ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായേക്കും
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മലയാളി താരം സഞ്ജു വി. സാംസണ്‍ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായേക്കുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എ ടീമിനെ നയിച്ചത് സഞ്ജുവായിരുന്നു. പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു. ട്വന്റി 20 ലോകകപ്പ് മുന്നില്‍ കണ്ട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചേക്കും. ശിഖര്‍ ധവാനായിരിക്കും ടീം ക്യാപ്റ്റന്‍. അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായി സഞ്ജു വരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിഎസ് ലക്ഷ്മണ്‍ ടീമിനൊപ്പം ചേരും. നേരത്തെ അയര്‍ലന്‍ഡ്, സിംബാബ്‌വെ പര്യടനങ്ങളില്‍ ലക്ഷ്മണ്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഒക്ടോബര്‍ ആറ്, ഒമ്പത്, 11 തീയതികളിലായി ലഖ്‌നൗ, റാഞ്ചി, ഡല്‍ഹി എന്നിവിടങ്ങളിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര.
നിലവില്‍ ഇന്ത്യയ്ക്കായി ഏഴ് ഏകദിനങ്ങളും 16 ട്വന്റി 20 മത്സരങ്ങളും സഞ്ജു കളിച്ചിട്ടുണ്ട്.