Featured Posts

Breaking News

വാഫി വഫിയ്യ 118 അധ്യാപകര്‍ രാജി വെക്കും: ഹകീം ഫൈസി


മലപ്പുറം: സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് പാണക്കാട് സാദിഖലി തങ്ങൾക്ക് കൊടുത്തയച്ചെന്ന് ഹകീം ഫൈസി ആദൃശേരി. സി.ഐ.സിയിൽ അധ്യാപകരടക്കം 118 പേർ രാജിവെക്കുമെന്നും ഹകീം ഫൈസി. സി.ഐ.സി ജനറൽ ബോഡിയാണ് തന്‍റെ രാജി അംഗീകരിക്കേണ്ടത്. സി.ഐ.സി ഒരു കുടുംബമാണ്. അതിലുള്ള ആർക്കും അതൃപ്തിയില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സി.ഐ.സിയെ അനാഥമാക്കി പോവുന്നത് സമൂഹത്തോടുള്ള അനീതിയാണ്. കോവിഡ് സമയത്ത് പ്രവർത്തനങ്ങൾ നിലച്ചുപോയ വാഫി സംവിധാനം ഇപ്പോൾ ലൈവായി കൊണ്ടുവരികയാണ്. സമസ്തയിലെ ഒരു വിഭാഗം അസ്വസ്ഥതകളുണ്ടാക്കുകയാണ്. ഒരു വിഭാഗം തന്‍റെ രാജി ആഗ്രഹിക്കുന്നു. അതേസമയം വലിയൊരു വിഭാഗം തന്‍റെ രാജിയിൽ വേദനിക്കുന്നവരാണ്.

സമസ്തയുടെ ആദർശമാണ് ഞങ്ങൾ സ്വീകരിക്കുന്നത്. അതിൽനിന്ന് പുറത്താക്കാൻ ആർക്കും കഴിയില്ല. ആദർശത്തിൽ ഉറച്ചുനിന്ന് പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുന്നത് സ്വാഭാവികമാണ്. പുതിയ മാറ്റങ്ങളെ വ്യതിയാനമായി ചിലർ കണക്കാക്കുകയാണ്.

നാദാപുരത്ത് നടന്ന സി.ഐ.സി പരിപാടിയിൽനിന്ന് വിട്ടുനിൽക്കണമെന്ന് സാദിഖലി തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹകീം ഫൈസി വ്യക്തമാക്കി. തങ്ങൾ പറഞ്ഞാൽ പിന്നെ താൻ ആ പരിപാടിയിൽ പങ്കെടുക്കില്ല. തങ്ങൾ തനിക്ക് കൈ തന്ന ശേഷമാണ് വേദി വിട്ടത്. ആ പരിപാടിയിൽ മാത്രമല്ല, മറ്റു പല പരിപാടികളിലും തങ്ങളോടൊപ്പം പങ്കെടുത്തിരുന്നു. സാദിഖലി തങ്ങളെ ഒരു വിഭാഗം സമ്മർദത്തിലാക്കുകയാണെന്നും ഹകീം ഫൈസി പറഞ്ഞു.

സി.ഐ.സിയിൽ അധ്യാപകരടക്കം 118 പേർ രാജിവെക്കുമെന്നും ഹകീം ഫൈസി അറിയിച്ചു. എന്നാൽ ഈ സംവിധാനത്തെ അനാഥമാക്കി പോകില്ല. പകരം സംവിധാനം ഉണ്ടാവുന്നത് വരെ സ്ഥാനത്ത് തുടരും. വിദ്യാർഥികളും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. അവർക്കുണ്ടാവുന്ന പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന് ചിന്തിക്കേണ്ടത് പണ്ഡിത സഭയാണ്. സാദിഖലി തങ്ങൾ സി.ഐ.സി ജനറൽ ബോഡി വിളിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നാണ് കരുതുന്നതെന്നും ഹകീം ഫൈസി പറഞ്ഞു.

