മർക്കസ് കോംപ്ലക്സ് കെട്ടിടത്തിൽ തീപ്പിടിത്തം; പുസ്തകങ്ങൾ സൂക്ഷിച്ച മുറി പൂർണമായും കത്തിനശിച്ചു
കോഴിക്കോട്: മാവൂർ റോഡിൽ മർക്കസ് പള്ളിക്കു സമീപമുള്ള കെട്ടിടത്തിൽ രാത്രിയോടെ തീപ്പിടിത്തം. മർക്കസ് കോംപ്ലക്സിലെ മൂന്നാംനിലയിലെ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യുക്കേഷന്റെ പുസ്തകങ്ങൾ സൂക്ഷിക്കുന്ന മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. അളപായമില്ല.
ബുധനാഴ്ച രാത്രി 11.00 മണിയോടെ കെട്ടിടത്തിനുമുകളിൽനിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട മുഹമ്മദ് ഹാരോൺ, മുബഷീർ അലി എന്നിവരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. കെട്ടിടത്തിൽനിന്ന് പടക്കംപൊട്ടുന്നതുപോലുള്ള ശബ്ദംകേട്ടതായും ജനവാതിലിന്റെ ചില്ലുകൾ താഴേക്ക് ചിതറിത്തെറിച്ചെന്നും ഇവർ പറഞ്ഞു.
മുറിക്കുള്ളിലുണ്ടായിരുന്ന പുസ്തകങ്ങളും കസേരകളുമെല്ലാം പൂർണമായും കത്തിനശിച്ചു. കത്തിനശിച്ച മുറിയുടെ മുകൾഭാഗം ഷീറ്റുപയോഗിച്ചാണ് നിർമിച്ചത്. അതിനുമുകളിൽ സോളാർപാനലുകളും സ്ഥാപിച്ചിരുന്നു. തീപ്പിടിത്തത്തിൽ ഇതെല്ലാം നശിച്ചു. കെട്ടിടത്തിനുതാഴെ ബൈക്കുകളും ഒരു കാറും താഴെ നിർത്തിയിട്ടുണ്ടായിരുന്നെങ്കിലും അവിടേക്ക് പടരുംമുമ്പേ തീയണയ്ക്കാനായി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കലാനാഥിന്റെ നേതൃത്വത്തിൽ ബീച്ച് സ്റ്റേഷനിൽനിന്ന് മൂന്നുയൂണിറ്റും മീഞ്ചന്തയിൽനിന്ന് രണ്ടുയൂണിറ്റും അഗ്നിരക്ഷാസേനയെത്തിയാണ് തീയണയച്ചത്.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും മുന്നിട്ടിറങ്ങി. തീപ്പിടിത്തത്തിനുള്ള കാരണം വ്യക്തമല്ലെന്നും വ്യാഴാഴ്ച കൂടുതൽ അന്വേഷണവും പരിശോധനയും നടത്തുമെന്നും അഗ്നിരക്ഷാസേന അറിയിച്ചു. നാശനഷ്ടത്തിന്റെ കണക്കും ലഭിച്ചിട്ടില്ല.
No comments