നിക്കാഹ് കഴിഞ്ഞ് മടങ്ങിയത് ഒരാഴ്ച മുൻപ്: ലഡാക്കിൽ മരിച്ച സൈനികന്റെ വേർപാട് താങ്ങാനാവാതെ ജന്മനാട്
അരീക്കോട് (മലപ്പുറം): നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുമ്പ് സൈനികസേവനത്തിനായി ലഡാക്കിലേക്ക് പോയ നുഫൈലിന്റെ വിയോഗവാർത്തയിൽ നടുങ്ങി ജന്മനാട്. കുനിയിൽ കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകൻ കെ.ടി. നുഫൈലാണ് (26) ലഡാക്കിലെ സൈനിക ആശുപത്രിയിൽ മരിച്ചത്.
ജനുവരി രണ്ടിന് കുളങ്ങര സ്വദേശിനി മിൻഹ ഫാത്തിമയുമായി നിക്കാഹ് കഴിഞ്ഞ ശേഷം ജനുവരി 22നാണ് ലഡാക്കിലേക്ക് പോയത്. വ്യാഴാഴ്ച രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് അഞ്ചോടെയായിരുന്നു മരണം. ശ്വാസതടസ്സം ഉണ്ടായതിനെതുടർന്ന് ആശുപത്രിയിൽ പോകുകയാണെന്ന് ഭാര്യയെ വിളിച്ച് അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു നുഫൈൽ. എട്ടുവർഷമായി ആർമി പോസ്റ്റൽ സർവിസിൽ ശിപായിയായി ജോലി ചെയ്യുകയായിരുന്നു. അസം, മേഘാലയ എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം ഒന്നരവർഷം മുമ്പാണ് ലഡാക്കിലെത്തിയത്. ഹയർസെക്കൻഡറി വരെ കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസിലായിരുന്നു പഠനം.
മൃതദേഹം രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദർശനത്തിന് വെച്ച ശേഷം കുനിയിൽ ഇരിപ്പാക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: ആമിന. സഹോദരങ്ങൾ: ഫൗസിയ, ശിഹാബുദ്ദീൻ, മുഹമ്മദ് ഗഫൂർ, സലീന, ജസ്ന.