Featured Posts

Breaking News

വഖഫില്‍ കുഴിയില്‍ വീണ ലീഗ്..


തിരഞ്ഞെടുപ്പ് തോല്‍വിയും സംഘടനാ പ്രശ്‌നങ്ങളുമായി മുസ്ലിം ലീഗ് രാഷ്ട്രീയമായി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴായിരുന്നു വഖഫ് നിയമന വിവാദം വീണുകിട്ടിയത്. വഖഫ് നിയമനം പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകളെ അണിനിരത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനിറങ്ങിയ ലീഗിന് തുടക്കം മുതലേ പാളിയിരുന്നു. അതിന്റെ ഒടുക്കമാണ് വഖഫ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നത്.

വിഷയം ചര്‍ച്ചയാക്കുകയും സമരം നടത്തുകയും ചെയ്ത തങ്ങള്‍ ഉന്നയിച്ച ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങി എന്ന് ലീഗിന് പ്രത്യക്ഷത്തില്‍ ആശ്വസിക്കാം. എന്നാല്‍ ലീഗിന്റെ ആവശ്യമല്ല മറിച്ച് മുസ്ലിം സംഘടന പ്രതിനിധികള്‍ക്ക് കൊടുത്ത വാക്ക് പാലിച്ചാണ് വഖഫ് നിയമനം പിഎസ്.സി വിടാനുള്ള തീരുമാനം തിരുത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നതിലൂടെ ലീഗിനെ അവഗണിച്ച് മുസ്ലിം സംഘടനകളുമായി നേരിട്ടുള്ള ബന്ധത്തിന്റെ പാലം പണിയുകയാണ് സിപിഎം. ലീഗെന്ന രാഷ്ട്രീയ കക്ഷിയുടെ സമുദായത്തിലെ റോള്‍ അവഗണിച്ച് സമുദായത്തെ അടുപ്പിക്കാന്‍ ലക്ഷ്യമിട്ടുന്ന സിപിഎമ്മിന്റെ തന്ത്രത്തിന്റെ ഭാഗമായും നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നു.

വഖഫിലെ പിന്‍മാറ്റം സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണെന്ന് വ്യക്തം. പി.കെ.കുഞ്ഞാലിക്കുട്ടി നല്‍കിയ വടി ഉപയോഗിച്ച് നിയമസഭയില്‍ തന്നെ ലീഗിനെ പ്രഹരിക്കാന്‍ കിട്ടിയ അവസരം മുഖ്യമന്ത്രി കളഞ്ഞില്ല.


വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള ബില്ലിന്റെ ഒരു ഘട്ടത്തില്‍ പോലും മുസ്ലിംലീഗ് എതിര്‍പ്പറിയിച്ചില്ലെന്നും സമസത അടക്കമുള്ള സംഘടനകള്‍ നല്‍കിയ ആശങ്കള്‍ പരിഗണിച്ച് തീരുമാനം പുനഃപരിശോധിക്കുകയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ നിയമഭേദഗതി നടത്തുമെന്ന പ്രഖ്യാപനം നടത്തിയത്.


മുസ്ലിംസമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിനല്ലെന്ന് നേരത്തെ പലതവണ ആവര്‍ത്തിച്ചിട്ടുള്ള മുഖ്യമന്ത്രിയും സര്‍ക്കാരും വഖഫ് വിഷയത്തില്‍ ലീഗിനെ ഒരു തരത്തിലും പരിഗണിക്കാതെയായിരുന്നു ചര്‍ച്ചകളത്രയും നടത്തിയിരുന്നത്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ മുസ്ലിംലീഗ് നടത്തിയ സമരങ്ങളേയും പ്രതിഷേധങ്ങളേയും അപ്രസക്തമാക്കി കൊണ്ട് മുസ്ലിംസംഘടനകളുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തി. തങ്ങള്‍ക്ക് നല്‍കിയ വാക്ക് മുഖ്യമന്ത്രി പാലിച്ചുവെന്ന് അവരെ കൊണ്ട് പറയിപ്പിച്ചിരിക്കുകയാണിപ്പോള്‍. രാഷ്ട്രീയമായ പല മാനങ്ങളുമുണ്ട് ഈ നീക്കത്തിന്..

വഖഫില്‍ കുഴിയില്‍ വീണ ലീഗ്

വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വെള്ളിയാഴ്ച പള്ളികളിലെ പ്രാര്‍ഥനക്കിടയില്‍ ഉത്ബോധനം നടത്തുമെന്ന മുസ്ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവനയാണ് ലീഗിനെ ആദ്യം കുഴിയില്‍ വീഴ്ത്തിയത്. സമസ്ത പ്രതിനിധയടക്കം പങ്കെടുത്ത മുസ്ലിം സംഘടനകളുടെ യോഗത്തിന് ശേഷമായിരുന്നു പിഎംഎ സലാമിന്റെ പ്രസ്താവന. എന്നാല്‍ പള്ളികള്‍ പ്രതിഷേധത്തിനുള്ള വേദിയല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞതോടെ ലീഗിന് ഈ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു. എന്തുവില കൊടുത്തും പള്ളികളില്‍ പ്രതിഷേധിക്കുമെന്ന് വെല്ലുവിളിച്ച ലീഗിന് സമസ്തയുടെ നിലപാട് വലിയ അപമാനമുണ്ടാക്കി.

