Featured Posts

Breaking News

ഉന്നത വിദ്യാഭ്യാസം നേടുന്നവരിൽ മുസ്‍ലിം പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾ; സർക്കാർ കണക്ക് പുറത്ത്


ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മുസ്‍ലിം പുരുഷൻമാരേക്കാൾ കൂടുതൽ മുസ്‍ലിം സ്ത്രീകളാണെന്ന് റിപ്പോർട്ടുകൾ. 2020-21ലെ ഗവൺമെന്റിന്റെ ഉന്നത വിദ്യാഭ്യാസ സർവേ പ്രകാരം മുസ്‍ലിം പുരുഷന്മാരേക്കാൾ കൂടുതൽ മുസ്‍ലിം സ്ത്രീകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്നതായി കണ്ടെത്തിയതായി ‘ബിസിനസ് സ്റ്റാൻഡേർഡ്’ റിപ്പോർട്ട് ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്ന 1000 മുസ്‍ലിം വിദ്യാർഥികളിൽ 503 പേരും സ്ത്രീകളാണ്. ബിരുദ, ബിരുദാനന്തര, ഡി​​േപ്ലാമ കോഴ്സുകൾ അടക്കമുള്ള കണക്കാണിത്.

ക്ലാസ് മുറികളിൽ ഹിജാബ് നിരോധിക്കാൻ കർണാടക ബി.ജെ.പി സർക്കാർ തീരുമാനിച്ചതിന്റെ പേരിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സമരം അരങ്ങേറിയതിന് മാസങ്ങൾക്ക് ശേഷമാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. 2020-21ലെ കണക്കു പ്രകാരം മൊത്തം വിദ്യാർഥികളിൽ ഉന്നതവിദ്യാഭ്യാസരംഗത്തുള്ളത് 4.6 ശതമാനം മുസ്‍ലിം വിദ്യാർഥികളാണ്. മുൻവർഷം ഇത് 5.5 ശതമാനം ആയിരുന്നു. സംസ്ഥാനം തിരിച്ചുള്ള കണക്കുകളും പുറത്തുവന്നിട്ടുണ്ട്.

ഉത്തർപ്രദേശിൽ ഉന്നതവിദ്യാഭ്യാസത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള മുസ്‍ലിംകളിൽ 54 ശതമാനം സ്ത്രീകളാണെന്ന് കണ്ടെത്താനാകും. ഉന്നതവിദ്യാഭ്യാസത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ മുസ്‍ലിം സ്ത്രീകളുള്ള ആദ്യ ആറ് സംസ്ഥാനങ്ങളിൽ യു.പിയാണ് ഒന്നാമത്. മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാൻ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ.

No comments