രാത്രി ലോറിയോടിച്ച് പോവുമ്പോ അർജുൻ വിളിക്കും; ഒറ്റയ്ക്ക് യാത്ര ചെയ്ത് പോവുന്നതല്ലേ...
കോഴിക്കോട്: ‘‘ രാത്രി ലോറിയോടിച്ച് പോവുമ്പോ അർജുൻ വിളിക്കും. ഒറ്റയ്ക്ക് യാത്ര ചെയ്ത് പോവുന്നതല്ലേ.. നമ്മൾ ഒരു മണിക്കൂറൊക്കെ സംസാരിക്കാറുണ്ട്. സംസാരിച്ചു കൊണ്ടിരുന്നാൽ ഉറക്കംവരില്ല. കൂടെ ഒരാളുണ്ടെന്ന തോന്നലുണ്ടാവും. നാട്ടിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും നമ്മളേക്കാൾ അവൻ അപ്ഡേറ്റാണ്. വാർത്തകൾ കേട്ടുകൊണ്ടാണ് അവൻ വണ്ടിയോടിച്ച് പോവുക..’’അർജുന്റെ സുഹൃത്ത് കണ്ണാടിക്കൽ തൗഫീഖിൽ ആസിഫ് പറഞ്ഞു. ആസിഫിന്റെ കയ്യിലെ ഫോണിൽ ഇപ്പോഴും അർജുൻ അയച്ച വോയ്സ് മെസേജുകളും ചിത്രങ്ങളുമുണ്ട്. ജൂലൈ 11ന് ഏറ്റവുമൊടുവിൽ കോഴിക്കോട്ടെ ഒരു രാഷ്ട്രീയ പ്രശ്നത്തെക്കുറിച്ചുള്ള സംശയങ്ങളാണ് ആസിഫിന്റെ ഫോണിൽ വോയ്സ് മെസേജായി വന്നുകിടക്കുന്നത്.
അവൻ വോയ്സ് മെസേജുകളാണ് വാട്സാപ്പിൽ അയയ്ക്കുക. കുറേയേറെ വോയ്സ് മെസേജുകൾ വരും. യാത്രക്കിടെ എല്ലാ വാർത്തകളും ലൈവായി കണ്ടുകൊണ്ടേയിരിക്കും. നാട്ടിലെ കാര്യങ്ങളൊക്കെ അവൻ പറഞ്ഞാണ് നാട്ടിലുള്ള നമ്മൾ അറിയുക.’’ ആസിഫിന്റെ വാക്കുകൾ പകുതിയിൽ ഇടറുന്നു.73 ദിവസത്തിനുശേഷം പ്രിയ കൂട്ടുകാരൻ അർജുന്റെ ശരീരം വീട്ടിലേക്ക് വരികയാണ്. വീട്ടുമുറ്റത്ത് പന്തലു കെട്ടാനും കസേര നിരത്താനുമൊക്കെ ആസിഫും അമ്പാടിയും അടക്കമുള്ളവരാണ് ഓടിനടക്കുന്നത്. നാട്ടിൽ മറ്റുള്ളവർക്ക് ഒരാവശ്യം വന്നാൽ ഇങ്ങനെ ഓടിനടന്നിരുന്നത് അർജുനായിരുന്നു. ഇപ്പോൾ അവനുവേണ്ടി കൂട്ടുകാർ ഓടുകയാണ്.കക്കോടി എംഐഎൽപി സ്കൂളിലും കുന്നമംഗലം ഗവ. എച്ച്എസ്എസിലുമാണ് അർജുൻ പഠിച്ചത്.
ആരെക്കണ്ടാലും അവരുടെ മനസ്സു കീഴടക്കുന്നവനായിരുന്നു അർജുൻ. പണ്ട് കുറ്റിച്ചിറയിലെ ഒരാളുടെ കൂടെ പെയിന്റിങ് ജോലിക്ക് പോയിരുന്നു. ഒരു വീട്ടിൽ പോയാൽ തന്റെ ജോലി മാത്രം ചെയ്ത് പണം വാങ്ങുകയെന്നതല്ല അർജുന്റെ രീതി. അവൻ ആ വീട്ടുകാർക്ക് വേണ്ടതെല്ലാം തൃപ്തിയായി ചെയ്തുകൊടുക്കും.’’ കണ്ണാടിക്കൽ പ്രദേശത്തെ യുവാക്കൾ ലഹരിമരുന്ന് വ്യാപനത്തിനെതിരെ പ്രചാരണവുമായി ഇറങ്ങിയപ്പോൾ മുന്നിൽനിന്നു നയിച്ചവരിൽ ഒരാൾ അർജുനായിരുന്നു. കോവിഡ് കാലത്ത് നാട്ടുകാർക്ക് കുടിവെള്ളവും സഹായവും എത്തിക്കാൻ അർജുനും കൂട്ടുകാരും സജീവമായി ഓടിനടന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തിന് അർജുൻ പലതവണ പോയിരുന്നു. കമ്മിറ്റി യോഗങ്ങളിൽ സജീവമായി. ചുമതലകൾ ഏറ്റെടുത്തു.
‘‘ അർജുൻ ജോലി ചെയ്തുകിട്ടുന്ന പണം അനാവശ്യമായി ചെലവഴിക്കാറില്ല. വീട്ടുകാർക്ക് ജീവിക്കാനുള്ള സുരക്ഷിതത്വം ഒരുക്കിക്കൊടുത്തത് അവനാണ്. ഇങ്ങനെ ദീർഘദൂര ഡ്രൈവിങ് ജോലി ഒഴിവാക്കി നാട്ടിൽ സ്ഥിരമായി നിന്നുകൂടേ എന്ന് ഞങ്ങൾ ചോദിക്കാറുണ്ട്.’’ ആസിഫ് പറയുന്നു. പലപ്പോഴും ദീർഘദൂര യാത്ര പോവുമ്പോൾ കൂട്ടുകാരെ കൂടെപ്പോരാൻ അർജുൻ വിളിക്കാറുണ്ട്. പക്ഷേ ഈ യാത്ര അർജുൻ ഒറ്റയ്ക്കാണ് പോയത്. ആസിഫും കൂട്ടുകാരും വലിയ ഫോട്ടോ നെഞ്ചോടു ചേർത്ത് പിടിച്ച് ഓട്ടോറിക്ഷയിൽ അർജുന്റെ വീടിനു മുന്നിൽ വന്നിറങ്ങി. അർജുന്റെ ഫോട്ടോ. ഇന്നവൻ അവസാനമായി വീട്ടിലേക്ക് വരുമ്പോൾ അവിടെ ചുമരിൽ ഈ ഫോട്ടോയുണ്ടാവും. (Manorama Online)