വഖഫ് നിമയന വിവാദത്തില്‍ മുസ്ലിംലീഗ് സര്‍ക്കാരിനെതിരെ മുസ്ലിം സംഘടനകളെ അണിനിരത്താനുള്ള സാധ്യത മുന്നില്‍ കണ്ട് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഒരു മുഴം മുന്നേ എറിഞ്ഞിരുന്നു. നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ സമസ്ത പ്രമേയം പാസാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഫ്രി തങ്ങളെ വിളിച്ചിരുന്നു. ഇക്കാര്യം പിന്നീട് അദ്ദേഹം പരസ്യമാക്കുകയും ചെയ്തു. മുഖ്യമന്ത്രി മാന്യമായിട്ടാണ് പെരുമാറുന്നതെന്നും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞപ്പോഴാണ് ലീഗ് നേതാക്കള്‍ക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.

വഖഫ് വകുപ്പ് മന്ത്രി പി. അബ്ദുറഹിമാനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയതിന് അടുത്ത ദിവസം തന്നെ അബ്ദുറഹിമാന്‍ ജിഫ്രി തങ്ങളെ ചെന്നുകാണുകയുണ്ടായി. പിന്നീട് മുഖ്യമന്ത്രിയുമായി സമസ്ത നേതാക്കള്‍ കാണുകയുണ്ടായി. മുസ്ലിംലീഗുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അബ്ദുസമദ് പൂക്കോട്ടൂര്‍ അടക്കമുള്ള നേതാക്കളായിരുന്നു മുഖ്യമന്ത്രിയെ കാണാനെത്തിയത്. നിയമനം പിഎസ് സിക്ക് വിടുന്നതിനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നത് സമസ്തയുമായി കൂടിയാലോചിച്ച് മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് പുറത്തിറങ്ങിയ നേതാക്കള്‍ പറഞ്ഞത്. 

ഇപ്പോള്‍ പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്ന് ജിഫ്രി തങ്ങളടക്കം പറഞ്ഞതോടെ ലീഗ് ഒറ്റപ്പെട്ടു. ചെയ്യാനുള്ളത് ചെയ്യൂ, ലീഗിനെ ആര് പരിഗണിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളിയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. വഖഫ് നിയമനത്തില്‍ രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ച ലീഗിന് ഇതുമൂലമുണ്ടായ വിവാദങ്ങള്‍ തീര്‍ക്കേണ്ട അവസ്ഥയിലായി.

ഇതിനിടെ വഖഫ് വിഷയത്തില്‍ കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെല്ലാം ചോര്‍ത്തിക്കളഞ്ഞ് അബ്ദുറഹിമാന്‍ കല്ലായി വിവാദപ്രസ്താവന നടത്തുകയും ചെയ്തു. ഖേദനപ്രകടനത്തിയാണ് ലീഗ് ഇതില്‍ നിന്ന് തലയൂരിയത്.

കാലങ്ങളായി മുസ്ലിം ലീഗും സമസ്തയും പരസ്പര പൂരകങ്ങളായിട്ടാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. രണ്ടു സംഘടനകള്‍ക്കും ഇടയില്‍ പാലമായി പാണക്കാട് കുടുംബത്തിന്റെ നേതൃത്വവും പ്രധാനഘടകമായിരുന്നു. സമസ്തയും നേതൃത്വവും ലീഗിന് ഒരു തലവേദനയേ ആയിരുന്നില്ല. നേരത്തെ ചെറിയ ചില അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകുമായിരുന്നുവെങ്കിലും ചായ കോപ്പയിലെ കൊടുങ്കാറ്റുപോലെ അത് കെട്ടടങ്ങുമായിരുന്നു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് ഇതില്‍ ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടായിത്തുടങ്ങിയത്. ബീഫ് വിവാദവും ആക്രമണങ്ങളും, പൗരത്വഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകളും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളും ഈ വ്യതിയാനങ്ങള്‍ക്ക് അടിത്തറപാകിയിട്ടുണ്ട്. പൗരത്വ വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടില്‍ പരസ്യമായി അഭിനന്ദിച്ചുകൊണ്ട് സമസ്ത രംഗത്തെത്തി. 

