സ് ജിയോയാണ് തൊട്ടുപിന്നില്‍ ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും അദാനി എന്റര്‍പ്രൈസസും ഉണ്ട്.ഡിജിറ്റല്‍ രംഗത്ത് അതിവേഗമുള്ള പരിണാമത്തിന് വിധേയമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ത്രിജിയില്‍ നിന്ന് 4ജിയിലേക്കും ഇപ്പോള്‍ 5ജിയിലേക്കും കാലെടുത്തുവെക്കുകയാണ്. സ്‌പെക്ട്രം ലേലം തുടങ്ങിക്കഴിഞ്ഞു. ലേലത്തിന് മുമ്പ് കെട്ടിവെച്ച തുക കണക്കിലെടുത്താൽ രാജ്യത്ത് വലിയ രീതിയിലുള്ള 5ജി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് റിലയന്‍സ് ജിയോയാണ് തൊട്ടുപിന്നില്‍ ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും അദാനി എന്റര്‍പ്രൈസസും ഉണ്ട്.

കേവലം അതിവേഗ ഇന്റര്‍നെറ്റ് എന്നതിനുപരി 5ജി കണക്റ്റിവിറ്റി എങ്ങനെയാണ് നമ്മുടെയെല്ലാം ജീവിതത്തെ സ്വാധീനിക്കുക എന്തെല്ലാം മാറ്റങ്ങളാണ് അതുവഴി ഉണ്ടാവുക.

വയര്‍ലെസ് വിവരവിനിമയത്തിന്റെ അഞ്ചാം തലമുറ സാങ്കേതികവിദ്യകളെയാണ് 5ജി എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നത്. ഇത്രയും നാള്‍ എംബിപിഎസ് വേഗമാണ് കണക്കിലെടുത്തിരുന്നത് എങ്കില്‍ 5ജിയിലേക്ക് എത്തുമ്പോള്‍ അത് ജിബിപിഎസിലേക്ക് മാറും. വിവര കൈമാറ്റത്തിന് വേഗം വര്‍ധിക്കും.

ഉത്സവപ്പറമ്പുകള്‍, സമ്മേളന നഗരികള്‍ പോലുള്ള ലക്ഷക്കണക്കിനാളുകള്‍ സംഗമിക്കുന്നയിടങ്ങളില്‍ നേരിടാറുള്ള നെറ്റ്​വര്‍ക്ക് ഞെരുക്കം ഇല്ലാതാകുംവിധം ശക്തമായ വലിയ ബാന്‍ഡ് വിഡ്ത്തും നെറ്റ്​വര്‍ക്ക് കപ്പാസിറ്റിയുമാണ് 5ജിയ്ക്കുള്ളത്. ഇതോടൊപ്പം ഒരു വിവരം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തുന്നതിനുള്ള കാലതാമസം അഥവാ ലേറ്റന്‍സി 5ജിയില്‍ വളരെ കുറവാണ്. കൃത്യമായി പറഞ്ഞാല്‍ 4ജിയില്‍ അത് 200 മില്ലി സെക്കന്‍ഡ് ആയിരുന്നുവെങ്കില്‍ 5ജിയില്‍ അത് 1 മില്ലി സെക്കന്റ് നേരമായി ചുരുങ്ങും. ഒരു സെക്കന്റിന്റെ 1000 ല്‍ ഒന്നാണ് ഒരു മില്ലി സെക്കന്റ് എന്നാല്‍. അതായത് 'നിമിഷ നേരം കൊണ്ട്' എന്ന് പോലും പറയാന്‍ പറ്റാത്ത അത്രയും വേഗത്തിലാണ് 5ജിയിലൂടെയുള്ള വിവരകൈമാറ്റം സംഭവിക്കുന്നത്.

5ജിയുടെ വരവോടെ സംഭവിക്കാവുന്നത്

ഇന്നുള്ള ലോകക്രമത്തില്‍ തന്നെ അടിമുടിയുള്ള മാറ്റങ്ങള്‍ 5ജിയുടെ വരവോടുകൂടി സംഭവിക്കുമെന്നാണ് കരുതുന്നത്. ഇതില്‍ പ്രവചിക്കപ്പെടുന്നതും പ്രവചനാതീതവുമായ നേട്ടങ്ങളുണ്ടെന്നതാണ് വാസ്തവം.

ത്രിജിയില്‍ നിന്നും 4ജിയിലേക്ക് നമ്മള്‍ മാറിയപ്പോള്‍ നമ്മുടെ ജീവിതരീതിയിലുണ്ടായ മാറ്റം പ്രകടമായി തന്നെ നമ്മളെല്ലാം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. പ്രത്യേകിച്ചും റിലയന്‍സ് ജിയോ രാജ്യവ്യാപകമായി കുറഞ്ഞ നിരക്കില്‍ 4ജി സേവനങ്ങള്‍ എത്തിച്ച് തുടങ്ങിയതിന് ശേഷം രാജ്യം സാക്ഷ്യം വഹിച്ച ഡിജിറ്റല്‍ പരിണാമം നമ്മള്‍ കണ്ടിട്ടുണ്ട്.

