Featured Posts

Breaking News

പിണറായി സാരിയുടുത്താല്‍ എന്തു സംഭവിക്കും...


ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെക്കുറിച്ച ഡോ: എം. കെ. മുനീറിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണല്ലോ. വിദ്യാര്‍ത്ഥികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനെതിരെയുള്ള എതിര്‍പ്പയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ പലരും വളച്ചൊടിക്കുന്നത്. ആറാം നൂറ്റാണ്ടിലെ മാനസികാവസ്ഥ വെച്ചുകൊണ്ടുള്ളതാണ് ഇത്തരം പരാമര്‍ശങ്ങള്‍ എന്ന് പ്രാസ്താവിക്കുന്നതോടെ മതത്തെ പ്രതിക്കൂട്ടിലാക്കാമെന്ന് കരുതുന്നവരുമുണ്ട്. വിഷയത്തിന്റെ കാതല്‍ കാണാതെയുള്ളതാണ് ഇത്തരം പ്രതികരണങ്ങള്‍. ജെന്‍ഡര്‍ന്യൂട്രല്‍ യൂണിഫോമിനോട് ഉയരുന്ന എതിര്‍പ്പ് ഏതെങ്കിലും ഒരു വസ്ത്രത്തോടുള്ള എതിര്‍പ്പല്ല; പെണ്ണ് പാന്റുടുക്കുന്നതും പുരുഷന്‍ പാവാടയിടുന്നതും ഉള്‍ക്കൊള്ളാന്‍ സമൂഹത്തില്‍ ചിലര്‍ക്ക് കഴിയാത്തതാണ് ആണ്‍- പെണ്‍ ഭേദമില്ലാത്ത യൂണിഫോം അടിച്ചേല്‍പ്പിക്കുന്നതിനോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് എന്ന വിലയിരുത്തല്‍ വിഷയത്തിന്റെ മര്‍മ്മം കാണാതെയുള്ളതാണ്.

ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യത്തെ ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല; അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഒരാളുടെ ഇഷ്ടം തീരുമാനിക്കുന്നത് അയാളുടെ ധാര്‍മ്മികതയോ സംസ്‌കാരമോ മതമോ സ്വാതന്ത്ര്യമോ കാഴ്ചപ്പാടുകളോ എന്തുമാകാം; അയാളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാതിരിക്കുകയെന്നതാണ് ജനാധിപത്യം. വസ്ത്രസ്വാതന്ത്ര്യത്തില്‍ ഇടപെടുകയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം എന്നതാണ് അത് എതിര്‍ക്കപ്പെടുന്നതിന്റെ ഒന്നാമത്തെ കാരണം.

ബാലുശ്ശേരി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം നടപ്പാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നിര്‍വ്വഹിച്ച അതേ ദിവസം, 2021 ഡിസംബര്‍ 15 വൈകുന്നേരം 4: 25 ന് ട്വിറ്ററില്‍ ഉന്നതവിദ്യാഭ്യസ- സാമൂഹ്യനീതി വകുപ്പുകളുടെ മന്ത്രിയായ ഡോ: ആര്‍ ബിന്ദുവിന്റെ വരികള്‍ ആണ്‍- പെണ്‍ ഭേദമില്ലാത്ത യൂണിഫോം അടിച്ചേല്‍പ്പിക്കുന്നതെന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നുണ്ട്. ആ ഉത്തരത്തോടാണ്, അല്ലാതെ ഏതെങ്കിലും വസ്ത്രങ്ങളോടല്ല, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ വിമര്‍ശിക്കുന്നവരുടെ എതിര്‍പ്പ്. മന്ത്രിയുടെ ട്വീറ്റിനെ ഇങ്ങനെ പരിഭാഷപ്പെടുത്താം: ”സമത്വവും സംവേദനക്ഷമതയും കൊണ്ട് നിര്‍വ്വചിക്കപ്പെട്ട ഒരു പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങള്‍. ഇത് നേടുന്നതിന്, ആദ്യമായി സമൂഹത്തിന്റെ എതിര്‍ വര്‍ഗ ലൈംഗിക സ്വാഭാവികതാ പൊതുബോധത്തിന്റെ പ്രതീക്ഷകളുടെ ഭാരത്താല്‍ തടസ്സപ്പെടാത്ത ഒരു സ്വതന്ത്ര അന്തരീക്ഷത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവേശന മാര്‍ഗം തുറന്നു കൊടുക്കണം.’

