എന്റെ പിതാവ് സംഘിയല്ല: വിമർശനങ്ങൾക്കു മറുപടിയുമായി ഐശ്വര്യ; നിറകണ്ണുകളോടെ രജനീകാന്ത്
ചെന്നൈ: തന്റെ പിതാവ് രജനീകാന്ത് സംഘി അല്ലെന്ന് സംവിധായിക ഐശ്വര്യ. കഴിഞ്ഞ ദിവസം ‘ലാൽ സലാം’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ഐശ്വര്യയുടെ പ്രതികരണം. സമൂഹമാധ്യമങ്ങൾ പിതാവിനെ സംഘിയായി ചിത്രീകരിക്കുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഐശ്വര്യ. ഐശ്വര്യ സംസാരിക്കുമ്പോൾ വേദിയിൽ നിറകണ്ണുകളോടെയിരിക്കുകയായിരുന്നു പിതാവ് രജനീകാന്ത്.
ലാൽസലാം ഒരു സ്പോർട്സ് ഡ്രാമയാണെന്നും ഫെബ്രുവരി 9ന് റിലീസ് ചെയ്യുമെന്നും ഐശ്വര്യ പറഞ്ഞു. ‘‘സമൂഹമാധ്യമങ്ങളിൽനിന്ന് ഞാൻ പൊതുവെ വിട്ടുനിൽക്കാറുണ്ട്. എന്താണു നടക്കുന്നതെന്ന് അറിയണമെന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞു. ചില പോസ്റ്റുകൾ കണ്ടപ്പോൾ എനിക്കു ദേഷ്യം തോന്നി. നമ്മളെല്ലാവരും മനുഷ്യരാണല്ലോ. അടുത്തിടെ നിരവധി ആളുകൾ അച്ഛനെ സംഘി എന്നു വിളിക്കുന്നതു കണ്ടു. എന്താണ് അതിന്റെ അർഥമെന്ന് എനിക്കറിയില്ല. ഞാൻ ചിലരോട് സംഘി എന്ന പദത്തിന്റെ അർഥം എന്താണെന്നു ചോദിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെ വിളിക്കുന്ന പേരാണ് സംഘി എന്ന് അവർ എനിക്കു മറുപടി നൽകി.’’– ഐശ്വര്യ പറഞ്ഞു.
അതുകൊണ്ടു തന്നെ ഒരു കാര്യം ഇവിടെ പറയാൻ താൻ ആഗ്രഹിക്കുകയാണെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. ‘‘രജനീകാന്ത് ഒരു സംഘിയല്ല. അങ്ങനെയായിരുന്നെങ്കിൽ അദ്ദേഹം ലാൽ സലാം പോലൊരു ചിത്രം ചെയ്യുമായിരുന്നില്ല.’’– ഐശ്വര്യ വ്യക്തമാക്കി.