നോളേജ് സിറ്റി ഉദ്ഘാടനത്തിനു സജ്ജമായി..സാദാത്തീങ്ങള്‍ പ്രാര്‍ത്ഥന നടത്തി..
മർകസ് നോളജ് സിറ്റിയിലെ മുഹറം 9ന് നടന്ന സാദാത്ത് സംഗമം
ഏറെ ധന്യമായിരുന്നു. കേരളത്തിലെ ഇരുപത്തഞ്ച് ഖബീലകളിൽ (സയ്യിദ് കുടുംബങ്ങൾ) നിന്നായി ആയിരത്തോളം സാദാത്തുക്കൾ മർകസ് നോളജ് സിറ്റിയിൽ ഒരുമിച്ച് കൂടി. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സയ്യിദന്മാർക്ക് പരസ്പരം കാണാനും, സന്തോഷം പങ്കുവെക്കാനും, പ്രാർത്ഥനകൾ നിർവഹിക്കാനുമുള്ള അവസരമാണ് ഉണ്ടായത്.
മർകസ് നോളജ് സിറ്റിക്ക് സയ്യിദന്മാരുമായുള്ള ബന്ധം സുപ്രധാനമാണ്. 2012 ൽ അന്നത്തെ കേരളത്തിലെ മുന്നൂറ്റിപ്പതിമൂന്ന് സയ്യിദന്മാർ ചേർന്നാണ് മർകസ് നോളജ് സിറ്റിയുടെ കുറ്റിയടി കർമ്മം നിർവഹിച്ചത്. ഇന്നേക്ക് വർഷം പത്ത് കഴിഞ്ഞു. മർകസ് നോളജ് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തികൾ അതിന്റെ പൂർണ്ണതയിലേക്ക് എത്തിയിരിക്കുകയാണ്.
നിരവധി കെട്ടിടങ്ങൾക്കകത്ത് ഒട്ടനേകം പദ്ധതികളാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. പത്ത് വർഷങ്ങൾക്കു ശേഷം സയ്യിദന്മാർ മർകസ് നോളജ് സിറ്റിയിലേക്ക് കടന്ന് വരുമ്പോൾ ഇവിടെ കൂടുതൽ സമ്പന്നമായിട്ടുണ്ട്. അതിന്റെ സന്തോഷം എല്ലാവർക്കും ഉണ്ട്. ഇന്ന് നടന്ന സാദാത്ത് സംഗമം അതിന്റെ ഒരു പ്രതിഫലനം കൂടി ആയിരുന്നു.
പ്രധാനമായും പശ്ചിമേഷ്യയിലെ ഹളർമൗതിൽ നിന്നും, മധ്യേഷ്യയിലെ ബുഖാറയിൽ നിന്നും വിവിധ നാടുകളിലൂടെ കേരളത്തിലെത്തിയ തിരുപ്രവാചകർ (സ) യുടെ കുടുംബ പരമ്പരയാണ് കേരളീയ സാദാത്തുക്കൾ. ഇന്ത്യൻ മഹാസമുദ്രം വഴി കടലിലൂടെയും, ഉത്തരേന്ത്യ വഴി കരയിലൂടെയും കേരളത്തിലെത്തിയ സാദാത്തുക്കൾ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ താമസമാക്കുകയും, മലയാളത്തിന്റെ സ്വച്ഛന്ദമായ സാംസ്കാരിക ഭൂമികയിലേക്ക് ഇഴകിച്ചേരുകയും ചെയ്തു. തിരുപ്രവാചകർ (സ) യുടെ സന്താനപരമ്പര അറേബ്യയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകിപ്പരന്നപ്പോഴും, തിരുപ്രവാചകർ (സ) ലോകത്തിന് സമർപ്പിച്ച അറിവിന്റെയും, സമാധാനത്തിന്റെയും തുടർച്ച കൂടി ചെന്നെത്തിയ നാടുകളിൽ സാദാത്തുക്കൾ എത്തിച്ചിരുന്നു.
