ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്; പണം നഷ്ടമായി ആയിരങ്ങള്‍; ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാര്‍ഥിനി
പാലക്കാട്: നിയമവിഷയങ്ങളിൽ ഒാൺലൈൻ പാർട്ട് ടൈം ജോലി തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടപ്പെട്ട് ആയിരങ്ങൾ. പണം പോയവരിൽ കൂടുതലും നിയമവിദ്യാർഥികളും അഭിഭാഷകരുമായതിനാൽ മിക്കവരും വിഷയം പുറത്തുപറയാൻ തയാറല്ല. ഗുജറാത്ത് ഹൈക്കോടതിയുടെപേരിൽ ഉണ്ടാക്കിയ വ്യാജ രേഖയും തട്ടിപ്പിന് ഉപയോഗിക്കുന്നതായി പണം പോയവരിൽ ചിലർ പറഞ്ഞു. തട്ടിപ്പിന് ഇരയായ നിയമവിദ്യാർഥികളിൽ ചിലർ നൽകിയ പരാതി പൊലീസ് നാഷണൽ സൈബർസെല്ലിന് കൈമാറിയിട്ടുണ്ട്
പണം പോയതിനുപിന്നാലെ തട്ടിപ്പുസംഘത്തിന്റെ നിരന്തരസമ്മർദവും ഭീഷണിയും കാരണം ബെംഗളൂരുവിലെ ഒരു വിദ്യാർഥിനി കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരം ലഭിച്ചു. ബാർ കൗൺസിൽ അംഗത്തിന്റെ ലീഗൽ റിവ്യൂസ്, ഫ്ലക്സ് വർക് സൊലൂഷൻ, അഭിഭാഷക അസോസിയേറ്റ്സ് എന്നീ പേരുകളിലാണ് ജോലി വാഗ്ദാനവും പണം തട്ടിപ്പും. വേതനം കിട്ടില്ലെന്നു മാത്രമല്ല, മൂന്നിരട്ടി തുക ഭീഷണിപ്പെടുത്തിയും വക്കീൽ നോട്ടീസ് അയച്ചും വാങ്ങുന്നതാണ് ഇവരുടെ രീതി. ഹരിയാന, ഗുജറാത്ത്, ഒഡിഷ, യുപി സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് കൂടുതലും നടക്കുന്നത്. ഇവർക്ക് കർണാടകയും തമിഴ്നാടും കേന്ദ്രീകരിച്ചും ഏജൻസികളുണ്ട്.
അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് മംഗളൂരുവിലാണെങ്കിൽ, ഫോൺവിളിയും നിർദേശങ്ങളും ഭീഷണിയും വരുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. മറ്റു ഒാൺലൈൻ ജോലി തട്ടിപ്പുകളിലെന്ന പോലെ ഗൂഗിൾ, വാട്സാപ്, എസ്എംഎസ് മെസേജ് മുഖേനയാണ് ഇവിടെയും ജോലി വാഗ്ദാനം. കോടതി വിധികൾ, നിയമലേഖനങ്ങളുടെ ചുരുക്കെഴുത്ത്, കേസുകളുടെ വിവരശേഖരണം, ക്രൈംഡേറ്റകൾ പകർത്തൽ തുടങ്ങിയവയാണു ജോലി. മൂന്നുപേജുള്ള കരാറനുസരിച്ചു ആദ്യമാസം 23,000 രൂപയാണു ശമ്പളമെങ്കിലും വിവിധപേരിൽ അതിൽ നിന്ന് 7,500 രൂപ പിടിക്കും. പിന്നീട് 21,000 രൂപയാണ് ശമ്പളം പറയുന്നത്. ഒരോ ആഴ്ചയും അഞ്ചുദിവസത്തിനുളളിൽ ജോലിപൂർത്തിയാക്കണം. പിന്നീട്, ജോലിയിൽ തെറ്റുവന്നതിനാൽ കരാർ അനുസരിച്ച് പിഴ നൽകാൻ ആവശ്യപ്പെട്ടു മെസേജ് വരും. കൊടുത്തില്ലെങ്കിൽ വക്കീൽ നോട്ടീസും പിന്നാലെ നിരന്തരം ഫോണുകളുമെത്തും. പിഴ നൽകാത്തവർക്കെതിരെ കോടതിയെ സമീപിച്ചതായും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ നേരിട്ടു ഹാജരാകാൻ അറിയിപ്പും വരുന്നതോടെ ഭയന്നു മിക്കവരും പണം നൽകും. പിഴയൊടുക്കിയാൽ പിന്നീട് ജോലികരാർ പുതുക്കണം. അതിന് 32,000 രൂപ നൽകണം.
