ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം വർധിച്ചു : മോദി
ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയ്റോ ഷോ ആയ ‘എയ്റോ ഇന്ത്യ 2023’ ബംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പുതിയ ഇന്ത്യയുടെ കഴിവിന് ബംഗളൂരുവിന്റെ ആകാശം സാക്ഷിയാണെന്ന് മോദി പറഞ്ഞു.
‘നവ ഇന്ത്യയിലെ സത്യം പുതിയ ഉയരങ്ങളാണെന്ന് ബംഗളൂരുവിലെ ആകാശം സാക്ഷ്യം നൽകുന്നു. ഇന്ന് രാജ്യം പുതിയ ഉയരങ്ങൾ കീഴടക്കുന്നു. പലപ്പോഴും അത് മറികടക്കുകയും ചെയ്യുന്നു. ‘എയ്റോ ഇന്ത്യ’ ഇന്ത്യയുടെ കഴിവുകൾ വികസിപ്പിക്കാനാകുമെന്നതിന്റെ ഉദാഹരണമാണ്. ഇവിടെ സന്നിഹിതരായ 100 രാജ്യങ്ങൾ വ്യക്തമാക്കുന്നത്, ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം വർധിച്ചിരിക്കുന്നുവെന്നാണ്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 700ലധികം പ്രദർശകർ ഷോയിൽ പങ്കെടുക്കുന്നുണ്ട്. ഇത് എല്ലാ മുൻകാല റെക്കോർഡുകളും തകർക്കുന്നതാണ്.’ -മോദി പറഞ്ഞു.
മുമ്പ് ഇതൊരു ഷോ മാത്രമായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയുടെ ശക്തി തെളിയിക്കുന്ന പ്രകടനമായാണ് എയ്റോ ഷോ പരിഗണിക്കപ്പെടുന്നത്. ഇത് ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സാധ്യതകളിലൂന്നിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന എയ്റോ ഷോയുടെ 14-ാം പതിപ്പിൽ തദ്ദേശീയ ഉപകരണങ്ങളും വിദേശ കമ്പനിയുടെ സഹകരണത്തോടെ നിർമിച്ച ഉപകരണങ്ങളും പ്രദർശിപ്പിക്കും.