Featured Posts

Breaking News

നായ കുറുകെ ചാടി; നിയന്ത്രണംവിട്ട് ഗുഡ്സ് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

രാമനാട്ടുകര: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ റിക്ഷ മറിഞ്ഞു യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കുപറ്റി. ഐക്കരപ്പടി കൈതക്കുണ്ടയില്‍ ശ്രീനിലയത്തില്‍ മുരളിയുടെയും ഗീതയുടെയും മകന്‍ സൗരവ് (21) ആണ് മരിച്ചത്.

ഓട്ടോ ഓടിച്ചിരുന്ന കാരാട് പറമ്പ് കൊളക്കാട്ടില്‍ പുറായില്‍ താമസിക്കുന്ന രാഹുല്‍ ശങ്കറിനെ (24) പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫാറൂക്ക് കോളേജ് - വാഴക്കാട് റോഡില്‍ കാരാട് പറമ്പ് സ്ഥാനാര്‍ഥി പടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5.15- ഓടെ ആണ് അപകടം ഉണ്ടായത്. നൈറ്റ് ഇവന്റ്സ് എന്ന ഡെക്കറേഷന്‍ സ്ഥാപനത്തിലെ ജോലിക്കാരായ ഇരുവരും കോഴിക്കോട് പാലാഴിയില്‍ ഡെക്കറേഷന്‍ വര്‍ക്ക് കഴിഞ്ഞ് കാരാട് പറമ്പിലേക്ക് മടങ്ങിപ്പോകമ്പോളായിരുന്നു അപകടം.

സ്ഥാനാര്‍ഥി പടിക്കു സമീപത്തുവെച്ച് നായ ഓട്ടോക്ക് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ നിയന്ത്രണംവിട്ട് റോഡരികിലെ ഗേറ്റിന്റെ തൂണില്‍ ഇടിച്ച് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൗരവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സഹോദരന്‍ മിഥുന്‍ ലാല്‍. വാഴക്കാട് എസ്. ഐ. കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കി.

No comments