Featured Posts

Breaking News

വീട് വയ്ക്കുന്നതും വിവാഹം കഴിക്കുന്നതും കടമെടുത്താകരുത്; അനുഭവം


നമ്മൾ നമ്മുടേതെന്ന് കരുതി താമസിച്ചു പോരുന്ന പല വീടുകളും ഇന്ന് നമ്മുടേതല്ല. പലതും പല ബാങ്കുകളുടെയും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളുടേതുമാണ്. പലതരം വായ്പകളുടെ തിരിച്ചടവ് വീഴ്ച വരുത്തിയതിന്റെ പേരിൽ ബാങ്കുകൾ ജപ്തി ചെയ്ത് പിടിച്ചെടുത്ത വീടുകൾ കൂട്ടത്തോടെ ലേലത്തിന് വച്ച ഒരു വാർത്ത അടുത്തിടെ കണ്ടിരുന്നു. വല്ലാത്ത വേദനയോടെയാണ് ആ വാർത്ത വായിച്ചുതീർത്തത്.

പലവിധ ആവശ്യങ്ങൾക്കായി കിടപ്പാടം പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും പണം വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ കഴിതെ വരുമ്പോൾ സ്വന്തമെന്ന് കരുതിപ്പോന്നിരുന്ന വീട്ടിൽ നിന്നും തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്ന അവസ്ഥ അതിദയനീയമാണ്.

വീടുവയ്ക്കാനും മറ്റു ഭാരിച്ച സാമ്പത്തിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുമെല്ലാം ലോൺ എന്നത് ഒരു ആശ്രയവും ആശ്വാസവും തന്നെയാണ്. പക്ഷേ, ലോൺ എടുത്ത് വൃത്തിയായി അത് കൈകര്യം ചെയ്യുക എന്നത് എല്ലാവർക്കും പറ്റുന്ന പണിയല്ല. ശരിയാംവിധം തിരിച്ചടയ്ക്കാൻ സാധിച്ചില്ലെങ്കിൽ മുതലും അതിന് പുറമെ പലിശയും പലിശന്മേൽ പലിശയുമായി ലോൺ നമ്മളെ വരിഞ്ഞുമുറുക്കി കൊല്ലും...

എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞാൽ: ലോൺ എന്നത് പരമാവധി അകറ്റി നിർത്തേണ്ട ഒന്നാണ്. സാമ്പത്തിക പ്രയാസം അനുഭവിക്കുമ്പോൾ എടുക്കാനുള്ളതല്ല വായ്പകൾ എന്നാണ് എന്റെ അഭിപ്രായം. സാമ്പത്തികം കൈയിലുള്ളവർക്ക് അതിലേക്ക് ചേർത്ത് കൂടുതൽ സ്വത്ത് സമ്പാദിക്കാനുള്ള വഴിയായിട്ടേ വായ്പകളെ സമീപിക്കാവൂ. ഈ പറഞ്ഞത് ഉൾക്കൊള്ളാൻ അൽപം ബുദ്ധിമുട്ടുണ്ടാകും എന്നറിയാം. ആഴത്തിലൊന്ന് ചിന്തിച്ചാൽ ഞാൻ പറഞ്ഞതിന്റെ കാര്യം മനസ്സിലാക്കാൻ സാധിക്കും!

അബുഹമൂദ്‌ ഷാബിൽ , മനോരമ.

No comments