846 ദിവസത്തെ തടവറ; ഒടുവിൽ മോചനം, സിദ്ദിഖ് കാപ്പൻ കേസിന്റെ നാൾവഴികൾ
ലഖ്നോ: 846 ദിവസത്തിന് ശേഷമാണ് മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം ലഭിക്കുന്നത്. 2020ലാണ് യു.എ.പി.എ ചുമത്തി യു.പി പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നിരവധി തവണ സിദ്ദിഖ് കാപ്പൻ ജാമ്യാപേക്ഷ സമർപ്പിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.
ബലാത്സംഗത്തിനിരയായി ദലിത് പെൺകുട്ടി കൊല്ലപ്പെട്ട ഹാഥ്റസിലേക്കുള്ള യാത്രക്കിടെയാണ് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് യു.എ.പി.എ ഉൾപ്പടെ കാപ്പനെതിരെ ചുമത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിദ്ദിഖ് കാപ്പനെതിരെ കേസെടുത്തിരുന്നു.
സിദ്ദിഖ് കാപ്പൻ കേസിന്റെ നാൾവഴി
2020 ഒക്ടോബർ: മലയാളം ന്യൂസ് പോർട്ടലായ അഴിമുഖത്തിന്റെ ലേഖകൻ സിദ്ദിഖ് കാപ്പനെ ദലിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥ്റാസിലേക്കുള്ള യാത്രക്കിടെ യു.പി പൊലീസ് കസ്റ്റഡിയിലെടുക്കുന്നു.കാപ്പനും മറ്റ് മൂന്ന് പേർക്കുമെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കുന്നു
ഒക്ടോബർ 6- കെ.യു.ഡബ്യു.ജെ കാപ്പനുവേണ്ടി ഹേബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്യുന്നു.
ഒക്ടോബർ 12: കേസ് സുപ്രീംകോടതിക്ക് മുമ്പിൽ. ഹൈകോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിക്കുന്നു.
ഒക്ടോബർ 29: സിദ്ദിഖ് കാപ്പൻ ജാമ്യഹരജി നൽകുന്നു. ജാമ്യഹരജിയിൽ യു.പി സർക്കാറിന്റെ അഭിപ്രായം തേടിയ കോടതി ഹരജി നംവബറിലേക്ക് മാറ്റി.
നവംബർ 2020: യു.പി പൊലീസ് കേസിൽ സത്യവാങ്മൂലം സമർപ്പിക്കുന്നു. ഹാഥ്റസിൽ കാപ്പൻ ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നത് തടയാനാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു യു.പി പൊലീസിന്റെ മറുപടി
ഡിസംബർ 2020: ജാമ്യ ഹരജി വീണ്ടും പരിഗണനക്കായി എത്തുമ്പോഴും യു.പി പൊലീസ് എതിർക്കുന്നു
ഫെബ്രുവരി 2021: അമ്മയെ സന്ദർശിക്കുന്നതിനായി സിദ്ദിഖ് കാപ്പന് അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കുന്നു
ഏപ്രിൽ 2021: എട്ട് പേരെ പ്രതിയാക്കി യു.പി പൊലീസ് കുറ്റപത്രം. കേസ് മഥുരയിൽ നിന്നും ലഖ്നോവിലേക്ക് മാറ്റി
ജൂലൈ 2021: മഥുര കോടതി യു.എ.പി.എ കേസിൽ ജാമ്യം നിഷേധിക്കുന്നു
ആഗസ്റ്റ് 2021: അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് ജാമ്യം നിഷേധിക്കുന്നു
സെപ്തംബർ 2022: സുപ്രീംകോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കുന്നു. ഔപചാരികമായ കുറ്റങ്ങൾ കാപ്പനെതിരെ ചുമത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിച്ചുവെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസുള്ളതിനാൽ കാപ്പന് പുറത്തിറങ്ങാൻ സാധിക്കുന്നില്ല
ഡിസംബർ 2022: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിലും സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു
ഫെബ്രുവരി 1: കോടതിയിൽ ജാമ്യവ്യവസ്ഥകൾ സിദ്ദിഖ് കാപ്പൻ പൂർത്തിയാക്കി
ഫെബ്രുവരി 2: സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി