ബി.ജെ.പിക്ക് യു.പിയിൽനിന്ന് ലഭിക്കുക ഒരു സീറ്റ് മാത്രം - അഖിലേഷ് യാദവ്
ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽനിന്ന് ഇക്കുറി ബി.ജെ.പിക്ക് ലഭിക്കുക ഒരൊറ്റ സീറ്റ് മാത്രമെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇത്തവണ എന്തൊക്കെ തന്ത്രങ്ങൾ ബി.ജെ.പി ആവിഷ്‍കരിച്ചാലും ഉത്തർ പ്രദേശിലെ ജനങ്ങൾ അവരെ പുറത്താക്കാൻ മനസ്സുകൊണ്ട് തീരുമാനിച്ചുകഴിഞ്ഞുവെന്നും അഖിലേഷ് പറഞ്ഞു.
ലാൽഗഞ്ച് മണ്ഡലത്തിലെ സമാജ് വാദി പാർട്ടി സ്ഥാനാർഥി ദരോഗ പ്രസാദ് സരോജിന്റെ പ്രചാരണ റാലിയിലാണ് അഖിലേഷ് യാദവ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയിൽ മാത്രമാണ് യു.പിയിൽ ബി.ജെ.പിക്ക് വിജയപ്രതീക്ഷയുള്ളതെന്ന് അഖിലേഷ് പറഞ്ഞു.
ഇൻഡ്യ മുന്നണിക്ക് യു.പിയിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് വാരണാസിയിൽ മാത്രമാണ് ബി.ജെ.പി പോരാട്ടം കാഴ്ചവെക്കുന്നത്. മറ്റിടങ്ങളിലെല്ലാം അവർ ഇതിനകം തോറ്റുകഴിഞ്ഞു. തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോൾ ‘ഇക്കുറി 400 സീറ്റ്’ എന്നതായിരുന്നു ബി.ജെ.പിയുടെ മുദ്രാവാക്യം. ഇപ്പോൾ ജനങ്ങൾ ‘400ൽ തോൽവി’ എന്നാണ് അവരോട് പറയുന്നത്. ബി.ജെ.പിക്ക് 140 സീറ്റ് പോലും ലഭിക്കില്ലെന്ന് ഇന്ത്യയിലെ 140 കോടി ജനങ്ങൾ ഉറപ്പുവരുത്തും.
നിങ്ങൾ ബി.ജെ.പി നേതാക്കന്മാരുടെ പ്രസംഗങ്ങൾ നോക്കൂ. അവർ പഴയ കഥ തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. വോട്ടർമാർ തങ്ങളുടെ മനസ്സിൽ ഉറച്ച തീരുമാനം എടുത്തുകഴിഞ്ഞു. പിന്നാക്ക-ദലിത-ന്യൂനപക്ഷ കുടുംബങ്ങൾ എൻ.ഡി.എയെ പരാജയപ്പെടുത്തും. ബി.ജെ.പി കല്ലുവെച്ച നുണകൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അവർ നൽകുന്ന എല്ലാ വാഗ്ദാനങ്ങളും പാഴ്വാക്കുകളാണെന്നും അഖിലേഷ് പറഞ്ഞു.
കോവിഡ് വാക്സിൻ വിഷയത്തിലും അഖിലേഷ് ബി.ജെ.പിയെ കടന്നാക്രമിച്ചു. ‘ആ വാക്സിൻ ജനങ്ങളുടെ ജീവനുമേലാണ് ഭീഷണിയുയർത്തിയിട്ടുള്ളത്. നമുക്ക് വാക്സിൻ നൽകിയ കമ്പനികളിൽനിന്ന് ബി.ജെ.പിയാകട്ടെ, കോടിക്കണക്കിന് രൂപയാണ് കൈപ്പറ്റിയത്’. ലാൽഗഞ്ച് മണ്ഡലത്തിൽ മേയ് 25ന് നടക്കുന്ന ആറാം ഘട്ടത്തിലാണ് വിധിയെഴുത്ത്.