ഇതിനെതിരെ പ്രതിഷേധിച്ച ലീഗിനോട് സമസ്ത ആരുടേയും ആലയിലല്ലെന്ന് നേതൃത്വം തുറന്നടിക്കുകയുണ്ടായി. പല വിഷയങ്ങളുമായി ബന്ധപ്പെട്ട് നിലവിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനായ ജിഫ്രി മുത്തുകോയ തങ്ങളുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലീഗിന്റെ ഇടപെടലുകളെ അകറ്റിനിര്‍ത്താന്‍ സിപിഎമ്മിന് ഈ ബന്ധം സഹായകരമായിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധ ക്ഷണിക്കലും മുഖ്യമന്ത്രിയുടെ മറുപടിയും

പി.കെ.കുഞ്ഞാലിക്കുട്ടി നിമസഭയില്‍ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി ആയിട്ടാണ് വഖഫ് ബോര്‍ഡ് പിഎസ് സിക്ക് വിടാനുള്ള നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.

കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധ ക്ഷണിക്കല്‍ ഇങ്ങനെ: 'കേരളത്തില്‍ ഏറെ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും ചര്‍ച്ചകള്‍ ഇടയാക്കിയ ഒരു വിഷയമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നത്. കേവലം നൂറ് നൂറ്റമ്പത് ആളുകളെ മാത്രം റിക്രൂട്ട് ചെയ്യുന്ന വഖഫ്‌ബോര്‍ഡിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ പിഎസ്‌സിക്ക് വിടുകയുണ്ടായി. ഇത് ഒരു തരത്തിലും ആവശ്യമില്ലാത്തതാണ്. കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന ഒരു പക്ഷപാതരാഷ്ട്രീയത്തിന്റെ ഗണത്തില്‍പ്പെടുന്നതാണ് ഇതും. ഇത്രയും ചെറിയൊരു ബോര്‍ഡിന്റെ നിയമനങ്ങള്‍ പിഎസ് സിക്ക് വിട്ട നടപടി ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അവിടെ ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് മുടങ്ങിയിരിക്കുകയാണ്. തീരുമാനങ്ങള്‍ വൈകുന്നു. പക്ഷപാതപരമായ സമീപനമാണ് സര്‍ക്കാരിന്റെ നടപടി. ഇക്കാര്യത്തില്‍ പുനഃപരിശോധന ആവശ്യമാണ്.

നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി:'കേന്ദ്ര സര്‍ക്കാറിന്റെ നടപടിയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയും താരതമ്യപ്പെടുത്താനാകില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് തന്നെ അറിയാം. വഖഫ് ബോര്‍ഡിലെ നിയമനം പിഎസ് സിക്ക് വിടുന്ന തീരുമാനം രഹസ്യമായി വന്നതല്ല. ഈ സഭയില്‍ തന്നെ അതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തതാണ്. നിലവില്‍ വഖഫ് ബോര്‍ഡിലുള്ള ജീവനക്കാര്‍ക്ക് ആ തൊഴില്‍ നഷ്ടപ്പെട്ടുപോകുമെന്നായിരുന്നു അന്ന് ലീഗ് ഉന്നയിച്ച ഏക പ്രശ്‌നം. അവിടെ തുടരുന്ന താത്കാല ജോലിക്കാരെ സ്ഥിരപ്പെടുത്തുമെന്ന ഉറപ്പ് അന്ന് നല്‍കി. അതിന് ശേഷമാണ് നിയമസഭ പാസാക്കിയത്. അത് കഴിഞ്ഞ് കുറച്ച് കാലം പിന്നിട്ട ശേഷമാണ് ഇതൊരു പ്രശ്‌നമായി ലീഗ് ഉന്നയിക്കുന്നത്.

2016-ലാണ് വഖഫ് ബോര്‍ഡിന്റെ യോഗം ഒഴിവ് വരുന്ന നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് പുറപ്പെടുവിട്ട ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കി. ബില്‍ വിശദപരിശോധന്ക്കായി സബ്ജക്ട് കമ്മിറ്റി വിട്ടപ്പോഴോ നിയമസഭയിലെ ചര്‍ച്ചയിലോ വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതിലോ ആരും എതിര്‍പ്പറയിച്ചിരുന്നില്ല എന്നതാണ് വസ്തുത.

നിയമനിര്‍മാണത്തെ തുടര്‍ന്ന് മുസ്ലിംസമുദായ സംഘടനകള്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് മുസ്ലിംസംഘടനാ പ്രതിനിധകളുടെ യോഗം വിളിച്ചു. തുറന്ന സമീപനത്തോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂ എന്ന് അന്നു തന്നെ വ്യക്തമാക്കിയതാണ്. പങ്കെടുത്ത എല്ലാ സംഘടനകളും സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പറിയിച്ചു. വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പിഎസ് സിയിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു തുടര്‍ നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലുണ്ടായ യോജിച്ച അഭിപ്രായം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുന്നു. തുടര്‍ന്ന് നിയമഭേദഗതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. യോഗ്യരായവരെ നിയമിക്കാനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവില്‍ വരും.

No comments