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പടെയുള്ള സേവനങ്ങളുടെ ധ്രുതഗതിയിലുള്ള വളര്‍ച്ച, ഓണ്‍ലൈനായ ഭക്ഷണ വിതരണ സാധന വിതരണ സേവനങ്ങള്‍, ഓണ്‍ലൈനായ സര്‍ക്കാര്‍ സേവനങ്ങള്‍, ഓണ്‍ലൈനായി മാറിയ ബാങ്കിങ്, പണമിടപാടുകള്‍, വാട്‌സാപ്പ് പോലുള്ള സേവനങ്ങളിലൂടെയുള്ള അതിവേഗമുള്ള ആശയവിനിമയങ്ങള്‍, വീഡിയോ സ്ട്രീമിങ് അടിസ്ഥാനമാക്കിയുള്ള ഓടിടി പ്ലാറ്റ്‌ഫോമുകളും ടിക് ടോക്ക്‌പോലുള്ള സോഷ്യല്‍ മീഡിയാ സേവനങ്ങളുടേയും വരവ്, ഓണ്‍ലൈന്‍ ഉള്ളടക്ക നിര്‍മാണ രംഗത്തേക്ക് വ്ളോഗിങ്ങിലൂടെയും ടിക് ടോക്ക് വീഡിയോകളിലൂടെയും എല്ലാമുള്ള സാധാരണക്കാരുടെ വരവ്. അങ്ങനെ കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങള്‍ കൊണ്ട് രാജ്യം സാക്ഷ്യം വഹിച്ച മാറ്റങ്ങള്‍ അന്നുവരെ നമ്മളാരും പ്രതീക്ഷിക്കാതിരുന്ന രീതിയിലുള്ളതാണ്. യുവാക്കള്‍ക്ക് പിന്നാലെ മധ്യവയസ്‌കരായ ജനങ്ങള്‍ വന്‍തോതില്‍ ഡിജിറ്റല്‍ സേവനങ്ങളിലേക്ക് പ്രവേശിച്ചതും 4ജിയുടെ വരവിന് പിന്നാലെയാണ്.

5ജിയിലൂടെ സംഭവിക്കാന്‍ പോവുന്നതും സമാനമായ വലിയ മാറ്റങ്ങളാണ്. 5ജിയുടെ ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്തും നെറ്റ്‌വര്‍ക്ക് കപ്പാസിറ്റിയും വേഗതയും ലേറ്റന്‍സിയുമെല്ലാം ആവശ്യമായി വരുന്ന ചില സാങ്കേതികവിദ്യകളുണ്ട്. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എന്ന് വിളിക്കുന്ന ഉപകരണങ്ങള്‍ തമ്മിലുള്ള ശൃംഖല, സെല്‍ഫ് ഡ്രൈവിങ് കാറുകള്‍, സ്മാര്‍ട്ട് സാങ്കേതിക വിദ്യകളോടുകൂടിയുള്ള സ്മാര്‍ട്ട് കെട്ടിടങ്ങള്‍, ഓഗ്മെന്റഡ് റിയാലിറ്റി/ വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകള്‍, അള്‍ട്രാ എച്ച്ഡി ലൈവ് സ്ട്രീമിങ് ഉള്‍പ്പടെയുള്ള അത്തരം സേവനങ്ങളുടെ വളര്‍ച്ചയ്ക്ക് 5ജി വലിയ രീതിയില്‍ പ്രയോജനപ്പെടും.
ഇതിന്റെ പരിണിതഫലമെന്നോണം പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍, സേവനങ്ങള്‍ വ്യവസായ സംരംഭങ്ങള്‍, പുതിയ നിര്‍മാണ രീതികള്‍, ആരോഗ്യപരിപാലന/രോഗ ചികിത്സാ രംഗത്ത് ഉപയോഗിക്കാവുന്ന പുതിയ ഉപകരണങ്ങള്‍, ഉള്‍പ്പടെയുള്ളവ രംഗം പ്രവേശം ചെയ്യുന്നതിനും അവസരമൊരുങ്ങും.

