Featured Posts

Breaking News

അവസാനം ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍! ഇതോടെ ട്വിറ്ററിന്റെ ആധികാരികത ഇല്ലാതാകുമോ?


ഏകദേശം 16 വര്‍ഷത്തോളമായി ട്വിറ്റര്‍ എന്ന സമൂഹമാധ്യമം തുടങ്ങിയിട്ട്. ഇത്രയും കാലത്തിനിടയില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശത്തില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ പോലും അവ തിരുത്താന്‍ അനുവദിച്ചിട്ടില്ല. പ്രശസ്തരുടെയും മറ്റും അക്കൗണ്ടുകളില്‍ അറിയാതെ വരുന്ന അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും എന്തുകൊണ്ട് എഡിറ്റു ചെയ്യാന്‍ അനുവദിച്ചു കൂടാ എന്നൊരു ചോദ്യം ന്യായമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റു പറയാനുമാകില്ല. പക്ഷേ, ഒരിക്കല്‍ പോസ്റ്റു ചെയ്ത ട്വീറ്റുകള്‍ എഡിറ്റു ചെയ്യാന്‍ അനുവദിക്കില്ല എന്ന നിര്‍ബന്ധബുദ്ധിയുമായി നടക്കുകയായിരുന്നു ട്വിറ്റര്‍ ഇത്രയും കാലം. എന്നാലിപ്പോള്‍, എല്ലാവര്‍ക്കും നല്‍കില്ലെങ്കിലും ട്വിറ്ററിലേക്ക് എഡിറ്റ് ബട്ടണ്‍ എത്താന്‍ പോകുകയാണ്. ഈ മാസം അവസാനം 'ട്വിറ്റര്‍ ബ്ലൂ' ഉപയോക്താക്കള്‍ക്കായിരിക്കും എഡിറ്റ് ബട്ടണ്‍ നല്‍കുക.

എന്തുകൊണ്ടാണ് ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാന്‍ അനുവദിക്കാതിരുന്നത്?

ട്വിറ്ററിന് ഒരുതരം ആധികാരികതയുണ്ട്. സർക്കാറുകളും പ്രശസ്ത വ്യക്തികളും അടക്കം നടത്തുന്ന ട്വീറ്റുകള്‍ എഡിറ്റു ചെയ്യാന്‍ അനുവദിച്ചു കഴിഞ്ഞാല്‍ അതില്‍ എന്തും എഴുതിവയ്ക്കാമെന്ന സ്ഥിതി വരും. ഒരു സർക്കാർ അല്ലെങ്കില്‍ ആരെങ്കിലും നടത്തുന്ന പ്രഖ്യാപനം വിവാദമായി കഴിഞ്ഞാല്‍ അത് വേഗം എഡിറ്റു ചെയ്ത് മാറ്റാം. അതിന് അനുവദിക്കാതിരുന്നതാണ് ട്വിറ്ററിനെ വേറിട്ടൊരു ആപ്പായി നിലനിര്‍ത്തിയിരുന്നത്. സമൂഹ മാധ്യമങ്ങള്‍ താരതമ്യം ചെയ്താല്‍ ട്വിറ്റര്‍ യൂസര്‍മാര്‍ മറ്റൊരു നിലവാരത്തിലുള്ളവരാണ് എന്നും പറയാം. അതെന്തായാലും ട്വിറ്റര്‍ ഇപ്പോള്‍ 15 വര്‍ഷത്തിലേറെയായി ട്വിറ്റര്‍ യൂസര്‍മാര്‍ ഏറ്റവും അധികം അഭ്യര്‍ഥിച്ചുവന്ന എഡിറ്റ് ഫീച്ചര്‍ നല്‍കാന്‍ ഒരുങ്ങുകയാണ്.

എല്ലാ ട്വിറ്റര്‍ യൂസര്‍മാര്‍ക്കും ലഭിക്കില്ല

'എഡിറ്റ് ട്വീറ്റ്' (Edit Tweet) എന്ന ബട്ടണാണ് താമസിയാതെ ലഭിക്കുമെന്നു പറയുന്നത്. ഇതാകട്ടെ എല്ലാ ട്വിറ്റര്‍ യൂസര്‍മാര്‍ക്കും ലഭിക്കുകയുമില്ല. 'ട്വിറ്റര്‍ ബ്ലൂ' ഉപയോക്താക്കള്‍ക്കു മാത്രമാണ് ഇപ്പോഴിതു നല്‍കുന്നത്. ഇത് സബ്‌സ്‌ക്രിപ്ഷന്‍ ഫീ നല്‍കേണ്ട സേവനമാണ്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും മറ്റു മേഖലകളിലുള്ളവര്‍ക്കും ഇത് ആന്‍ഡ്രോയിഡിലും ഐഒഎസിലുമുള്ള ആപ്പുകള്‍ വഴി സബ്‌സ്‌ക്രൈബ് ചെയ്യാമെന്ന് ട്വിറ്റര്‍ പറയുന്നു. (പക്ഷേ, ഇത് ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമല്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.)

