Featured Posts

Breaking News

മുസ്ലിങ്ങള്‍ പെരുകുകയാണോ, യാഥാര്‍ത്ഥ്യമെന്ത്...?


പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രാജ്യത്തെ ഹിന്ദുജനസംഖ്യ ഇടിഞ്ഞുവെന്നും, മുസ്ലിം ജനസംഖ്യയില്‍ വന്‍ വര്‍ധനവുണ്ടായെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ ഹിന്ദു സമൂഹം ഭയപ്പെടണം, ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുന്നു എന്ന നിലയ്ക്കാണ് പല ദേശീയ മാധ്യമങ്ങളിലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഈ കണക്കുകള്‍ അവതരിപ്പിക്കപ്പെട്ടത്. ബിജെപിയും ഇത് വലിയ രീതിയില്‍ പ്രചാരണ ആയുധമാക്കി. ഈ കണക്കുകള്‍ വാസ്തവമാണോ? തിരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്ന കണക്കുകള്‍ക്ക് പിന്നിലെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഹിന്ദുക്കളുടെ സ്വത്തുക്കള്‍ വീതിച്ചുനല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വന്നിട്ട് അധിക ദിവസമായില്ല. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. റിപ്പോര്‍ട്ടിനെ ചൊല്ലി ഭരണ- പ്രതിപക്ഷ വാക്പോര് ശക്തമാണ്. കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയമാണ് രാജ്യത്തെ മുസ്ലിങ്ങളുടെ ജനസംഖ്യാ വര്‍ധനവിന് കാരണമായതെന്ന ബിജെപി വാദം കൂടി പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ഭിന്നിപ്പുണ്ടാക്കുകയാണ് റിപ്പോര്‍ട്ടിന് പിന്നിലെ ലക്ഷ്യമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. മാത്രമല്ല വാട്സ്ആപ്പ് സര്‍വകലാശാലയില്‍ നിന്നുള്ള റിപ്പോര്‍ട്ടെന്നാണ് പ്രതിപക്ഷം ഇതിനെ വിശേഷിപ്പിച്ചതും.

1950- 2015 കാലയളവില്‍ രാജ്യത്തെ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞെന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ കണക്ക് പറയുന്നത്. മുസ്ലിം ജനസംഖ്യ 9.84 ശതമാനത്തില്‍ നിന്ന് 14.09 ശതമാനമായി വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇത് ശതമാന കണക്കാക്കി 43.15 എന്ന അക്കമിട്ടാണ് കണക്കിനെ പെരുപ്പിച്ച് കാട്ടുന്നത്. ക്രിസ്ത്യന്‍, സിഖ്, ബുദ്ധ വിഭാഗങ്ങള്‍ക്കിടയില്‍ നേരിയ വര്‍ധനവുണ്ടായെന്നും ജൈന, പാഴ്സി ജനസംഖ്യം കുറഞ്ഞെന്നും പറയുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശങ്ങള്‍ മനസിലാക്കണമെങ്കില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി പരിശോധിക്കണം.

ഉദാഹരണത്തിന്, റിപ്പോര്‍ട്ടിലെ ബുദ്ധ വിഭാഗങ്ങളുടെ കണക്ക് നോക്കിയാല്‍, 0.5 എന്ന സംഖ്യയില്‍ നിന്ന് 0.81 ആയി ഉയരുന്നുണ്ട്. എന്നാല്‍ ഇതിനെ നേരിയ വര്‍ധനവെന്ന് പറയുമ്പോള്‍. മുസ്ലിം വിഭാഗത്തിന്റെ കണക്കുകള്‍ മാത്രം പെരുപ്പിച്ച് കാട്ടുന്നത് അത്ര നിഷ്‌കളങ്കമായി കാണാനാകില്ല.

