Featured Posts

Breaking News

വ്യാജമദ്യ ദുരന്തം: മരണം 50 ആയി; മുഖ്യപ്രതി അറസ്റ്റിൽ, എഴുപതോളം കേസുകളിൽ പ്രതി


ചെന്നൈ: തമിഴനാട്ടിലെ കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. വ്യാജമദ്യം നിർമിച്ച ചിന്നദുരൈയെ കടലൂരിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യവുമായി ബന്ധപ്പെട്ട എഴുപതോളം കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് സൂചിപ്പിച്ചു. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. 

90ൽ അധികം പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
ചികിത്സയിൽ കഴിയുന്ന പലരുടേയും നില അതീവ ഗുരുതരമാണ്. ഒട്ടേറെപ്പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. അഞ്ചു രൂപയ്ക്കു ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് മദ്യം വിറ്റിരുന്നതെന്നാണ് റിപ്പോർട്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും തുടർനടപടികൾ ശുപാർശ ചെയ്യാനുമായി റിട്ടയേർഡ് ജഡ്ജിയെ ഏകാംഗ കമ്മിഷനായി തമിഴ്നാട് സർക്കാർ നിയോഗിച്ചിട്ടുണ്ട്.

മെഥനോൾ കലർത്തിയ മദ്യമാണു കള്ളക്കുറിച്ചിയിൽ ഒട്ടേറെപ്പേരുടെ ജീവനെടുത്തത്. വ്യാജവാറ്റ് ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നതിനേക്കാൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് മെഥനോൾ കലർത്തിയ മദ്യം ഉപയോഗിക്കുമ്പോഴുണ്ടാകുക. ലഹരിപാനീയങ്ങളിൽ എഥനോൾ ഉപയോഗിക്കാൻ മാത്രമാണ് അനുമതിയുള്ളത്.

ഉയർന്ന അളവിൽ മെത്തനോൾ ശരീരത്തിൽ പ്രവേശിക്കുന്നത് ആദ്യം ബാധിക്കുക ദഹനത്തിനെയാണ്. വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടും. തുടർന്ന് നാഡീപ്രവർത്തനങ്ങൾ തകരാറിലാകുകയും നുരയോടു കൂടി ഛർദിക്കാൻ തുടങ്ങുകയും ചെയ്യും.

 പിന്നാലെ ശ്വാസതടസ്സം ഉണ്ടാകുകയും മസ്തിഷ്കത്തെ ബാധിക്കുകയും ചെയ്യും. തുടർന്ന്, തലച്ചോറിലെ കോശങ്ങളെ ബാധിക്കുന്നതോടെ കാഴ്ച മങ്ങൽ, ബോധക്ഷയം എന്നിവ സംഭവിക്കും. ഇതെല്ലാം ഏതാനും മിനിറ്റുകൾക്കുള്ളിലാണ് സംഭവിക്കുകയെന്നും ഡോക്ടർമാർ പറയുന്നു. കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ ഇതുവരെ മരിച്ചവരെല്ലാം സമാനമായ രോഗലക്ഷണങ്ങളാണു പ്രകടിപ്പിച്ചത്.

Story Short: The main accused in the fake liquor disaster in Tamilnadu was arrested. Chinnadurai, who manufactured fake liquor, was arrested from Cuddalore by a special investigation team. The police mentioned that he is a suspect in about 70 cases related to fake liquor. Meanwhile, the death toll in the disaster has risen to 50.

No comments