Featured Posts

Breaking News

ഇർഷാദിന്‍റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി


കോഴിക്കോട്: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദിന്‍റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി. മരിച്ച നിലയിൽ ക‍ണ്ടെത്തിയ മേപ്പയൂർ സ്വദേശി ദീപക്കിന്‍റേതെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹമാണ് ഇർഷാദിന്‍റേതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഇപ്പോൾ കൈമാറിയിരിക്കുന്നത്.

മേപ്പയൂർ കൂനം വള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപക്കിനെ ജൂൺ ആറിനാണ് കാണാതായത്. ജൂലൈ 17ന് തിക്കോടി കടപ്പുറത്ത് കണ്ട മൃതദേഹം ദീപക്കിന്‍റേതാണെന്ന് കരുതി സംസ്കരിക്കുകയും ചെയ്തു. എന്നാൽ ഈ മൃതദേഹം പന്തിരിക്കരയിൽ നിന്ന് സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്‍റേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.

ഇർഷാദിന്‍റെ കൈവശം കൊടുത്തയച്ച സ്വർണം കൈമാറാതിരുന്നതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത്. ഇർഷാദിനെ കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇർഷാദിന്റെത് ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. തട്ടി​ക്കൊണ്ടുപോയവർ വീട്ടുകാർക്ക് അയച്ചുകൊടുത്ത ഫോട്ടോയിൽ ഇർഷാദി​ന്റെ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു.

ഇർഷാദിന്റെ കുടുംബത്തെ മുഖ്യപ്രതി സ്വാലിഹ് ഭീഷണപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. വീടിന് മുന്നിൽ ഇർഷാദിന്റെ മൃതദേഹം കൊണ്ടിടുമെന്നായിരുന്നു ഭീഷണി. ഇർഷാദിനെ തട്ടിക്കൊണ്ടു പോയ ശേഷമാണ് സ്വാലിഹ് ഭീഷണി സന്ദേശമയച്ചത്. സ്വാലിഹ് വിദേശത്തേക്ക് പോയത് ഇർഷാദിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണെന്നാണ് പൊലീസ് നിഗമനം.

No comments