സ്ത്രീ-പുരുഷസമത്വമുണ്ടാക്കുകയല്ല, എതിര്‍വര്‍ഗ ലൈംഗികതയാണ് സ്വാഭാവികമെന്നും അതല്ലാത്ത ലൈംഗികതകളെല്ലാം അസ്വാഭാവികവുമാണെന്ന നമ്മുടെ ഹെറ്റെറോനോര്‍മേറ്റിവ് പൊതുബോധത്തെ തകര്‍ക്കുകയുമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കുന്നതിന്റെ ലക്ഷ്യമെന്നര്‍ത്ഥം. ഈ തകര്‍ക്കല്‍ അപകടകരമാണ് എന്ന് കരുതുന്നവരാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ വിമര്‍ശിക്കുന്നത്. ആണ്‍-പെണ്‍ വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ കുഞ്ഞുങ്ങളെ വളര്‍ത്തിയാല്‍ എതിര്‍വര്‍ഗ ലൈംഗികതയാണ് സ്വാഭാവികമെന്നും അതല്ലാത്ത ലൈംഗികതകളെല്ലാം അസ്വാഭാവികവുമാണെന്ന നമ്മുടെ പൊതുബോധത്തെ തകര്‍ക്കുവാന്‍ കഴിയുമെന്ന് കരുതുന്നവരാണ് ഈ യൂണിഫോം അടിച്ചേല്‍പ്പിക്കലിന് പിന്നിലുള്ളതെന്ന് മന്ത്രിയുടെ ട്വീറ്റില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. എല്‍. ജി. ബി. ടി ആക്ടിവിസം എന്ന് വിളിക്കപ്പെടുന്നതും അന്താരാഷ്ട്ര തലത്തില്‍ ലോബിബിയിങ്ങ് നടത്തി നിലനില്‍ക്കുന്നതുമായ ഈ ആശയധാരയുള്‍ക്കൊള്ളുന്ന ബുദ്ധിജീവികളുടെ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു ആശയമാണിത്. യാതൊരു വിധ ശാസ്ത്രീയമായ പഠനങ്ങളും നടക്കാത്ത- നടത്താന്‍ സമ്മതിക്കാത്ത ആശയം.

എതിര്‍വര്‍ഗ ലൈംഗികതയാണ് സ്വാഭാവികമെന്ന പൊതുധാരണയെ തകര്‍ക്കണം എന്ന ലക്ഷ്യമുണ്ട്; ആ ലക്ഷ്യത്തിലേക്ക് ലോകത്തെ കൊണ്ടുപോകണം എന്ന ആശയവുമുണ്ട്; അതിന്ന് ആണ്‍-പെണ്‍ വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വസ്ത്രം അടിച്ചേല്‍പ്പിക്കണമെന്ന ചിന്തയുമുണ്ട്. ഈ ലക്ഷ്യമോ ആശയമോ ചിന്തയോ ശാസ്ത്രീയമാണോ? അവയാണ് ശരിയെന്ന് വല്ല പഠനങ്ങളും തെളിയിച്ചിട്ടുണ്ടോ? വസ്തുനിഷ്ഠമായ വല്ല സ്ഥിതിവിവരക്കണക്കുകളും അവയെ സ്ഥാപിക്കുന്നുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. പക്ഷെ അങ്ങനെ ഉത്തരം പറയാന്‍ പോലും സമ്മതിക്കാത്ത, പറഞ്ഞാല്‍ ട്രാന്‍സ്ഫോബിക് എന്നും ഹോമോഫോബിക് എന്നും മുദ്ര കുത്തി നിയമനടപടികള്‍ക്ക് വിധയമാക്കാന്‍ വരെ ധൃഷ്ടമാകും വിധം ശക്തമാണ് ഇന്ന് എല്‍ജിബിറ്റി ആക്ടിവിസം. പ്രസ്തുത ആക്ടിവിസത്തിന് വിനീതവിധേയരായി അധാര്‍മ്മികതകളുടെ കൂത്തരങ്ങാക്കാന്‍ കേരളത്തെ ഒരുക്കിക്കൊടുക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നിര്‍ബന്ധിക്കുന്ന നടപടിയെന്ന് മനസ്സിലാക്കുന്നത് കൊണ്ടാണ് അതിന്നെതിരെ ശബ്ദിക്കുന്നത്. സ്വാതന്ത്രലൈംഗികതയുടെ ദ്രംഷ്ടങ്ങങ്ങളാല്‍ ലോകരാഷ്ട്രങ്ങളെ ഞെരിച്ചുകൊണ്ടിരിക്കുന്ന എല്‍ജിബിറ്റി പൊളിറ്റിക്‌സ് കേരളത്തിന്റെ ധാര്‍മ്മികതയെയും തകര്‍ക്കുമെന്ന് അത് സംഹാരമാടിക്കൊണ്ടിരിക്കുന്ന നാടുകളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും മനസ്സിലാകുന്നുവെന്നതിന്നതിനാലുള്ളതാണ് ഈ എതിര്‍പ്പ്.