മുസ് ലിം ലീഗ് സി.ഐ.സി വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നും ഹകീം ഫൈസി വ്യക്തമാക്കി. ലീഗിലെ ചില നേതാക്കൾ സംസാരിച്ചിരുന്നു. അവരിൽതന്നെ വലിയൊരു വിഭാഗം തന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സാദിഖലി തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് രാജിവെക്കുന്നത്. സി.ഐ.സിക്ക് വേണമെങ്കിൽ നിയമപരമായി മുന്നോട്ടുപോകാനാവും. പക്ഷേ അത്തരം രീതി സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമകാലിക വിഷയങ്ങളില്‍ സംഘടനാ നിലപാട് വിശദീകരിക്കുന്നതിനായി മാര്‍ച്ച് ഒന്നിന് കോഴിക്കോട്ട് വിപുലമായ സംഗമം സംഘടിപ്പിക്കുമെന്ന് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍ അറിയിച്ചു. കോഴിക്കോട് സമസ്ത ഓഫിസില്‍ ചേര്‍ന്ന എസ്.വൈ.എസ്എസ്.കെ.എസ്.എസ്.എഫ് സംയുക്ത നേതൃയോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍.

സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി രാജിവച്ചതുകൊണ്ട് എല്ലാം തീരില്ല. അദ്ദേഹത്തെ മാറ്റുന്നത് ആദ്യഘട്ടം മാത്രമാണ്. ഇതിന്റെ തുടര്‍നടപടികളുണ്ടാകും. തെറ്റിദ്ധരിക്കപ്പെട്ട വാഫി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പ്രവര്‍ത്തകരെയും നിജസ്ഥിതി ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ വേണ്ടിയാണ് കോഴിക്കോട്ട് വിപുലമായ കണ്‍വന്‍ഷന്‍ ചേരുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് എസ്.വൈ.എസ് അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാദാപുരത്തെ വാഫി കോളജ് ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ തങ്ങളെ ഹകീം ഫൈസി വഞ്ചിക്കുകയായിരുന്നു. മാന്യത ഉള്ളതുകൊണ്ടാണ് തങ്ങള്‍ അദ്ദേഹത്തെ ഇറക്കിവിടാതിരുന്നതെന്നും അവര്‍ വ്യക്തമാക്കി. സാദിഖലി തങ്ങളുടെ കൈകൊണ്ട് ശിലാസ്ഥാപനം നടത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ സമസ്ത നേതാക്കളെ അറിയിച്ച ശേഷമാണ് തങ്ങള്‍ പരിപാടിക്ക് പോയത്.

അവരുമായി ബന്ധപ്പെട്ട് സമസ്ത പുറത്താക്കിയ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി അതില്‍ ഉണ്ടാകില്ല എന്ന് നൂറുശതമാനം ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്. പക്ഷേ, ചെന്നപ്പോള്‍ ഇദ്ദേഹം അവിടെ വന്നിട്ടുണ്ട്. തന്റെ സംസ്‌കാരമനുസരിച്ച് ഒരാളെ ഇറക്കിവിടുന്നത് ശരിയല്ലല്ലോ എന്നതിനാലാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും തങ്ങള്‍ പറഞ്ഞിട്ടുണ്ട്.

സമസ്തയും പാണക്കാട് തങ്ങന്മാരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. മറിച്ച്, തങ്ങള്‍ സുന്നി യുവജന സംഘത്തിന്റെ തീരുമാനം ലംഘിച്ച് അവിടെ പോയെന്നും വിലക്ക് ലംഘിച്ചുവെന്നുമുള്ള പ്രചാരണം ശരിയല്ല. ഹകീം ഫൈസിയും അദ്ദേഹത്തിന്റെ ചില കൂട്ടുകാരും സമസ്തയ്ക്കും അതിന്റെ സംവിധാനത്തിനും എതിരേ കുറച്ചുകാലമായി ദുഷ്പ്രചാരണങ്ങള്‍ നടത്തിവരുകയാണ്. അഹ്‌ലുസുന്നക്ക് വിരുദ്ധമായ പ്രചാരണം നടത്തിയതിനാണ്‌ ഹകീം ഫൈസിക്കെതിരേ നടപടിയെടുത്തത്.