1951 മുതല്‍ 2011 വരെയുള്ള സെന്‍സസ് കണക്കുകളില്‍ രാജ്യത്തെ ജനസംഖ്യയിലെ വിവിധ മതവിഭാഗങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ വ്യക്തമാണ്. 2011ന് ശേഷം ഇന്ത്യയില്‍ സെന്‍സസ് നടന്നിട്ടുമില്ല. 2011ലെ സെന്‍സസ് പ്രകാരം മുസ്ലിം ജനസംഖ്യ 17.22 കോടി അതായത് ആകെ ജനസംഖ്യയുടെ 14.2 ശതമാനമായിരുന്നു. 2001ലെ കണക്കെടുത്താല്‍ ഇത് 13.81 ശതമാവുമായിരുന്നു. പത്ത് വര്‍ഷത്തിനിടെ നേരിയ വ്യത്യാസം മാത്രമാണ് മുസ്ലിം ജനസംഖ്യയിലുണ്ടായത്. അതിന് മുന്‍വര്‍ഷങ്ങള്‍ പരിശോധിച്ചാല്‍ മുസ്ലിം ജനസംഖ്യയിലുണ്ടായ കുറവും വ്യക്തമാകും.

ഇനി ജനസംഖ്യാ വര്‍ധന കണക്കാക്കാന്‍ ആശ്രയിക്കുന്ന ടോട്ടല്‍ ഫേര്‍ട്ടിലിറ്റി റേറ്റ് സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കാം, ഇതുപ്രകാരം രാജ്യത്തെ സ്ത്രീകളുടെ മൊത്തം 'ടോട്ടല്‍ ഫേര്‍ട്ടിലിറ്റി റേറ്റ്' കുറയുകയാണ്. ഒരു സ്ത്രീക്ക് എത്ര കുട്ടികള്‍ ഉണ്ടാകുമെന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. ഫേര്‍ട്ടിലിറ്റി നിരക്ക് ഏറ്റവും വേഗത്തില്‍ കുറയുന്ന സമൂഹമാണ് മുസ്ലിങ്ങളുടേത് എന്ന് കൂടി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഹിന്ദു വിഭാഗത്തില്‍ 0.7 ശതമാനത്തിന്റെ കുറവാണെങ്കില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ ഇത് ഒരു ശതമാനമാണ്. എന്‍ജിഒ സംഘടനയായ പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഇന്ത്യ ഉള്‍പ്പടെ ഇതിന്റെ കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഫേര്‍ട്ടിലിറ്റി നിരക്കിന് മതമല്ല അടിസ്ഥാനം. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സാമ്പത്തിക വികസനം തുടങ്ങിയ ഘടകങ്ങള്‍ ഫേര്‍ട്ടിലിറ്റി നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.

ബിജെപി ആരോപണം ഉന്നയിക്കാന്‍ ഉപയോഗിക്കുന്ന അളവ് വെച്ചാണെങ്കില്‍ 1520 ശതമാനം വളര്‍ച്ച നേടിയ ബുദ്ധമതത്തെ കാണാതിരിക്കുകയും, മുസ്ലിം ജനസംഖ്യയെ കാണുകയും ചെയ്യുന്നത് സ്വാഭാവികമല്ല. വസ്തുതകള്‍ ഇങ്ങനെയാണെന്നിരിക്കെ ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടിന് പിന്നിലും അത് ഉപയോഗിക്കുന്നതിലും കൃത്യമായ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചാല്‍ അതിനെ തള്ളിക്കളയാനാകില്ല.

Story Short: The report says that the country's Hindu population has declined, and there has been a huge increase in the Muslim population. The Hindu community of the country should be afraid, these figures which came out last day in many national media were presented as the minority groups are increasing. BJP has also made it a campaign weapon in a big way. Are these figures true? What are the motives behind the figures released during the election?

It is not natural to see the Muslim population, which has grown by 1520 per cent, in terms of the measurement used by the BJP. These being the facts, it cannot be ruled out if the opposition alleges that there is a definite political interest behind and using the report that has just come out.

No comments