ജോലി തുടരാൻ താൽപര്യമില്ലെങ്കിൽ ഒപ്പിട്ടുനൽകിയ കരാറനുസരിച്ചു 2,75,980 രൂപ നഷ്ടം നൽകണം. വീഴ്ച വരുത്തുന്നവർക്കെതിരെ കേസ് നൽകി തുടർനടപടിക്കായി നാട്ടിലെ പൊലീസ് സ്റ്റേഷനിലേക്ക് വിലാസം അയച്ചുകൊടുത്തതായും ചിലരെ അറിയിക്കുന്നുണ്ട്. വിവരങ്ങൾ പറയാൻ സ്ഥാപനങ്ങളുടെ നിയമോപദേശകൻ എന്ന പേരിലും ചിലർ വിളിക്കും. ചോദിച്ച പണം കൊടുക്കാൻ കഴിയാത്തതിനാൽ ഭീഷണിയും സമ്മർദവും കാരണം ബെംഗളൂരുവിലെ വിദ്യാർഥിനിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. ഇടത്തരം കുടുംബത്തിലെ അംഗമായതിനാൽ പഠനചെലവ് കണ്ടെത്താനാണ് ഇവർ ജോലിയിൽ കയറിയത്. തട്ടിപ്പിന് വിധേയരായവരിൽ പലരും ഈ സാഹചര്യത്തിലുളളവരാണ്. ജൂനിയർ അഭിഭാഷകരും കൂടുതൽ വരുമാനമെന്ന നിലയിലാണ് ഇതിൽ ചേരുന്നത്.
അഡ്വ.അശോക് ദേശായി, ബാർ കൗൺസിൽ അംഗം, ദേശായി അസോസിയേറ്റ്സ്, ജില്ലാ സെഷൻസ് കോടതി, ഗുജറാത്ത് എന്ന പേരിലുളള സ്ഥാപനത്തിലാണ് കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലെ പലരും ജോലിക്കു ചേർന്നത്. കണ്ണൂരിലെ ജൂനിയർ അഭിഭാഷകർക്ക് മംഗലാപുരത്തുനിന്നാണു അപേക്ഷാസന്ദേശം വന്നതെങ്കിലും സംശയം തോന്നി വിളിച്ചപ്പോൾ ബിഹാറിലാണ് ഫോൺ എടുത്തത്. ഇവർക്ക് 5000 രൂപ നഷ്ടപ്പെട്ടു. കരാർ ലംഘനം നടത്തിയതിന് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നുളള ഉത്തരവ് എന്ന വ്യാജേനയുള്ള രേഖ പലർക്കും നൽകുന്നുണ്ട്. ജോലിക്കുചേരാനുള്ള കരാർരേഖ നിയമവിദ്യാർഥികളും അഭിഭാഷകരും വ്യക്തമായി വായിക്കാതെയാണ് ഒപ്പിട്ടു നൽകുന്നതെന്നും സൂചനയുണ്ട്. ഫോട്ടോ, അധാർ, തിരിച്ചറിയൽ കാർഡ്, പാൻകാർഡ് എന്നിവയുടെ കോപ്പികൂടി നൽകുന്നതിനാൽ വ്യാജസ്ഥാപനങ്ങൾ പിന്നീട് അത് ദുരുപയോഗം ചെയ്യുമെന്ന ഭയത്തിലും മിക്കവരും ആവശ്യപ്പെടുന്ന തുക നൽകി രക്ഷപ്പെടാനാണ് ശ്രമിക്കുക. പരാതി നൽകാനും മടിക്കുന്നു.ചിലർ ബാർകൗൺസിൽ ഒാഫ് ഇന്ത്യ, ഗുജറാത്ത് ഹൈക്കോടതി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
