പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന് ദാരുണാന്ത്യം
പെരുമ്പാവൂര്‍ കീഴില്ലത്ത് രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു. കീഴില്ലം തോട്ടം ഇല്ലത്ത് ഹരിനമ്പൂതിരിയുടെ വീടാണ് ഇടിഞ്ഞുതാഴ്ന്നത്. ഹരിനമ്പൂതിരിയുടെ മകന്‍ ഹരിനാരായണനാണ് മരിച്ചത്. സംഭവസമയത്ത് ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സെത്തിയാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. അഞ്ചുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ഒരുനില പൂര്‍ണമായി മണ്ണിനടിയിലായിരിക്കുകയാണ്.
വീട്ടില്‍ നിന്ന് വലിച്ച് പുറത്തെടുക്കുമ്പോള്‍ കുട്ടി ബോധരഹിതനായിരുന്നു. കുട്ടിയുടെ 82കാരനായ മുത്തച്ഛനും ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് ജെസിബികള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. ഭീകര ശബ്ദത്തോടെ വീട് താഴുന്നതിന് തൊട്ടുമുന്‍പായി അഞ്ച് പേര്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ താഴെത്തെ നിലയിലുണ്ടായിരുന്ന രണ്ടുപേര്‍ വീട്ടില്‍ കുടുങ്ങുകയുമായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ച് രണ്ടുപേരെയും വലിച്ച് പുറത്തെടുത്തത്.