അല്ലാതെ അദ്ദേഹം പ്രചരിപ്പിക്കുന്നത് പോലെ സ്ത്രീ വിദ്യാഭ്യാസവുമായി മുന്നോട്ടുപോയതുകൊണ്ടല്ല. സമസ്ത എന്നും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനൊപ്പമാണ്. പെണ്‍കുട്ടികള്‍ക്കുള്ള ഫാളില കോഴ്‌സ് നടത്തുന്ന 102 കോളജുകള്‍ സമസ്ത നടത്തുന്നുണ്ട്. ആറര ലക്ഷം പെണ്‍കുട്ടികളാണ് സമസ്തയുടെ കീഴില്‍ മദ്‌റസാ വിദ്യാഭ്യാസം നടത്തുന്നത്.

തന്റെ ഭാഗം കേള്‍ക്കാന്‍ സമസ്ത തയാറായിട്ടില്ലെന്നാണ് ഹകീം ഫൈസി പറയുന്നത്. ഇത് ശരിയല്ല. അദ്ദേഹത്തെ പലതവണ കേട്ടിട്ടുണ്ട്. പല സ്ഥലത്തുവച്ചും ചര്‍ച്ച നടത്തിയിട്ടുണ്ട്. വാഫിവഫിയ്യ സംവിധാനം സമസ്തയുടേതാണ്. സി.ഐ.സി ഭരണ സംവിധാനത്തില്‍ സാദിഖലി തങ്ങളുമായി ചര്‍ച്ചചെയ്ത് ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തും. സിലബസില്‍ മാറ്റം വേണമോയെന്ന് പരിശോധിക്കും.

ഇക്കാര്യത്തില്‍ സമസ്ത മുശാവറയുടേതാണ് അന്തിമ തീരുമാനം. ഹൈദരലി ശിഹാബ് തങ്ങള്‍ ഹകീം ഫൈസിയെ തിരുത്താന്‍ പലതവണ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം അത് അനുസരിക്കാന്‍ കൂട്ടാക്കിയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സി.ഐ.സിയില്‍ സമസ്തക്കുള്ള അധികാരം എടുത്തുകളയുകയാണ് ഹകീം ഫൈസി ചെയ്തത്.

ഉപദേശക സമിതിയില്‍ നിന്ന് സമസ്ത പ്രസിഡന്റിനെ മാറ്റി. സമസ്തയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ല. പഠനത്തിനിടെ വിവാഹം നടന്നാലും പെണ്‍കുട്ടികള്‍ക്ക് പഠനം തുടരാന്‍ അവസരം നല്‍കണമെന്ന ആവശ്യം ചെവിക്കൊണ്ടില്ല. ഹകീം ഫൈസി ഇല്ലാത്ത സി.ഐ.സിയുമായി സഹകരിക്കുന്നതിന് സമസ്തയ്ക്ക് തടസമില്ലെന്നും നേതാക്കള്‍ വിശദീകരിച്ചു.

എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ട്രഷറര്‍ എ.എം പരീത് എറണാകുളം, ഭാരവാഹികളായ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, കാടാമ്പുഴ മൂസഹാജി, കെ.കെ.എസ് തങ്ങള്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, മുസ്തഫ അശ്‌റഫ് കക്കുപ്പടി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, ട്രഷറര്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, വൈസ് പ്രസിഡന്റുമാരായ സത്താര്‍ പന്തല്ലൂര്‍, സി.കെ.കെ മാണിയൂര്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ സംബന്ധിച്ചു

No comments