തട്ടിപ്പിൽ പണം നഷ്ടപ്പെട്ട പാലക്കാട് ജില്ലയിലെ ഒരു മൂന്നാം വർഷ നിയമ വിദ്യാർഥിനി ഗൂഗിൾ മുഖേനയാണ് അപേക്ഷിച്ചതും കരാർ ഒപ്പിട്ടു നൽകിയത്. വീട്ടുകാരെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ പഠനചെലവിന് പണമുണ്ടാക്കാം എന്നു വിചാരിച്ചാണ് ജോലി നോക്കിയതെന്ന് അവർ പറഞ്ഞു. ഗുജറാത്തിലെ ലീഗൽ കൺസൽട്ടന്റ് അശോക് ദേശായി ഗ്രൂപ്പിലാണ് ചേർന്നത്. അശോക്ദേശായി, ബാർ കൗൺസിൽ അംഗം അഡ്വ.അസോസിയേറ്റ്സ്, ജില്ലാസെഷൻസ് കോടതി, ഗുജറാത്ത് എന്നായിരുന്നു വിലാസം. ജോലി വ്യവസ്ഥയനുസരിച്ചു ഡേറ്റകൾ ഫോമിൽ ഒാൺലൈനായി നൽകി ഒരാഴ്ച കഴിഞ്ഞപ്പോൾ, ഏൽപ്പിച്ച ജോലിയിൽ വീഴ്ച സംഭവിച്ചതിനാൽ 7,000 രൂപ നൽകാൻ ആവശ്യപ്പെട്ടു. എന്താണ് തെറ്റെന്ന് കൃത്യമായി പറഞ്ഞില്ലെങ്കിലും അവർ നൽകിയ ക്യൂആർകോഡുവഴി തുക മൂന്നുഘട്ടമായി നൽകി. പിന്നീട് ജോലിയിൽ തുടരാൻ താൽപര്യമില്ലെങ്കിൽ ഒഴിവാകാമെന്നും അതിനുളള നടപടികളുടെ ഭാഗമായി 42,670 രൂപ ഡപ്പോസിറ്റ് ഡിജിറ്റലായി നൽകണമെന്നും അറിയിപ്പ് കിട്ടി.
രക്ഷിതാക്കളും അഭിഭാഷകനുമായി സ്ഥലത്തു നേരിട്ടുവന്നും കരാർ റദ്ദാക്കാമെങ്കിലും 72,000 രൂപ ചെലവാകുമെന്നും അവർ അറിയിച്ചു. പണത്തിനുളള പ്രയാസം അറിയിച്ചപ്പോൾ ഡിജിറ്റലായി 36,980 രൂപ നൽകിയാൽ മതിയെന്നും നൽകിയില്ലെങ്കിൽ നിയമ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. ഇതോടെ സംശയം തോന്നിയെങ്കിലും സുഹൃത്തുകളിൽ നിന്നു പണം സംഘടിപ്പിച്ചു അയച്ചു. വീട്ടുകാരെ അറിയിക്കാൻ പേടിയായിരുന്നു. പക്ഷേ,അതുകൊണ്ടും പ്രശ്നം തീർന്നില്ല. വീഡിയോ കോൾ വഴി കമ്പനി പ്രതിനിധിയുമായി സംസാരിക്കാൻ നിർദേശം വന്നു. ക്ലാസ് സമയങ്ങളിൽപോലും സ്വൈര്യമില്ലാതായി. അഡ്വ. വിജയ് ചൗഹാൻ എന്നയാളാണു സംസാരിച്ചത്. അവിടുത്തെ സെഷൻസ് കോടതിയിൽ എത്തണമെന്നാവശ്യപ്പെട്ടു. ഉടൻ സുഹൃത്തുക്കളുമൊത്ത് പാലക്കാട് സൈബർപൊലീസിൽ പരാതി നൽകി. അവർ ഇടപെട്ടു. തൊട്ടടുത്തദിവസം ഫോൺ വിളി വന്നപ്പോൾ കോടതിയെ സമീപിക്കുമെന്നു പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞു പരിശോധിച്ചപ്പോൾ ആ സ്ഥാപനം തന്നെ നിലവിലില്ലായിരുന്നതായി അറിഞ്ഞു. പക്ഷേ,ഇത്രയും ദിവസം നേരിടേണ്ടിവന്നത് കടുത്ത സമ്മർദമായിരുന്നുവെന്ന് വിദ്യാർഥിനി വിവരിച്ചു.