ആരോഗ്യ രംഗവും വിനോദ രംഗവും സാമ്പത്തിക രംഗവും

വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള 5ജി സേവനങ്ങളുടെ സാധ്യതകളാണ് 5ജിയിലൂടെ ടെലികോം സേവന ദാതാക്കള്‍ പരീക്ഷിച്ചുവരുന്നത്. ഇതില്‍ പ്രധാനമാണ്, ആരോഗ്യം, വിനോദം, സാമ്പത്തകം തുടങ്ങിയവ. 5ജിയുടെ പരീക്ഷണകാലയളവില്‍ വോഡഫോണ്‍ ഐഡിയയും എറിക്‌സണും ചേര്‍ന്ന് 5ജി നെറ്റ് വര്‍ക്ക് പ്രയോജനപ്പെടുത്തിയുള്ള വിദൂര ചികിത്സാരീതികള്‍ പരീക്ഷിച്ചിരുന്നു. നഗരത്തിലുള്ള കേന്ദ്രത്തില്‍ നിന്ന് ഒരു ഡോക്ടര്‍ക്ക് ഗ്രാമ പ്രദേശത്തെ രോഗിയെ പരിശോധിച്ച് രോഗനിര്‍ണയം നടത്തുന്നതെങ്ങനെ സാധ്യമാകുമെന്ന് ഈ കമ്പനികള്‍ പരീക്ഷിക്കുകയുണ്ടായി. 5ജി ലക്ഷ്യമിടുന്ന പ്രധാന വാണിജ്യ മേഖലയാണ് ആരോഗ്യം. സമാനമായി അകലെ നിന്നുള്ള ശസ്ത്രക്രിയകള്‍ പോലും 5ജിലൂടെ സാധ്യമാകുമെന്നാണ് പറയപ്പെടുന്നത്.

വിനോദരംഗം

കായിക വിനോദങ്ങളുടെ ലൈവ് സ്ട്രീമിങ്. വീഡിയോ ഗെയിമിങ്, ഓടിടി വഴിയുള്ള സിനിമകളുടെയും മറ്റും സ്ട്രീമിങ് എന്നിവയിലെല്ലാം 5ജിയിലൂടെ പുതിയ പരീക്ഷണങ്ങള്‍ക്ക് വഴിതുറക്കും. ഒരു കായിക വിനോദം നടക്കുന്ന സ്റ്റേഡിയത്തിലിരിക്കുന്ന കാഴ്ചക്കാരന് സ്‌റ്റേഡിയത്തില്‍ തത്സമയം നടക്കുന്ന ചില സംഭവങ്ങള്‍ തന്റെ ഫോണില്‍ നേരിട്ട് പല വീക്ഷണകോണുകളില്‍ നിന്ന് കാണാനും വീണ്ടും പരിശോധിക്കാനുമെല്ലാം സാധിക്കുന്ന മള്‍ടി- വ്യൂ സോല്യൂഷന്‍ ടെലികോം കമ്പനിയായ വെരിസോണ്‍ ഇതിനകം പരീക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്.

ഹൈ ഡെഫനിഷന്‍ (എച്ച്ഡി) വീഡിയോ സ്ട്രീമിങ് സാധാരണമാകുന്ന നിലയിലേക്ക് 5ജിയിലൂടെയുള്ള വിനോദ സേവനങ്ങള്‍ എത്തിച്ചേരും.

ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ കൂടുതലായി ജീവിതത്തിന്റെ ഭാഗമായേക്കും. ഓഗ്മെന്റഡ് റിയാലിറ്റി ഉള്ളടക്കങ്ങള്‍ നിര്‍മിക്കാനും അവയ്ക്ക് പ്രവര്‍ത്തിക്കാനും ആവശ്യമായിവരുന്ന ഇടമൊരുക്കാന്‍ (സ്‌പേസ്) 5ജി നെറ്റ്​വര്‍ക്കിന് സാധിക്കും.

ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്‍ 4ജി ഒരു കിണറാണെങ്കില്‍ 5ജി അതിനേക്കാള്‍ വലിയൊരു വലിയ തടാകമാണെന്നോ കടലാണെന്നോ വേണമെങ്കില്‍ പറയാം.

സാമ്പത്തികം

നേരത്തെ തന്നെ ഇക്കാര്യം സൂചിപ്പിച്ചതാണ്. 4ജിയിലൂടെ തന്നെ ഇന്റര്‍നെറ്റ് ബാങ്കിങ്ങും ഡിജിറ്റല്‍ പണമിടുപാടുകളും ആഗോള തലത്തില്‍ നിലവില്‍ വന്നു കഴിഞ്ഞു. ഡിജിറ്റല്‍ പണമിടപാടുകളില്‍ ആഗോള തലത്തില്‍ തന്നെ മുന്നിട്ടുനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ രംഗത്ത് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് 5ജി യിലൂടെ കൈവരും. സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് സങ്കീര്‍ണമായ ചില പ്രക്രിയകള്‍ അതിവേഗം നടപ്പിലാക്കാന്‍ 5ജിയിലൂടെ സാധിക്കും. നിലവിലുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനം 5ജിയിലുടെ മെച്ചപ്പെടും. ആപ്പുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയുടെയെല്ലാം വേഗവും ഗുണമേന്മയും വര്‍ധിക്കും. ഇതോടൊപ്പം, അതിവേഗത്തില്‍ ലളിതമായ പണമിടപാട് രീതികള്‍ നിലവില്‍ വന്നേക്കും.