ചിലയിടങ്ങളിൽ അവർ വലിയ വൈജ്ഞാനിക കേന്ദ്രങ്ങൾ ഉണ്ടാക്കുകയും സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. കേരളത്തിലെ സയ്യിദ് കുടുംബങ്ങളും ജൈവികമായി തങ്ങൾക്ക് ലഭിച്ച തുടർച്ചകളെ കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്. ബഹുസ്വരമായ ഇവിടുത്തെ സാമൂഹിക പരിസ്ഥിതിയിൽ സൗഹാർദ്ദത്തിന്റെ പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്താനും, സമാധാനത്തിന്റെ പുത്തൻ കൈവഴികൾ തുറന്നിടാനും, ധിഷണതയുടെ നവീനമായ രൂപങ്ങൾ കൊണ്ടുവരാനുമുള്ള ശ്രമങ്ങളിൽ കേരളത്തിലെ സാദാത്ത് കുടുംബങ്ങൾ മുൻപന്തിയിലായിരുന്നു. പവിത്രമായ ഒരു രക്തബന്ധത്തോടുള്ള ആത്മീയമായ സ്നേഹത്തോടൊപ്പം തന്നെ, വിഭിന്നമായ സാമൂഹിക-സാംസ്കാരിക-ധൈഷണിക സംവിധാനങ്ങളിൽ വലിയ സംഭാവനകൾ അർപ്പിച്ച പാരമ്പര്യത്തോടുള്ള ഒരു ചേർച്ചയും, കേരള സമൂഹത്തിനു സാദാത്തുക്കളുമായി ഉണ്ട്. ഇത് രണ്ടും ഒരുമിച്ച് ചേരുന്നത് കൊണ്ടും കൂടിയാണ് മർകസ് നോളജ് സിറ്റി എന്ന അഭിമാനകരമായ പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ സാദാത്തുക്കൾ ഇവിടെ വരുന്നത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം മർക്സിനു കീഴിൽ സാദാത്ത് സംഗമങ്ങൾ നടന്നിട്ടുണ്ട്.
ഇത്തവണ പങ്കെടുത്ത അംഗങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഉള്ളത് കൊണ്ടും, പുതിയ പരിപാടികൾ അതിനോട് അനുബന്ധിച്ച് ഉള്ളത് കൊണ്ടും ഈ വർഷത്തെ സാദാത്ത് സംഗമം കൂടുതൽ വ്യത്യസ്തവുമായിരുന്നു.
മർകസ് നോളജ് സിറ്റിയുടെ ഉദ്‌ഘാടനം ഒക്ടോബർ അവസാന വാരം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾ മർകസ് നോളജ് സിറ്റിയുടെ ഔദ്യോഗിക ചാനൽ വഴി ലഭിക്കുന്നതാണ്.
എല്ലാ വാർത്തകളും അതിന്റെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നു മാത്രം മനസ്സിലാക്കാൻ ശ്രമിക്കുന്നത് ഈ കാലത്തെ ഏറ്റവും ഉദാത്തമായ സോഷ്യൽ മീഡിയ സംസ്‌കാരമാണ്. നാമെല്ലാവരും ഈ സംസ്കാരത്തിന്റെ ഭാഗമാവുമ്പോൾ നാട്ടിൽ സ്നേഹവും സമാധാനവും പുരോഗതിയും ഉണ്ടാകും. സോഷ്യൽ മീഡിയ കെണിവലകളിൽ പെടാതിരിക്കാൻ ഈ ജാഗ്രത നമ്മെ എപ്പോഴും സഹായിക്കും.
മർകസിന് കീഴിൽ 313 സയ്യിദ് കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്ന ‘ഇസ്കാൻ’ പദ്ധതിയുടെ ആദ്യ ഘട്ടമായ 20 വീടുകളുടെ സമർപ്പണവും ചടങ്ങിൽ നടന്നു. സയ്യിദ് കുടുംബങ്ങളിൽ നിന്ന് മികച്ച അംഗീകാരങ്ങൾ നേടിയരെ പരിപാടിയിൽ ആദരിച്ചു. മർകസ് നോളജ് സിറ്റിയിലെ വലൻസിയ ഗലേറിയ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നിർവഹിച്ചു. സയ്യിദ് ഖുറാ തങ്ങൾ പ്രാർഥന നിർവഹിച്ചു. സയ്യിദ് ത്വാഹ സഖാഫ്, സയ്യിദ് മുഹമ്മദ് തുറാബ്, ഡോ.അബ്ദുൽ ഹക്കീം അസ്ഹരി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ പാണക്കാട് സംബന്ധിച്ചു.
English Shorts: Sadat meeting held on 9th of Muharram at Markus Knowledge City It was very blessed. About a thousand Sadats from twenty-five Qabilas (Syed families) of Kerala gathered together at Markus Knowledge City. Syeds from different parts had an opportunity to meet each other, share happiness and offer prayers.