പെൺകുട്ടിയെ പീഡിപ്പിച്ച്, ആസിഡ് കുടിപ്പിച്ചു; മാനേജർ അറസ്റ്റിൽ, ഒത്താശ ചെയ്തത് ഭാര്യ
ന്യൂഡൽഹി ∙ തൊഴിലാളിയായ പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി ഫാക്ടറി മാനേജർ. പീഡനത്തിനുശേഷം കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും ആസിഡ് കുടിപ്പിച്ചുവെന്നും പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടി അത്യാസന്ന നിലയിൽ ചികിത്സയിലാണ്. പ്രതിയായ ഫാക്ടറി മാനേജർ ജയ്‌പ്രകാശ് (31) അറസ്റ്റിലായതായി ഡപൂട്ടി കമ്മിഷണർ സമീർ ശർമ പറഞ്ഞു.
പീഡനത്തിന് ഒത്താശ ചെയ്‌ത ജയ്‌പ്രകാശിന്റെ ഭാര്യയ്ക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ഡപൂട്ടി കമ്മിഷണർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭാര്യയ്ക്ക് സുഖമില്ലെന്നും സഹായം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ച് ജൂലൈ രണ്ടിന് ജയ്‌പ്രകാശ് തന്റെ വീട്ടിലേക്ക് വരുത്തുകയായിരുന്നു. ജയ്‌പ്രകാശിന്റെ ഭാര്യയെ പരിചയമുള്ളതിനാൽ പെൺകുട്ടി സംശയിച്ചിരുന്നില്ല.
വീട്ടിലെത്തിയതോടെ പെൺകുട്ടിയെ ഇയാൾ കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അന്നേരം ജയ്‌പ്രകാശിന്റെ ഭാര്യയും മുറിയിലുണ്ടായിരുന്നു. ജൂലൈ 5ന് റോഡിൽ വച്ച് പെൺകുട്ടിയെ ജയ്‌പ്രകാശ് തടഞ്ഞുനിർത്തി അസഭ്യം പറയുകയും നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചതായും പൊലീസ് പറഞ്ഞു. വീട്ടിലെത്തിയതോടെ പെൺകുട്ടി അബോധാവസ്ഥയിലായി.
മരണാസന്നയായ പെൺകുട്ടിയെ എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയുടെ മൊഴിയെടുക്കാൻ പൊലീസ് പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഡൽഹി വനിതാ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് ഇന്നലെ സന്നദ്ധപ്രവർത്തകരുടെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.