Featured Posts

Breaking News

ഇന്ത്യൻ നിരത്തിലെ നമ്പർ വൺ ലോങ് റൺ ഇലക്ട്രിക് എസ്.യു.വി..


ഇന്ത്യയിലെ മറ്റ് വാഹന നിർമാതാക്കൾ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് ആലോചിച്ച് തുടങ്ങിയപ്പോൾ തന്നെ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ട മോഡലാണ് ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക്. 2024-ൽ പല മുൻനിര ഇലക്ട്രിക് മോഡലുകളും നൽകുന്ന റേഞ്ച്, 2019-ൽ തന്നെ ഉറപ്പാക്കിയ വാഹനമാണ് കോന ഇലക്ട്രിക്. കോന പ്രീമിയം, കോന പ്രീമിയം ഡ്യുവൽ ടോൺ എന്നീ രണ്ട് പതിപ്പുകളിൽ മാത്രമെത്തുന്ന ഈ വാഹനത്തിന് യഥാക്രമം 23.84 ലക്ഷം രൂപയും 24.03 ലക്ഷവുമാണ് എക്സ്ഷോറൂം വില.

ഇന്ത്യൻ വിപണിയിലെ മറ്റ് ഇലക്ട്രിക് വാഹനങ്ങളെ സൗന്ദര്യത്തിൽ പിന്നിലാക്കുന്ന വാഹനമാണ് കോന ഇ.വി. ക്ലോസ്ഡ് ഗ്രില്ല്, സ്റ്റഡുകൾ പോലെ എൽ.ഇ.ഡി. നിരത്തിയ ഡി.ആർ.എൽ, എൽ.ഇ.ഡിയിൽ തന്നെ തീർത്തിരിക്കുന്ന വലിപ്പം കുറഞ്ഞ ഹെഡ്ലാമ്പ്, എയർ കർട്ടണുകളും എയർഡാമും നൽകിയിട്ടുള്ള വലിയ ബമ്പർ എന്നിവയാണ് ഈ വാഹനത്തിന്റെ മുഖത്തെ അലങ്കരിക്കുന്നത്. ഇലക്ട്രിക് മോഡലുകൾക്കിണങ്ങുന്ന ഡിസൈനിലെ 17 ഇഞ്ച് വലിപ്പത്തിലുള്ള ഒതുങ്ങിയ അലോയി വീലാണ് വശങ്ങളിലെ ഹൈലൈറ്റ്.

വീലുകൾക്ക് മുകളിൽ നൽകിയിട്ടുള്ള വീൽ ആർച്ചും ഡോറുകളിലെ ക്യാരക്ടർ ലൈനുകളും ഷോൾഡറും ലൈനുമെല്ലാം ഒരു പ്രീമിയം എസ്.യു.വി. ഭാവമാണ് കോനയ്ക്ക് നൽകുന്നത്. ഹ്യുണ്ടായി ഐ30 പോലുള്ള വാഹനങ്ങൾക്ക് സമാനമാണ് പിൻഭാഗം. ടെയ്ൽ ലൈറ്റ് പൂർണമായും എൽ.ഇ.ഡിയിലാണ് ഒരുക്കിയിട്ടുള്ളത്. പിന്നിലെ ബമ്പറിലും ലൈറ്റുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ക്ലാഡിങ് നൽകിയിട്ടുള്ള ബമ്പറും റൂഫ് സ്പോയിലറും ഉൾപ്പെടെയുള്ളവ സ്പോർട്ടി ഭാവം ഉയർത്തുന്നുണ്ട്.


പ്രീമിയം വാഹനങ്ങൾക്ക് സമാനമാണ് ഈ ഇലക്ട്രിക് എസ്.യു.വിയുടെ ഇന്റീരിയർ. കോക്പിറ്റിന് സമാനമായാണ് സെന്റർ കൺസോൾ ഡിസൈൻ ചെയ്തിട്ടുള്ളത്. ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവ് സെലക്ടർ, വെന്റിലേറ്റഡ് സീറ്റ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇന്റീരിയറിനെ സമ്പന്നമാക്കുന്നു.

പുതുതലമുറ ഫീച്ചറുകളെക്കാൾ ഉപരി ആത്മവിശ്വാസം നൽകുന്ന റേഞ്ചാണ് കോനയെ ആകർഷകമാക്കുന്നത്. 39.2 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് ഇലക്ട്രിക് കോനയ്ക്കുള്ളത്. 134 ബി.എച്ച്.പി. പവറും 395 എൻ.എം. ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടോറും ഈ വാഹനത്തിൽ കരുത്തേകുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ 452 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷിയാണ് ഹ്യുണ്ടായി കോനയിൽ നൽകിയിട്ടുള്ളത്. ഫാസ്റ്റ് ചാർജിങ്ങിനുള്ള സൗകര്യവും ഈ വാഹനത്തിൽ നിർമാതാക്കൾ നൽകുന്നുണ്ട്. ഡിസി ഫാസ്റ്റ് ചാർജിംഗ് ചെയ്താൽ 57 മിറ്റിറ്റ് കൊണ്ടും എസി വാൾ ബോക്‌സ് ചാർജിംഗ് ചെയ്താൽ 6 മണിക്കൂർ 10 മിനിറ്റ് കൊണ്ടും ഫുൾ ചാർജ് ചെയ്യാം. ബാറ്ററിക്ക് 8 വർഷം / 160000 കിലോ മീറ്റർ വാറന്റിയുണ്ട്. 9.75 സെക്കന്റിൽ 0 - 100 കിലോ മീറ്റർ വേഗതയിൽ എത്തുന്ന ഇംപ്രസീവ് ആക്‌സിലറേഷനും ഇതിനുണ്ട്.

ആറ് എയർബാഗുകളുടെ സുരക്ഷയാണ് ഇതിലെ മറ്റൊരു ഹൈലൈറ്റ്. ഇതിനൊപ്പം എ.ബി.എസ്-ഇ.ബി.ഡി, ടി.പി.എം.എസ്, സ്പീഡ് സെൻസിങ് ഓട്ടോ ഡോർ ലോക്ക്, ഹിൽ അസിസ്റ്റ്, ഇംപാക്ട് സെൻസിങ് ഓട്ടോ ഡോർ അൺലോക്ക് എന്നിവയ്ക്കൊപ്പം നിരവധി അഡ്വാൻസ്ഡ് സേഫ്റ്റി ഫീച്ചറുകളും ഇതിലുണ്ട്. 4180 എം.എം. നീളവും 1800 എം.എം. വീതിയും 1570 എം.എം. ഉയരവും 2600 എം.എമ്മിന്റെ വീൽബേസുമാണ് ഹ്യുണ്ടായി കോനയിലുള്ളത്. 332 ലിറ്ററിന്റെ ബുട്ട് സ്പേസ് എന്ന ഉയർന്ന സ്റ്റോറേജും ഇതിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ലോങ് റൺ ഇലക്ട്രിക് എസ്യുവിയായ ഹ്യുണ്ടായ് കോന ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയ്‌സാണ്.

No comments