Breaking News

രാജസ്ഥാനിലും മധ്യപ്രദേശിലുമായി ഒരേ സമയം മൂന്നു വ്യോമസേനാവിമാനങ്ങള്‍ തകര്‍ന്നു


ന്യൂഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലുമായി മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു വ്യോമസേനാ വിമാനങ്ങള്‍ തകര്‍ന്നു വീണു. രാജസ്ഥാനിലെ ഭരത്പുരിൽ ഒരു വിമാനവും മധ്യപ്രദേശിലെ മൊറേനയ്ക്കു സമീപം രണ്ടു യുദ്ധവിമാനങ്ങളുമാണ് തകര്‍ന്നു വീണത്. മധ്യപ്രദേശിലെ അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. മറ്റു രണ്ടു പൈലറ്റുമാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഭീല്‍വാഡയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി രാജസ്ഥാനിലെത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം. ഭരത്പുരിലേക്ക് പോലീസ് തിരിച്ചതായി ജില്ലാ കളക്ടര്‍ അലോക് രഞ്ജന്‍ പറഞ്ഞു.

സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് മധ്യപ്രദേശില്‍ തകര്‍ന്നത്. ഗ്വാളിയർ എയര്‍ബേസിൽനിന്നു പുറപ്പെട്ട വിമാനങ്ങളാണ് എന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രാജസ്ഥാനില്‍ തകര്‍ന്നത് യുദ്ധ വിമാനമാണോയെന്നും പൈലറ്റ് വിമാനത്തിനുള്ളിലുണ്ടോയെന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് രാജസ്ഥാന്‍ ഡി.എസ്.പി. വ്യക്തമാക്കി

മൊറേനയിൽ നിന്ന് നൂറു കിലോമീറ്റർ അകലെ രാജസ്ഥാനിലെ ഭരത്പുരിൽ വീണത് ഈ വിമാനങ്ങളുടെ അവശിഷ്ടങ്ങളെന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കാനായി പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു. ഭരത്പുരിൽ ഒരു ചാർട്ടർ വിമാനം തകർന്നുവീണുവെന്നായിരുന്നു ഭരത്പുർ എസ്പി അറിയിച്ചിരുന്നത്.

വിമാനങ്ങളിലെ സുഖോയ്–30 വിമാനത്തിലെ രണ്ടു പൈലറ്റുമാർ സുരക്ഷിതരാണ്. മിറാഷ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഇജക്ട് ചെയ്തെങ്കിലും മരിച്ചുവെന്നാണ് റിപ്പോർട്ട്. രക്ഷപ്പെട്ട പൈലറ്റുമാർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം സ്ഥിരീകരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതായി അറിയിച്ചു. സിഡിഎസ് (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ജനറൽ അനിൽ ചൗഹാൻ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി എന്നിവരുമായി അദ്ദേഹം സംസാരിച്ചു. സംഭവത്തില്‍ ‍വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

No comments