Featured Posts

Breaking News

വിജയത്തോടെ മടങ്ങാന്‍ ക്രൊയേഷ്യയും മൊറോക്കോയും; ലൂസേഴ്സ് ഫൈനല്‍ പോരാട്ടം


ദോഹ: ഫൈനലിലേക്കുള്ള വഴിയടഞ്ഞവര്‍ക്ക് വിജയത്തോടെ മടങ്ങാനുള്ള അവസരം. അതാണ് ലോകകപ്പ് ഫുട്ബോളിന്റെ ലൂസേഴ്സ് ഫൈനല്‍. ഖത്തറില്‍ ക്രൊയേഷ്യയും മൊറോക്കോയുമാണ് ശനിയാഴ്ച രാത്രി 8.30-ന് നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ പൊരുതാനിറങ്ങുന്നത്. ക്രൊയേഷ്യന്‍ ഫുട്ബോളിലെ പകരംവെക്കാനില്ലാത്ത താരം ലൂക്കാ മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് മത്സരമെന്ന പ്രത്യേകതകൂടി മത്സരത്തിനുണ്ട്. കഴിഞ്ഞ ലോകകപ്പിലെ മികച്ച താരം കൂടിയായിരുന്നു മോഡ്രിച്ച്. നായകന് അര്‍ഹമായ വിടവാങ്ങല്‍ ഉറപ്പിക്കാനാകും ക്രൊയേഷ്യയുടെ ശ്രമം. ലോകകപ്പിലെ മിന്നുന്ന പ്രകടനം സെമിയില്‍ അവസാനിച്ചെങ്കിലും ജയത്തോടെ വിടവാങ്ങാന്‍ മൊറോക്കോയും ആഗ്രഹിക്കുന്നുണ്ടാകും.

മൊറോക്കോ സെമിയില്‍ ഫ്രാന്‍സിനെ വിറപ്പിച്ചശേഷമാണ് കീഴടങ്ങിയത്. ക്രൊയേഷ്യ അര്‍ജന്റീനയോട് കീഴടങ്ങിയതും മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഒരുമിച്ചായിരുന്നു. പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. പരിക്കേറ്റ നായകന്‍ റൊമെയ്ന്‍ സെയ്സ്, പ്രതിരോധനിരതാരം നയേഫ് അഗ്വാര്‍ഡ് എന്നിവരുടെ സേവനം മൊറോക്കോയ്ക്ക് ലഭിക്കില്ല. മധ്യനിരയില്‍ സോഫിയാന്‍ അംറബാത്തിന്റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമാകും. ക്രൊയേഷ്യ മധ്യനിരതാരം മാഴ്സലോ ബ്രോസോവിച്ച്, പ്രതിരോധനിരക്കാരന്‍ ജോസപ് ഗ്വാര്‍ഡിയോള്‍ എന്നിവര്‍ പരിക്കുകാരണം കളിക്കാനിടയില്ല.

No comments