Featured Posts

Breaking News

പെര്‍ഫ്യൂം ബോംബുമായി കശ്മീരിൽ ഭീകരന്‍ പിടിയില്‍; അറസ്റ്റിലായത് അധ്യാപകന്‍

 


ശ്രീനഗർ ∙ ജമ്മു കശ്മീരിലെ നര്‍വാല്‍ ഇരട്ട സ്ഫോടനക്കേസില്‍ സര്‍ക്കാര്‍ സ്കൂൾ അധ്യാപകന്‍ അറസ്റ്റില്‍. ലഷ്കറെ തയിബ ഭീകരനായ ആരിഫ് അഹമ്മദാണ് പിടിയിലായത്. ഇയാളിൽനിന്ന് പെര്‍ഫ്യൂം ബോംബ് കണ്ടെടുത്തതായി ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. ആരിഫ് ജമ്മുവിലെ റിയസി ജില്ലയിൽ നിന്നുള്ളയാളാണെന്നും ഡിജിപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


രാജ്യത്ത് ആദ്യമായാണ് പെര്‍ഫ്യൂം ബോട്ടിലില്‍ നിറച്ച സ്ഫോടക വസ്തു കണ്ടെത്തുന്നത്. പെര്‍ഫ്യൂം പുറത്തേക്കു വരാനുള്ള ഭാഗത്ത് വിരലമര്‍ത്തിയാല്‍ പൊട്ടിത്തെറിക്കുന്ന വിധത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഡ്രോണ്‍ വഴിയാണ് ആരിഫിന് പെര്‍ഫ്യൂം ബോംബ് ലഭിച്ചതെന്നാണ് കരുതുന്നത്.

നിലവിൽ പാക്കിസ്ഥാനിലുള്ള റിയസി സ്വദേശി ക്വാസിം, റിയസി സ്വദേശിയായ ഖമർദിൻ എന്നിവരുടെ നിർദേശാനുസരണം ആണ് ആരിഫ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഖമർദിൻ ആരിഫിന്റെ ബന്ധുവാണ്.

നര്‍വാലില്‍ കഴിഞ്ഞ മാസം 21നുണ്ടായ സ്ഫോടനങ്ങളില്‍ 9 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിനു പുറമേ കഴിഞ്ഞ വര്‍ഷം ജമ്മുവിലെ ശാസ്ത്രിനഗറിലുണ്ടായ സ്ഫോടനത്തിലും വൈഷ്ണോദേവി തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിലുണ്ടായ സ്ഫോടനത്തിലും പങ്കുണ്ടെന്ന് ആരിഫ് സമ്മതിച്ചതായി ഡിജിപി അറിയിച്ചു. സ്ഫോടനം നടന്ന് 11 ദിവസങ്ങൾക്കുശേഷമാണ് ഒരു ഭീകരനെ പിടികൂടുന്നത്.

No comments