രാജ്യത്തെക്കുറിച്ച് വെറുപ്പുൽപാദിപ്പിച്ചു കൊണ്ടാകരുത് ഭരണകൂടത്തെ തിരുത്തേണ്ടത് : എസ്.എസ്.എഫ്
കോഴിക്കോട്: ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പുൽപാദിപ്പിച്ചു കൊണ്ടാകരുതെന്ന് എസ്.എസ്.എഫ്. രാജ്യത്തെയും ഭരണകൂടത്തെയും രണ്ടായിത്തന്നെ കാണേണ്ടതുണ്ട്. സർക്കാറിന്‍റെ നയനിലപാടുകളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ലെന്നും കോഴിക്കോട് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഡോ. അബൂബക്കർ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.
ഫാഷിസത്തോടും അതിന്‍റെ ഹിംസയോടുമുള്ള വെറുപ്പിനെ രാഷ്ട്രത്തോടുള്ള വെറുപ്പായി വളർത്തിക്കൊണ്ട് വരാനുള്ള നീക്കങ്ങളോട് ഇസ്ലാമിന് യോജിക്കാനാവില്ല. ഭരണകൂടത്തോട് ശക്തമായ വിമർശങ്ങൾ ഉയർത്തിക്കൊണ്ട് തന്നെ രാഷ്ട്ര മൂല്യങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളണമെന്ന നിശ്ചയദാർഢ്യം രൂപപ്പെടുത്തേണ്ടതുണ്ട്. സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടേണ്ടത് സമാന്തരമായി വെറുപ്പുൽപ്പാദിപ്പിച്ചു കൊണ്ടല്ല. ഭരണകൂടമല്ല രാജ്യം. രാജ്യത്തിന് അനുഗുണമായ നിലപാടുകളെ സർക്കാറിന് അനുകൂലമായ നിലപാടുകളായി വ്യാഖ്യാനിക്കുന്നത് അതിവായനയാണ്.
പൗരാണിക കാലം മുതൽ മതനിരപേക്ഷമായി നിലകൊണ്ട രാജ്യമാണ് നമ്മുടേത്. ആ പാരമ്പര്യം കളങ്കപ്പെട്ടുകൂടാ. മാറിവരുന്ന ഭരണകൂടങ്ങൾക്കൊപ്പം പൗരസമൂഹവും ഇക്കാര്യത്തിൽ ജാഗരൂകരാവണം -പ്രമേയത്തിൽ പറയുന്നു.
എസ്.എസ്.എഫിന് പുതിയ നേതൃത്വം
പ്രസിഡന്റ്: ടി.കെ. ഫിര്‍ദൗസ് സുറൈജി സഖാഫി. ജന സെക്രട്ടറി: കെ മുഹമ്മദ് സി ആര്‍. ഫിനാന്‍സ് സെക്രട്ടറി: സയ്യിദ് അഹ്മദ് മുനീര്‍ അഹ്ദല്‍ അഹ്‌സനി. സെക്രട്ടറിമാര്‍: മുഹമ്മദ് നിയാസ്, സയ്യിദ് ആശിഖ് മുസ്തഫ, ഡോ.അബൂബക്കര്‍, ജാബിര്‍ പി, ശബീര്‍ അലി, പി വി ശുഐബ്, മുഹമ്മദ് ഇല്യാസ് സഖാഫി, സി എം സ്വാബര്‍ സഖാഫി, ഡോ. എം എസ് മുഹമ്മദ്, സ്വാദിഖ് അലി ബുഖാരി, അനസ് അമാനി കാമില്‍ സഖാഫി. സെക്രട്ടേറിയറ്റ് അംഗങ്ങള്‍: മുഹമ്മദ് ത്വാഹ മള്ഹരി, മുഹമ്മദ് സഈദ് ശാമില്‍ ഇര്‍ഫാനി, കെ തജ്മല്‍ ഹുസൈന്‍, സി എന്‍ ജാഫര്‍ സ്വാദിഖ്.
കോഴിക്കോട് സ്വപ്ന നഗരിയിൽ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുൻ സംസ്ഥാന പ്രസിഡൻ്റ് കൈ വൈ നിസാമുദ്ദീൻ ഫാളിലി പുതിയ ഭാരവാഹികൾക്ക് പതാക കൈമാറി.
No comments