എല്‍ജിബിറ്റി പൊളിറ്റിക്‌സിന്റെ ആത്യന്തികമായ ലക്ഷ്യം ആര്‍ക്കും ഇപ്പോഴും ലിംഗമാറ്റം നടത്താവുന്ന, ആര്‍ക്കും ഏതുരൂപത്തിലുമുള്ള ലൈംഗികത ആസ്വദിക്കാന്‍ കഴിയുന്ന ഒരു സമൂഹനിര്‍മ്മിതിയാണ്. ഹെറ്ററോ നോര്‍മേറ്റിവിറ്റിയെ തകര്‍ക്കുകയെന്നാല്‍ അത്തരമൊരു സമൂഹനിര്‍മ്മിതി നടത്തുകയെന്നാണര്‍ത്ഥം. എതിര്‍വര്‍ഗ്ഗപ്രണയവും സ്വവര്‍ഗ്ഗരതിയും ഉഭയവര്‍ഗാനുരാഗവും ശിശുകാമവും ശവഭോഗവും മൃഗസുരതവും അഗമ്യഗമനവുമെല്ലാം സ്വാഭാവിക ലൈംഗികപ്രവര്‍ത്തനങ്ങളായി അംഗീകരിക്കപ്പെടുന്ന, അവയോട് താല്പര്യമുള്ളവര്‍ക്ക് അവയെല്ലാം അനുഭവിക്കുവാന്‍ യാതൊരുവിധ സങ്കോചവും തോന്നേണ്ടതില്ലാത്ത ഒരു സാമൂഹ്യാന്തരീക്ഷത്തിന്റെ സൃഷ്ടിയാണ് ലക്ഷ്യം. അതിലേക്ക് മസ്തിഷ്‌കപ്രക്ഷാളനം നടത്തുന്നതിന്റെ ഒന്നാം ഘട്ടമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്നാണ് ഹെറ്ററോ നോര്‍മേറ്റിവിറ്റിയെ തകര്‍ക്കുകയാണ് അതിന്റെ ലക്ഷ്യമെന്ന് പറഞ്ഞാല്‍ അതിന്നര്‍ത്ഥം.

ആണിനേയും പെണ്ണിനേയും തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലുള്ള വസ്ത്രം അടിച്ചേല്‍പ്പിക്കുന്നത് വഴി സ്വന്തം ലിംഗത്വത്തെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്ത അടുത്ത തലമുറ ഉണ്ടാവുകയാണ് ചെയ്യുകയെന്നതാണ് വാസ്തവം. ഇക്കാര്യം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പരീക്ഷിച്ച നാടുകളിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അത്തരമൊരു സാമൂഹ്യനിര്‍മ്മിതി തന്നെയാണ് ഹെറ്റെറോനോര്‍മേറ്റിവ് പരികല്പനകള്‍ തകര്‍ക്കപ്പെട്ടാല്‍ സംഭവിക്കാന്‍ പോകുന്നത്. എല്ലാ തരം ലൈംഗികവൈകൃതങ്ങളെയും സ്വാഭാവികമായി അംഗീകരിക്കപ്പെടുന്ന ക്വിയര്‍ നോര്‍വേറ്റിവ് സമൂഹമുണ്ടാകണമെങ്കില്‍ ജെന്‍ഡര്‍ നോണ്‍ കണ്‍ഫോമിംഗ് ആയ വ്യക്തികള്‍ വളര്‍ന്നു വരണം. തങ്ങള്‍ ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ബാല്യമുണ്ടാവണം. ഓരോരുത്തരും സ്വന്തം ലിംഗത്വമെന്താണെന്ന് തീരുമാനിക്കേണ്ടത് കൗമാരത്തിലെത്തിയ ശേഷം മാത്രമാകണം. അതിനായാണ് എല്‍ജിബിറ്റി ആക്ടിവിസം ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ പ്രൊമോട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ധാര്‍മ്മികബോധമുള്ളവര്‍ അതിനെ എതിര്‍ക്കുന്നത്.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ അനുകൂലിക്കുന്നവര്‍ ആണ്‍-പെണ്‍ സമത്വത്തിലേക്കുള്ള ചുവടുവെപ്പായാണ് അതിനെ അവതരിപ്പിക്കാറുള്ളത്. എല്‍ജിബിടി ആക്ടിവിസത്തെയോ അവരുടെ പ്രവര്‍ത്തനപദ്ധതികളെയോ കുറിച്ച് യാതൊന്നുമറിയാത്ത അവരില്‍ ചിലര്‍ മനസ്സിലാക്കുന്നത് ഇതൊരു സമത്വപ്രശ്‌നമായും ലിംഗനീതിയ്ക്ക് വേണ്ടിയുള്ള കാല്‍വെപ്പായുമെല്ലാമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വഴി കുറേക്കൂടി ഊഷ്മളമായ സൗഹൃദമുണ്ടാക്കാനും ആണും പെണ്ണും തുല്യരാണെന്ന ബോധമുണ്ടാക്കുവാനും കഴിയുമെന്നാണ് വാദിക്കപ്പെടുന്നത്. വസ്ത്രധാരണത്തിലെ ഐകരൂപ്യം വഴി സൗഹൃദം ഊഷ്മളമാകുമെന്നും തുല്യതാബോധമുണ്ടാകുമെന്നും പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? അത്തരത്തിലുള്ള വല്ല പഠനവും നടന്നിട്ടുണ്ടോ? അങ്ങനെയൊന്നും നടന്നതായി ഈ വാദമുന്നയിക്കുന്നവര്‍ തന്നെ ഉദ്ധരിക്കുന്നതായി കണ്ടിട്ടില്ല.