ട്വിറ്റര്‍ ബ്ലൂ യൂസര്‍മാര്‍ക്ക് ഇപ്പോള്‍ത്തന്നെ അത്ര ഗുണമില്ലാത്ത ഒരു ഫീച്ചര്‍ നല്‍കുന്നുണ്ട്. അതിനെ 'അണ്‍ഡൂ' എന്നാണ് വിളിക്കുന്നത്. അണ്‍ഡൂ ബട്ടണ് ഒപ്പമായിരിക്കും പണമടച്ച് ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ നല്‍കുക.

അപ്പോള്‍ പബ്ലിഷ് ചെയ്ത ട്വീറ്റ് എഡിറ്റ് ചെയ്ത് മാറ്റാമോ? പരിമിതികള്‍ ഉണ്ടോ? എന്തൊക്കെയാണ് നിയമങ്ങള്‍?

ഉവ്വ്. പബ്ലിഷ് ചെയ്ത ട്വീറ്റ് സദാ എഡിറ്റു ചെയ്തു കളിക്കാനുള്ള അനുമതി ലഭിക്കില്ല. ട്വീറ്റ് പോസ്റ്റ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്തിരിക്കണം. ഈ സമയത്തിനുള്ളില്‍ എഡിറ്റ് ചെയ്യുന്നില്ലെങ്കില്‍ പിന്നെ ട്വീറ്റ് ഡിലീറ്റു ചെയ്യാനുള്ള അനുമതിയായിരിക്കും ഉണ്ടായിരിക്കുക.

എഡിറ്റ് ചെയ്ത ട്വീറ്റ് തിരിച്ചറിയാം

ഒരു ട്വിറ്റര്‍ യൂസറെ ഫോളോ ചെയ്യുന്നവര്‍ക്ക് ട്വീറ്റ് എഡിറ്റു ചെയ്തുവെന്ന് മനസിലാക്കാനും സാധിക്കും. എഡിറ്റു ചെയ്ത ട്വീറ്റുകള്‍ക്കൊപ്പം ഒരു ചിഹ്നം ഉണ്ടായിരിക്കും. എഡിറ്റു ചെയ്തു എന്നറിയിക്കാനായി ഇതില്‍ സമയവും ലേബലും പതിച്ചിരിക്കും. ഒരാളുടെ ട്വിറ്റര്‍ ഫോളോവേഴ്സ് ട്വീറ്റിലെ എഡിറ്റ് ചെയ്ത സമയം അറിയിക്കുന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ എങ്ങനെയെല്ലാമാണ് എഡിറ്റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാകുകയും ചെയ്യും. എഡിറ്റ് ചെയ്തതിന്റെ ചരിത്രം മുഴുവന്‍ ലഭിക്കും.

സത്യസന്ധത നിലനിര്‍ത്തുന്നുവെന്ന് ട്വിറ്റര്‍

എഡിറ്റ് ചെയ്ത ചരിത്രം മുഴുവന്‍ നല്‍കുക വഴി ട്വീറ്റുകളിലെ ആധികാരികതയും സത്യസന്ധതയും നിലനിര്‍ത്താനാകുന്നു എന്ന് ട്വിറ്റര്‍ പറയുന്നു. എന്താണ് ആദ്യം പറഞ്ഞത് എന്നത് പരിശോധിക്കുകയും ചെയ്യാമെന്നും കമ്പനി പറയുന്നു.

ഫീച്ചര്‍ സാധാരണ ട്വിറ്റര്‍ യൂസര്‍മാര്‍ക്ക് ലഭിക്കുമോ?

തുടക്കത്തില്‍ എഡിറ്റ് ബട്ടൺ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായിരിക്കും ലഭിക്കുക എന്നാണ് കരുതുന്നത്. അതേസമയം, ട്വിറ്റര്‍ ബ്ലൂ ലഭ്യമല്ലാത്ത രാജ്യങ്ങളില്‍ ഇത് നല്‍കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. ചിലപ്പോള്‍ ഈ ഫീച്ചര്‍ എല്ലാ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കും താമസിയാതെ ലഭിച്ചാല്‍ അദ്ഭുതപ്പെടേണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ട്വിറ്ററിന്റെ ഇന്ത്യന്‍ എതിരാളി കൂ 40 ജോലിക്കാരെ പിരിച്ചുവിട്ടു?

അമേരിക്കന്‍ കമ്പനിയായ ട്വിറ്ററിന് ബദലായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയായ കൂ (Koo) 40 ലേറെ ജോലിക്കാരെ പിരിച്ചുവിട്ടിരിക്കാമെന്ന് ഇന്‍ക്42.കോം (സ്റ്റാര്‍ട്ട്-അപ് കമ്പനികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പോര്‍ട്ടല്‍) റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം തങ്ങള്‍ വളര്‍ച്ചയുടെ പാതയിലാണെന്ന് കൂവിന്റെ വക്താവ് പ്രതികരിച്ചുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

No comments