ഹര്‍ത്താലില്‍ പരക്കെ ആക്രമണം: പെട്രോള്‍ ബോംബേറ്, പോലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി
തിരുവനന്തപുരം: നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറുകളില്‍തന്നെ സംസ്ഥാനത്ത് വ്യാപക ആക്രമണം. പലയിടത്തും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്തവര്‍ക്കു നേരെയും പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ആക്രമണം നടത്തിയ ഏതാനും ഹര്‍ത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂരില്‍ ഹര്‍ത്താലനുകൂലികള്‍ ബൈക്ക് യാത്രക്കാരന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു.
കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലി പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഹര്‍ത്താലനുകൂലികള്‍ യാത്രക്കാരെ അസഭ്യം പറഞ്ഞത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമം. പോലീസിന്റെ ബൈക്കിലല്‍ ഹര്‍ത്താല്‍ അനുകൂലി ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. ആക്രമണം നടത്തിയ ആളെ പോലീസ് തിരിച്ചറിഞ്ഞു.
കരുനാഗപ്പള്ളിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയില്‍ തുറന്നുപ്രവര്‍ത്തിച്ച കട ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു. 15 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി പള്ളുരുത്തിയില്‍ വഴി തടഞ്ഞ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ടയില്‍ പ്രതിഷേധക്കാരെ പോലീസ് വിരട്ടിയോടിച്ചു. വാഹനം തടഞ്ഞ 5 പേരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ വാഹനത്തിന് നേരെ കല്ലെറിഞ്ഞ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. താമരശ്ശേരിയില്‍ ചരക്ക് ലോറിക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരിലേക്ക് പോകുന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്, ലോറിയുടെ ഗ്ലാസ് കല്ലേറില്‍ തകര്‍ന്നു. കണ്ണൂരില്‍ രണ്ട് ലോറികളുടെ താക്കോല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ എടുത്തുകൊണ്ടുപോയത് ഗതാഗത തടസത്തിന് ഇടയാക്കി.
കണ്ണൂര്‍ വളപട്ടണത്ത് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിനുനേരെ കല്ലേറുണ്ടായി. പത്തനംതിട്ട സ്വദേശിനി അനഘ, മാവിലായി സ്വദേശിനി പ്രസന്ന എന്നീ യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോട്ടയത്തുനിന്ന് കൊല്ലൂരിലേക്ക് പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപവും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.