ആറ് ആഴ്ചയോളം കുടിവെള്ളം നല്‍കി; ആ നന്ദിപോലും കാണിക്കാതെ കൊന്ന് കിണറ്റിലിട്ടു..
തിരുവനന്തപുരം∙ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ വഴിവച്ചത് വീട്ടുകാര്‍ അനുവദിച്ചിരുന്ന സ്വാതന്ത്ര്യവും. കൊല്ലപ്പെട്ട കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ മനോരമ (68) യുടെ വീടിന് സമീപത്ത് കെട്ടിടനിര്‍മാണ തൊഴിലാളിയായി എത്തിയാളാണ് പ്രതി ബംഗാൾ സ്വദേശി ആദം അലി (21). ആദം ഉള്‍പ്പെടെ ആറ് പേരായിരുന്നു തൊഴിലാളികളായി ഉണ്ടായിരുന്നത്.
മനോരമയും ഭര്‍ത്താവ് ദിനരാജുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ആറാഴ്ചയായി ഇവരുടെ വീട്ടില്‍ നിന്നാണ് തൊഴിലാളികള്‍ വെള്ളം എടുത്തിരുന്നത്. കുടിവെള്ളം ഉള്‍പ്പെടെ എന്താവശ്യത്തിനും കിണറ്റില്‍ നിന്ന് വെള്ളം കോരിയെടുക്കാന്‍ അനുവാദം നല്‍കിയിരുന്നു. മനോരമയുടെ വീടിന്റെ ഗേറ്റ് കടന്ന് വരാന്‍ അതുവഴി പ്രതിയായ ആദമിനും സുഹൃത്തുക്കള്‍ക്കും സ്വാതന്ത്ര്യമായി. ഈ സ്വാതന്ത്ര്യം മുതലെടുത്താവും കൊല നടത്തിയതെന്നു പൊലീസ് കരുതുന്നു.
പണി നടക്കുന്ന കെട്ടിടത്തില്‍നിന്ന് നോക്കിയാല്‍ മനോരമയുടെ വീടിന്റെ മുറ്റവും ഹാളുമെല്ലാം കാണാം. ഞായറാഴ്ച രാവിലെ 9 മണിയോടെ ദിനരാജ് ഒരു ചടങ്ങില്‍ പങ്കെടുക്കാനായി വര്‍ക്കലയിലേക്ക് പോയി. ഇതു ആദം പണി നടക്കുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടു. ഞായറാഴ്ചയായതിനാല്‍ പണിയും ഉണ്ടായിരുന്നില്ല. ഇതിനുശേഷം ഒരു മണിയോടെ ആദം മനോരമയുടെ വീട്ടിലെത്തി. ഒന്നേകാലോടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം.
മനോരമ ധരിച്ചിരുന്ന 6 പവന്റെ സ്വർണമാല, കമ്മലുകൾ, വളകൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. അടുക്കളയിൽ വച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ തള്ളുകയായിരുന്നു. ശേഷം െകാൽക്കത്തയിലേക്ക് കടക്കാൻ ശ്രമിക്കവെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.