Featured Posts

Breaking News

റോഡിൽ പിടയ്ക്കുന്ന മത്സ്യങ്ങൾ, തെലങ്കാനയിൽ പെയ്തിറങ്ങിയത് ‘മത്സ്യമഴ’ അമ്പരന്ന് കാഴ്ചക്കാർ..


തെലങ്കാനയിൽ മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് മത്സ്യങ്ങളും ഞണ്ടുകളും തവളകളും ഉൾപ്പെടുന്ന ജലജീവികൾ. തെലങ്കാനയിലെ ജഗ്ത്യാൽ നഗരത്തിലാണ് സംഭവം . കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് വിചിത്രമഴ നഗരത്തിൽ പെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ ചിലർ മൊബൈലിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തതോടെ ജനശ്രദ്ധനേടി. 

വലിയ മത്സ്യങ്ങൾ റോഡിൽ കിടന്നു പിടയ്ക്കുന്നതും അവയെ ആളുകൾ പാത്രത്തിലാക്കാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. വാട്ടർ സ്പൗട്ട് അഥവാ അന്തരീക്ഷച്ചുഴിയാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ വിശദീകരണം. പ്രദേശത്ത് കനത്ത മഴയും ശക്തമായ കാറ്റും വീശിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപും മത്സ്യമഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കടലിൽ നിന്നു വെള്ളം ഉയർന്നുപൊങ്ങുന്ന പ്രതിഭാസമാണ് വാട്ടർ സ്പൗട്ട് അഥവാ അന്തരീക്ഷച്ചുഴി. ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ടുമൂടി കറുത്ത മേഘങ്ങൾക്കിടയിൽനിന്നു മിന്നൽ രൂപത്തിൽ ഫൗണ്ടൻ പോലെ തോന്നിക്കുന്ന മേഘപാളി കടലിലേക്ക് ഊർന്നിറങ്ങും. ഇതോടെ കടൽ ഇളകിമറിഞ്ഞു ചുഴി രൂപപ്പെടും. കടലിന്റെ വിവിധ ഭാഗങ്ങളിൽ കടൽവെള്ളം ഫണൽ രൂപത്തിൽ ഏറെ ഉയരത്തിൽ ഉയർന്നു പൊങ്ങും.

 മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിനു കാരണമാകുന്നത്. കടലിലെയും കായലിലെയും വെള്ളത്തെ അന്തരീക്ഷത്തിലേക്കു വലിച്ചെടുക്കുവാനുള്ള കഴിവ് ഇതിനുണ്ട്. ഇതോടൊപ്പം ആ ഭാഗത്തുള്ള ജലജീവികളെയും വലിച്ചെടുക്കും. ആനയുടെ തുമ്പിക്കൈ രൂപത്തിലാണു മേഘപാളി പ്രത്യക്ഷപ്പെടുന്നത്. ഈ മേഘപാളി കാറ്റിനൊപ്പം ഏറെദൂരം സഞ്ചരിച്ച ശേഷം മഴയ്ക്കൊപ്പം പെയ്തിറങ്ങുന്നതാണ് മത്സ്യമഴയ്ക്ക് പിന്നിലെന്നാണ് വിദഗ്ധരുടെ നിഗമനം

കഴിഞ്ഞ മാസം തെലങ്കാനയിലെ ഭൂപൽപള്ളിയിലും മഹാദേവ്പുരിലെ വനാന്തരങ്ങളിലും മത്സ്യമഴ പെയ്തിരുന്നു. മത്സ്യമഴ പെയ്യുന്നത് സാധാരണമാണെന്നും അതിൽ ഭയപ്പെടാനൊന്നുമില്ലെന്നും കാലാവസ്ഥാ ഗവേഷകർ വിശദീകരിച്ചു. മത്സ്യങ്ങളും ജലജീവികളും മാത്രമാണ് ഈ മഴയ്ക്കൊപ്പം പെയ്തിറങ്ങുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലും മത്സ്യമഴ പെയ്തിരുന്നു. 

ആകാശത്തു നിന്ന് മഴയ്ക്കൊപ്പം മത്സ്യങ്ങൾ പെയ്തിറങ്ങുന്നത് കണ്ട് അന്ന് ഗ്രാമവാസികൾ അമ്പരന്നു. ചൗരി, ഭദോഹി പ്രദേശങ്ങളിലാണ് കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം മത്സ്യങ്ങൾ പൊഴിഞ്ഞത്. 50 കിലോയിലധികം മത്സ്യമാണ് അന്ന് പ്രദേശത്ത് പൊഴിഞ്ഞുവീണത്. നിരവധിയാളുകൾ താഴെവീണുകിടന്ന മത്സ്യങ്ങൾ പെറുക്കിയയെടുത്തിരുന്നു. വീടിന്റെ ടെറസ്സിലും പാടത്തുമൊക്കെയായി നിരവധി മത്സ്യങ്ങളാണ് അന്ന് പ്രദേശവാസികൾക്ക് ലഭിച്ചത്.

No comments