Breaking News

വി.ഡി. സതീശന് ഇന്നോവ ക്രിസ്റ്റ അനുവദിച്ച് സര്‍ക്കാര്‍


പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഞ്ചരിക്കാന്‍ പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ വി.ഡി. സതീശന്‍ ഉപയോഗിക്കുന്ന കാര്‍ 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയത് കണക്കിലെടുത്താണ് അദ്ദേഹത്തിന് പുതിയ വാഹനം അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമാണ് ഇത്തവണ വി.ഡി. സതീശനും നല്‍കിയിരുന്നത്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ വി.ഐ.പി. യാത്രകള്‍ക്ക് ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം.

ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയത് അല്ലെങ്കില്‍ മൂന്ന് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വി.ഐ.പി. ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടത്തില്‍ പറയുന്നത്. എന്നാല്‍, മന്ത്രിമാര്‍ക്കും മറ്റും അംബാസിഡര്‍ കാറുകള്‍ ഔദ്യോഗിക വാഹനമായി നല്‍കിയിരുന്ന കാലത്തേതാണ് ഈ വ്യവസ്ഥ.

എന്നാല്‍, ക്രിസ്റ്റ പോലുള്ള പുതുതലമുറ വാഹനങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി ചെയ്യുന്നവയാണ്. അഞ്ചുലക്ഷം കിലോമീറ്റര്‍ പിന്നിട്ട ഇന്നോവകള്‍ തകരാറില്ലാതെ നിരത്തില്‍ ഓടുന്നുമുണ്ട്. എന്നിട്ടും ഈ ചട്ടത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുരക്ഷയും പരിശോധിച്ചശേഷം പിന്‍വലിക്കുന്ന സംവിധാനമാണ് ഉചിതമെന്ന് വിലയിരുത്തലുകളുണ്ട്.

No comments