ഓഗ്മെന്റഡ് റിയാലിറ്റി / വിര്‍ച്വല്‍ റിയാലിറ്റി

മെറ്റാവേഴ്‌സാണ് ഭാവി ഇന്റര്‍നെറ്റ് എന്നാണ് മെറ്റ പ്ലാറ്റ്‌ഫോംസ് മേധാവിയും ഫെയ്‌സ്ബുക്ക് സ്ഥാപകനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നത്. മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യകളുടെ അടിസ്ഥാനം ഓഗ്മെന്റഡ് റിയാലിറ്റിയും വിര്‍ച്വല്‍ റിയാലിറ്റിയും നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിങുമെല്ലാമാണ്. സിനിമ, ഗെയിമിങ്, സോഷ്യല്‍ മീഡിയ, ഇ-കൊമേഴ്‌സ് ഉള്‍പ്പടെയുള്ള മേഖലകളിലെല്ലാം മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യകളെ സംയോജിപ്പിക്കാനാകുമെന്നതിന്റെ മാതൃകകള്‍ ഇതിനകം പല കമ്പനികളും അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ജിയോ തന്നെ ഒരു മിക്‌സഡ് റിയാലിറ്റി റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റി ഷോപ്പിങ് ഉള്‍പ്പടെയുള്ള പദ്ധതികള്‍ കമ്പനിക്കുണ്ട്. മെറ്റ ഉള്‍പ്പടെയുള്ള അമേരിക്കന്‍ കമ്പനികളും ഗെയിമിങ് കമ്പനികളും മിക്‌സഡ് റിയാലിറ്റി സാങ്കേതിക വിദ്യകള്‍ ഇതിനകം തങ്ങളുടെ ഉല്‍പന്നങ്ങളില്‍ പരീക്ഷിക്കുകയും പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാങ്കേതികവിദ്യകള്‍ക്ക് കൂടുതല്‍ ശക്തിയും പിന്തുണയും അവസരവും നല്‍കുന്നതാവും 5ജി.

ഇന്ത്യയില്‍ എന്ന് വരും 5ജി?

2022 ജൂലായ് 26നാണ് ഇന്ത്യയില്‍ 5ജി സ്‌പെക്ട്രം ലേലം നടക്കുന്നത്. 72097.85 മെഗാഹെര്‍ട്സ് സ്പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്പെക്ട്രം നല്‍കുന്നത്. 600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയാണ് കമ്പനികള്‍ ലേലം വിളിക്കുക.

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ ഒരുപക്ഷേ രാജ്യത്ത് 5ജി സേവനം ആരംഭിച്ചുവെന്ന പ്രഖ്യാപനമുണ്ടായേക്കാം. എന്നാല്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് സാധ്യമാകുമോ എന്ന് ഉറപ്പില്ല.

ഓഗസ്റ്റില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ സെപ്റ്റംബറിലോ ഓക്ടോബറിലോ തന്നെ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങള്‍ക്ക് തുടക്കമിടും.

സ്‌പെക്ട്രം ലേലം നടപടികള്‍ പൂര്‍ത്തിയായി രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ 5ജി നെറ്റ്​വര്‍ക്ക് തയ്യാറാവുമെന്ന് ഭാരതി എയര്‍ടെല്‍ നേരത്തെ പറഞ്ഞിരുന്നു. അപ്പോഴും ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത നഗരങ്ങളും പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരിക്കും സേവനം ആരംഭിക്കുക.

അതേസമയം അദാനി എന്റര്‍പ്രൈസസ് ടെലികോം സേവന രംഗത്തേക്ക് പ്രവേശിക്കുന്നതിന് പകരം കമ്പനിയുടെ തന്നെ സ്വകാര്യ നെറ്റ്​വര്‍ക്ക് കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാവും തങ്ങള്‍ വാങ്ങുന്ന സ്‌പെക്ട്രം വിനിയോഗിക്കുകയെന്നാണ് വിവരം. ഡാറ്റ സെന്ററുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലായിരിക്കാം അത്.

2022 അവസാനത്തോടെ തന്നെ 20 മുതല്‍ 25 നഗരങ്ങളില്‍ 5ജി തുടങ്ങുമെന്നാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞത്. ആഗോള വിപണിയേക്കാള്‍ കുറഞ്ഞ നിരക്കിലാവും ഇവിടെ സാധാരണ ജനങ്ങള്‍ക്ക് 5ജി നെറ്റ് വര്‍ക്ക് ലഭിക്കുകയെന്നും അദ്ദേഹം പറയുകയുണ്ടായി.

(കടപ്പാട്: മാതൃഭൂമി.കോം)


No comments