ജീവിതശൈലിയിലെ ഈ അഞ്ച് തെറ്റുകള്‍ പ്രമേഹം തീവ്രമാക്കും
മരുന്ന് കഴിച്ചതു കൊണ്ട് മാത്രം പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താമെന്ന് കരുതരുത്. ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഈ രോഗത്തെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്. നല്ല ശീലങ്ങള്‍ തന്നെയാണ് ഇതില്‍ സുപ്രധാനം. ഈ പുതുവര്‍ഷത്തില്‍ പ്രമേഹം കടുത്തതാകുന്ന നമ്മുടെ ജീവിതശൈലിയിലെ ചില തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ഡോ. ഡിക്‌സ ഭാവ്‌സര്‍ സവാലിയ തന്റെ ഇന്‍സ്‌റ്റാഗ്രാം പോസ്‌റ്റിലൂടെ.
1. അലസമായ ജീവിതശൈലി
വ്യായാമമില്ലാതെ ദീര്‍ഘനേരം ഒരേ സ്ഥലത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്ന അലസമായ ജീവിതശൈലി നയിക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത അധികമാണ്. പ്രമേഹ നിയന്ത്രണത്തിന് ദിവസവും 40 മിനിട്ട് നേരമെങ്കിലും നടത്തം, സൈക്ലിങ്, യോഗ, കാര്‍ഡിയോ വ്യായാമങ്ങള്‍ പോലുള്ളവ പിന്തുടരണമെന്ന് ഡോ. സവാലിയ നിര്‍ദ്ദേശിക്കുന്നു. ഇതിന് പുറമേ 20 മിനിട്ട് പ്രാണായാമമോ ശ്വസന വ്യായാമങ്ങളോ ചെയ്യണം. രക്തത്തിലെ പഞ്ചസാരയെ വരുതിയില്‍ നിര്‍ത്താന്‍ ഈ ഒരു മണിക്കൂര്‍ ദിവസവും നീക്കി വയ്‌ക്കേണ്ടതാണ്.
വ്യായാമം നമ്മുടെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരത്തിലെ ഓരോ കോശങ്ങളിലേക്കും ആവശ്യത്തിന് ഓക്‌സിജന്‍ എത്തിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കാനും വ്യായാമം സഹായകമാണ്.
2. സംസ്‌കരിച്ച ഭക്ഷണം
വൈറ്റ് ഷുഗര്‍, മൈദ, ഗോതമ്പ്, ഗോതമ്പില്‍ നിന്നുള്ള ഉത്‌പന്നങ്ങള്‍. തൈര് എന്നിവ സ്ഥിരം കഴിക്കുന്നത് പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ പഴങ്ങളിലും പച്ചക്കറികളിലുമുള്ള പ്രകൃതിദത്തമായ പഞ്ചസാര പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്. പശുവിന്‍ പാലും നെയ്യും മിതമായ തോതിലാകാം. മണിച്ചോളം, പഞ്ഞപ്പുല്ല്, മുള്ളഞ്ചീര പോലുള്ള ചെറുധാന്യങ്ങള്‍ കഴിക്കാം. നട്‌സും മറ്റ് ഡ്രൈ ഫ്രൂട്ടുകളും ആദ്യം വെള്ളത്തില്‍ കുതിര്‍ത്ത ശേഷമോ റോസ്‌റ്റ് ചെയ്‌തോ വേണം കഴിക്കാനെന്നും ഡോ. സവാലിയ ചൂണ്ടിക്കാട്ടി.
3. വൈകിയുള്ള അത്താഴം
ദിവസവും വൈകി അത്താഴം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും രാത്രി ഭക്ഷണം 6-7 മണിക്കുള്ളില്‍ കഴിക്കേണ്ടതാണെന്ന് ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്നു. എട്ട് മണിക്ക് ശേഷം ഭക്ഷണമൊന്നും കഴിക്കരുത്.
4. ഭക്ഷണം കഴിഞ്ഞയുടനെ ഉറക്കം
പ്രമേഹ രോഗമുള്ളവര്‍ പകല്‍ ഉറങ്ങരുതെന്നും ഇത് ശരീരത്തിലെ കഫ ദോഷം വര്‍ധിപ്പിച്ച് രക്തത്തിലെ പഞ്ചസാര ഉയര്‍ത്തുമെന്നും ആയുര്‍വേദം പറയുന്നു. രാത്രിയിലാണെങ്കിലും ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞ് മാത്രം വേണം ഉറങ്ങാനെന്ന് ഡോ. സവാലിയ പറയുന്നു. ഭക്ഷണം കഴിഞ്ഞയുടനെയുള്ള ഉറക്കം പ്രമേഹത്തെ ക്ഷണിച്ചു വരുത്തും.
5. മരുന്നിനെ മാത്രം ആശ്രയിക്കുന്നത്
മറ്റ് നിയന്ത്രണങ്ങളോ വ്യായാമമോ ഇല്ലാതെ മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ കുറയ്‌ക്കാന്‍ ശ്രമിക്കുന്നത് ചെറുപ്പത്തില്‍ തന്നെ കരളിനും വൃക്കകള്‍ക്കും ക്ഷതമുണ്ടാക്കുമെന്നും ഡോ. സവാലിയ കൂട്ടിച്ചേര്‍ത്തു.