മനുഷ്യന്‍ 200 വയസു വരെ ജീവിക്കാതിരിക്കുന്നതിനു പിന്നില്‍ ദിനോസറുകൾ!
മനുഷ്യന്‍ 200 വയസുവരെ ജീവിക്കാതിരിക്കുന്നതിന് പിന്നില്‍ ദിനോസറുകളാണെന്നു പറഞ്ഞാല്‍ അധികമാരും വിശ്വസിച്ചെന്നു വരില്ല. എന്നാല്‍ ഇനി അതും പരിഗണിക്കേണ്ടി വരും. കാരണം മനുഷ്യന്‍ അടക്കമുള്ള സസ്തനികളുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതിനു പിന്നില്‍ ദിനോസറുകളാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ബ്രിട്ടനിലെ ബര്‍മിങ്ഹാം സര്‍വകലാശാലയിലെ മൈക്രോബയോളജിസ്റ്റ് ജോ ഡി മഗാല്‍ഹേസിന്റെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഇങ്ങനെയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ ജീവിച്ചു മരിച്ചുപോയ ദിനോസറുകള്‍ക്ക് നമ്മുടെ ആയുസ് അടക്കം തീരുമാനിച്ചതില്‍ കയ്യുണ്ടെന്നാണ് കണ്ടെത്തല്‍. ദിനോസറുകള്‍ ഭൂമിയില്‍ വാണിരുന്ന കാലത്തെ ചെറിയ സസ്തനികള്‍ക്ക് അതിജീവിക്കണമെങ്കില്‍ വേഗത്തില്‍ സന്താന ഉല്‍പാദനം നടത്തണമായിരുന്നു. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട പരിണാമത്തിനിടെ ജീവിവര്‍ഗങ്ങള്‍ക്കിടയിലെ തെരഞ്ഞെടുപ്പിനു പോലും വേഗത്തിലുള്ള പുനരുല്‍പാദനവും കുറഞ്ഞ ആയുസും കാരണമായെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
'പല സസ്തനികളും ദിനോസറുകളുടെ കാലത്ത് ഭക്ഷ്യശൃംഖലയിലെ ഏറ്റവും ഒടുവിലെ കണ്ണിയായിരുന്നു. പിന്നീട് പത്തു കോടി വര്‍ഷങ്ങള്‍ എടുത്ത് സംഭവിച്ച പരിണാമത്തെ തുടര്‍ന്ന് പെട്ടെന്ന് പുനരുല്‍പാദനം നടത്താന്‍ കഴിയുന്നവയ്ക്ക് മുന്‍തൂക്കം ലഭിച്ചു. ആ കാലം മനുഷ്യര്‍ അടക്കമുള്ള സസ്തനികളുടെ ആയുര്‍ദൈര്‍ഘ്യം തീരുമാനിച്ചതിലും നിര്‍ണായകമായി' എന്നാണ് പഠനം പറയുന്നത്.
നമ്മുടെ പൂര്‍വികര്‍ക്ക് ദിനോസറുകളുടെ കാലത്ത് ചില എന്‍സൈമുകള്‍ നഷ്ടമായിരുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുമ്പോള്‍ സംഭവിക്കുന്ന കേടുപാടുകള്‍ സ്വയം പരിഹരിക്കുന്നതിന് സഹായിക്കുന്ന എന്‍സൈമായിരുന്നു ഇത്. സഞ്ചിയുള്ള മൃഗങ്ങള്‍ക്കും മുള്ളന്‍പന്നി വിഭാഗത്തില്‍ പെടുന്നവക്കും ഇതേ കാലത്തു തന്നെ സമാനമായ എന്‍സൈമുകള്‍ നഷ്ടമായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം മനുഷ്യര്‍ ഈ കുറവു പരിഹരിക്കാനാണ് സണ്‍സ്‌ക്രീമുകള്‍ ഉപയോഗിച്ചു തുടങ്ങിയത്.
ആയുസില്‍ കുറവുവരാന്‍ വേറെയും കാരണങ്ങള്‍ സസ്തനികളുടേതായി സംഭവിച്ചിട്ടുണ്ട്. ഉരഗവിഭാഗത്തിലെ മുതലകള്‍ അടക്കമുളള പല ജീവികള്‍ക്കും ജീവിതാവസാനം വരെ പല്ലുകള്‍ വളരും. എന്നാല്‍ മനുഷ്യന്റെ കാര്യം അങ്ങനെയല്ല. ഈയൊരു കാര്യത്തിലുള്ള പ്രകൃതിയുടെ തെരഞ്ഞെടുപ്പും ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംഭവിച്ചത്. സസ്തനികളില്‍ മനുഷ്യനും തിമിംഗലവും അടക്കമുള്ള പല ജീവിവര്‍ഗങ്ങളില്‍ പെട്ട അപൂര്‍വം ചിലര്‍ നൂറുവയസിലേറെ ജീവിക്കാറുണ്ട്.
ഇത്തരത്തിലുള്ളവയെ പ്രത്യേകം പഠനവിഷമായി കണക്കിലെടുത്ത് പഠിക്കാനുള്ള സാധ്യതകളും ഉയരുന്നുണ്ട്. മറവിരോഗം, പക്ഷാഘാതം, അര്‍ബുദം എന്നിങ്ങനെ പൊതുവില്‍ പ്രായമാവുമ്പോള്‍ കണ്ടുവരാറുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളില്‍ ഇത്തരം പഠനങ്ങള്‍ നിര്‍ണായകമാണ്. ബയോഎസ്സേസ് എന്ന ശാസ്ത്ര ജേണലിലാണ് പഠനം പൂര്‍ണ രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.