10 കോടി രൂപ, ഹൈടെക് സംവിധാനം; രാഷ്ട്രപതിയുടെ യാത്ര ഈ അതിസുരക്ഷാ ബെൻസിൽ
രാഷ്ട്രപതിയായി സ്ഥാനമേറ്റടുത്ത ദ്രൗപതി മുർമിന്റെ ആദ്യ യാത്ര മെഴ്സിഡീസ് ബെൻസ് എസ് 600 പുൾമാൻ ഗ്രാർഡിൽ. ലോകത്തിലെ നിരവധി രാഷ്ട്രത്തലവന്മാരുടെ വാഹനമാണ് എസ് 600 പുൾമാൻ ഗാർഡ് ലിമോ. ഏകദേശം 10 കോടി രൂപ വില വരുന്ന കാറിന്റെ പുതിയ മോഡൽ രാഷ്ട്രപതി ഭവൻ വാങ്ങി എന്ന് വാർത്തകളുണ്ടായിരുന്നു.
സാധാ എസ് 600 പുൾമാനെക്കാൾ മൂന്നിരട്ടി വില വരുന്ന ഈ കാറിൽ അത്യാധുനിക സുരക്ഷ സംവിധാനങ്ങളെല്ലാമുണ്ട്. വിആർ 9 ബാലസ്റ്റിക് പ്രൊട്ടക്ഷൻ പ്രകാരം നിർമിച്ച വാഹനത്തിൽ സഞ്ചരിക്കുന്നവർ പൂർണ സുരക്ഷിതരായിരിക്കും എന്നാണ് കമ്പനി പറയുന്നത്. ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍ എന്നിവയെ ചെറുക്കാൻ ശേഷിയുള്ള ബോഡിയാണ് കാറിന്റേത്. കൂടാതെ രാസായുധങ്ങള്‍, സ്‌നിപ്പറുകള്‍ തുടങ്ങിയവയേയും തടയും. ഇൻ ബിൽറ്റ് ഫയർ സെക്യൂരിറ്റിയുണ്ട്. വാഹനത്തിനുള്ളിൽ ഓക്സിജന്റെ അളവു കുറഞ്ഞാല്‍ യാത്രക്കാർക്കു ശുദ്ധവായു നൽകാൻ പ്രത്യേക ടാങ്കുണ്ട്. തീപിടിക്കാത്ത ഇന്ധന ടാങ്കുകളാണ്.
കാഴ്ചയിൽ നിന്ന് എസ് 600 പുൾമാൻ ലിമോയിൽ നിന്ന് വലിയ വ്യത്യാസം തോന്നാത്ത എക്ടീരിയറാണ്. എന്നാൽ സാധാരണ കാറിനെക്കാൾ ഇരട്ടിയിൽ അധികം ഭാരക്കൂടുതലുണ്ട് ഗാർഡിന്. ഏകദേശം 5.6 ടണ്ണാണ് പുൾമാൻ ഗാർഡിന്റെ ഭാരം. 6.50 മീറ്റർ നീളവുമുണ്ട് ഈ ലിമോയ്ക്ക്. ഡ്രൈവർ ക്യാബിനും പാസഞ്ചർ ക്യാബിനും തമ്മിൽ സൗണ്ട് പ്രൂഫ് സംവിധാനം ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നു.
രക്ഷയ്ക്ക് മാത്രമല്ല ആഡംബരത്തിനും പ്രാധാന്യം നൽകിയാണ് വാഹനം നിർമിച്ചിരിക്കുന്നത്. പിന്നിൽ രണ്ട് പ്രധാന സീറ്റുകളും കൂടാതെ മടക്കി വയ്ക്കാവുന്ന രണ്ട് സീറ്റുകളുമാണുള്ളത്. ഏറ്റവും മികച്ച ലതറിലാണ് ഉൾഭാഗം നിർമിക്കുന്നത്. പിൻസീറ്റ് യാത്രക്കായി കാറിന്റെ റൂഫിൽ പുറത്തെ താപനില, വാഹനത്തിന്റെ നിലവിലെ വേഗ എന്നിവ കാണിക്കുന്ന ഡിസ്പ്ലെയുണ്ട്. കൂടാതെ ജി.പി.എസ് സാറ്റലൈറ്റ് നാവിഗേറ്റര്‍, നിരവധി എയർബാഗുകൾ എന്നിവയുണ്ട്. മെയ്ബ എസ് 600 പുൾമാൻ ഗാർഡ് ലിമോയെ ചലിപ്പിക്കുന്നത് 5.5 ലീറ്റർ ട്വിൻ ടർബോ വി 12 എൻജിനാണ്. 517 ബിഎച്ച്പി കരുത്തും 1900 ആർപിഎമ്മിൽ 830 എൻഎം ടോർക്കും നൽകും ഈ എൻജിൻ.