Featured Posts

Breaking News

രാഹുൽ എന്ന മനുഷ്യൻ; ഒപ്പം നടന്നപ്പോൾ മനസ്സിലായ വേഗരഹസ്യം: പിഷാരടി


കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൂർത്തിയാകുകയാണ്. തിങ്കളാഴ്ച ഷെർ–ഇ–കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. ഇന്ത്യയുടനീളം നടന്നു നീങ്ങിയ രാഹുൽഗാന്ധി എന്ന നേതാവിനെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി. കേരളത്തിൽ എങ്ങനെ 18 ദിവസം തള്ളി നീക്കുമെന്ന് കരുതിയെങ്കിലും ലഭിച്ച വരവേൽപ്പ് അദ്ഭുതപ്പെടുത്തിയെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ഓപ്പണിങ് സിക്സറടിച്ച പ്രതീതിയെന്നും സിപിഎമ്മിനെ നടുക്കിയെന്നും അദ്ദേഹം പറഞ്ഞു.

യാത്ര കേരളത്തിലെത്തിയപ്പോൾ കോൺഗ്രസ് നേതാക്കൾക്കു പുറമെ സിനിമാ മേഖലയിൽ നിന്നും അദ്ദേഹത്തോടൊപ്പം പങ്കുചേർന്ന വ്യക്തിയാണ് നടൻ രമേഷ് പിഷാരടി. ആ ദിവസത്തെക്കുറിച്ച് പിഷാരടിയും ഓർക്കുകയാണ്.

രാഹുൽഗാന്ധി എറണാകുളത്തെത്തിയ സമയത്ത് അന്ന് ചില തിരക്കുകൾ കാരണം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എറണാകുളത്ത് ഹോട്ടലിൽവച്ച് രാഹുൽ നേതാക്കളെയൊക്കെ കണ്ടിരുന്നു. എന്നാൽ ഹോട്ടലിൽവച്ച് കാണുന്നതിനേക്കാള്‍ അദ്ദേഹത്തോടൊപ്പം നടക്കാനായിരുന്നു ആഗ്രഹിച്ചത്. മലപ്പുറത്തെ യാത്രയിൽ രാഹുലിനൊപ്പം പങ്കുചേർന്നു. രാവിലെ ഏകദേശം രണ്ട് മൂന്ന് മണിക്കൂറോളം യാത്രയിലുണ്ടായി. ഇതിനിടയിൽ രാഹുലിനോട് പല കാര്യങ്ങൾ സംസാരിച്ചു. എന്റെ കുടുംബത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ചോദിച്ചു. അച്ഛൻ എയർഫോഴ്സിലുണ്ടായിരുന്നതിനെക്കുറിച്ചും, കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ചും ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ എന്നോട് സംസാരിച്ചു. നടക്കുന്നതിനിടെ ഇരുവശങ്ങളിലും ആളുകൾ അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു സംസാരം.

അതിവേഗത്തിൽ നടക്കുന്ന രാഹുലിനൊപ്പം ഞാനും നല്ല വേഗത്തിൽ നടന്നു. താങ്കൾ കുറേ നേരമായി നടക്കുന്നു. ഇപ്പോഴും സാമാന്യം നല്ല വേഗതയിൽ നടക്കുന്നുണ്ടല്ലോ’യെന്ന് ഞാൻ രാഹുലിനോട് ചോദിച്ചു. അപ്പോൾ രാഹുൽ തിരിച്ചു ചോദിച്ചു, നിങ്ങൾ വ്യായാമം ചെയ്യാറുണ്ടോയെന്ന്. ഉണ്ടെന്നും നടക്കാറുണ്ടെന്നും മറുപടി പറഞ്ഞപ്പോൾ രാഹുൽ തന്റെ വേഗത്തിന്റെ രഹസ്യം പറഞ്ഞു. അദ്ദേഹം ഈ നടത്തമെല്ലാം കഴിഞ്ഞ് വൈകീട്ട് വ്യായാമം കൂടി കഴിഞ്ഞാണ് കിടക്കുന്നതെന്ന്. കേട്ടപ്പോൾ അങ്ങേയറ്റം അത്ഭുതം തോന്നി. പിന്നീട് വ്യായാമത്തെക്കുറിച്ചും, ആരോഗ്യത്തെക്കുറിച്ചും, കലാപരമായ കാര്യങ്ങളും രാഷ്ട്രീയവും സംസാരിച്ചു. സംസാരിക്കുമ്പോൾ ഒരു ദേശീയ നേതാവ് എന്നതിനപ്പുറം ജനുവിൻ ആയിട്ടുള്ള ഒരു മനുഷ്യൻ എന്ന് നമുക്ക് കൂടുതൽ വ്യക്തമാകും.

ആ സമയത്ത് ബേക്കറി യാത്ര, തീറ്റ യാത്ര എന്നൊക്കെ പറഞ്ഞ് ആളുകൾ ചുമ്മാ പരിഹസിക്കുകയും ട്രോളിറക്കുകയും ചെയ്തതോർമയുണ്ട്. എന്നാൽ എന്തുകൊണ്ടാണ് യാത്രക്കിടെ ഭക്ഷണമുൾപ്പെടെ ആ രീതിയിൽ ആയതെന്ന് അദ്ദേഹത്തോടൊപ്പം നടന്നപ്പോൾ എനിക്കു മനസിലായി. വലിയ സുരക്ഷയുള്ള ആളായതുകൊണ്ട് ഇത്ര മണിക്ക് ഇന്ന കടയിൽ പോകണം, ആ ഹോട്ടലിൽ കയറും എന്നൊക്കെ പറഞ്ഞാൽ അത് സുരക്ഷയ്ക്ക് വലിയ വിഷയമാകും. നേരത്തേ പോയി സുരക്ഷ നോക്കണം, ആൾ കൂടാതെ നോക്കണം. അതൊഴിവാക്കാനാണ് യാത്രക്കിടെ കാണുന്ന കടയിൽ കയറി ഭക്ഷണം കഴിക്കുന്നത്. 10 മിനിറ്റ് മുൻപായിരിക്കും രാഹുൽ തന്റെ ഹോട്ടലിൽ കഴിക്കാൻ എത്തുന്നതെന്ന് ഹോട്ടലുടമ അറിയുന്നത്. എനിക്കത് വളരെ കൗതുകമായി തോന്നി. അന്നത്തെ യാത്രക്കിടെ ഞങ്ങൾ ഒരുമിച്ച് ഒരു കടയിൽ കയറി ഭക്ഷണം കഴിച്ചു.– പിഷാരടി പറഞ്ഞു.

No comments