വസ്ത്രം ഓരോരുത്തരുടെയും സ്വത്വത്തെ പ്രതിനിധീകരിക്കുന്നതാണ്. സ്വത്വം ഇല്ലാതാക്കിക്കൊണ്ടുള്ള സൗഹൃദത്തിന് യാന്ത്രികതയാണുണ്ടാവുകയെന്നതാണ് സത്യം. സ്വത്വം മറച്ചുവെച്ചുകൊണ്ടുള്ള, സ്വാഭാവികമല്ലാത്ത സൗഹൃദം വഴിയുണ്ടാകുന്ന ബന്ധങ്ങള്‍ക്ക്, അത് കേവലമായ സ്‌നേഹബന്ധമാണെങ്കിലും പ്രണയമാണെങ്കിലും, സ്ഥായീഭാവമുണ്ടാവുകയില്ല. തികച്ചും യാന്ത്രികമായ കൊടുക്കല്‍ വാങ്ങലുകള്‍ മാത്രമേ അതിലൂടെയുണ്ടാവൂ. വസ്ത്രം ഒരേപോലെയായാല്‍ ആണും പെണ്ണും തുല്യരാണെന്ന ബോധമുണ്ടാകുമെന്നതിന് തെളിവുകളൊന്നുമില്ല. അത് വഴി തുല്യതാബോധമുണ്ടാകുമെന്ന് വാദിക്കുന്നവര്‍ അങ്ങനെ വാദിക്കുന്നതിന്റെ ശാസ്ത്രീയമായ അടിസ്ഥാനമെന്താണ് എന്ന് വ്യക്തമാക്കേണ്ടേതുണ്ട്. ഒരു അടിസ്ഥാനവുമില്ലാത്തതിനാലാണ് അങ്ങനെയൊന്നും ഉദ്ധരിക്കപ്പെടാത്തത്. ശാസ്ത്രീയമായ ഒരു പഠനവും ആ വാദത്തെ സ്ഥാപിക്കുന്നില്ല; സ്ഥിതിവിവരക്കണക്കുകളൊന്നും അതിനെ സ്ഥിരീകരിക്കുന്നുമില്ല. കേവലമായ ഊഹത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള പരികല്പനയാണത്. അത്തരം പരികല്പനകളുടെ പരീക്ഷണത്തിന് വേണ്ടി ഭാവിപൗരന്മാരുടെ ജീവിതം കൊണ്ട് കളിക്കുന്നത് ന്യായീകരിക്കാനാവില്ല. അവിടെയാണ് ചോദ്യം ഉയരുന്നത് പിണറായി സാരിയുടുത്താല്‍ എന്തു സംഭവിക്കും..?

-----

English Shorts: About Gender Neutral Uniform: Dr. M. K. Munir's comments are controversial. Many people are mistaking his remarks for opposition to students' freedom of dress. There are those who believe that religion can be implicated by stating that such references are based on the mentality of the 6th century.

No comments