Featured Posts

Breaking News

സ്റ്റാഫ് റൂമില്‍ ഉറക്കം, പഠിപ്പിക്കുന്നത് മനസിലാകുന്നില്ല' കോട്ടയത്തെ 'ഉറക്കംതൂങ്ങി' അധ്യാപകര്‍ക്ക് സ്ഥലംമാറ്റം


കോട്ടയം: കുട്ടികളെ ശരിയായി പഠിപ്പിക്കാതെയും സ്റ്റാഫ് റൂമില്‍ ഉറങ്ങിയും സമയം കളഞ്ഞ ഒരു കൂട്ടം അധ്യാപകരെ സ്ഥലം മാറ്റിയത് മലബാറിലേക്ക്. ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്. എസിലെ അഞ്ച് അധ്യാപകരെയാണ് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്.

അധ്യാപകര്‍ക്കെതിരെ വ്യാപക പരാതി ഉയർന്നതിനെത്തുടർന്ന് കോട്ടയം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഡി.ഡി) സ്കൂളിലെത്തി കുട്ടികളോടും പി.ടി.എ ഭാരവാഹികളോടും സംസാരിച്ച് അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ശരിയായി പഠിപ്പിക്കുന്നില്ലെന്നും കൂടുതൽ കുട്ടികൾ തോറ്റത് ഇംഗ്ലീഷിലാണെന്നുമാണ് നീതു ജോസഫിനെതിരായ കുട്ടികളുടെ പരാതി. പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ലെന്നും പ്രിൻസിപ്പലിനോട് പരാതി പറഞ്ഞതിനാൽ മനഃപൂർവം പരീക്ഷകളിൽ മാർക്ക് കുറക്കുകയും ചില കുട്ടികൾക്ക് അധികം മാർക്ക് നൽകുകയും ചെയ്തതായാണ് ജെസി ജോസഫിനെതിരായ പരാതി. ടി.ആർ മഞ്ജു, രശ്മി എന്നിവർ പഠിപ്പിക്കുന്നതും മനസ്സിലാവുന്നില്ലെന്നും തങ്ങൾ തോറ്റുപോകുമെന്ന ആശങ്കയും കുട്ടികൾ ആർ.ഡി.ഡിയെ അറിയിക്കുകയും ചെയ്തു.

31 ചിത്രങ്ങള്‍ക്ക് പകരം ബോട്ടണി പ്രാക്ടിക്കൽ റെക്കോഡിൽ 81 ചിത്രം വരക്കാൻ ആവശ്യപ്പെടുകയും കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോൾ മാനസികമായി കഷ്ടപ്പെടുത്തുകയും ചെയ്തുവെന്നാണ് വി.എം. രശ്മിയെക്കുറിച്ച് വിദ്യാര്‍ഥികള്‍ പറഞ്ഞത്. അക്കാദമിക് പ്രവർത്തനങ്ങളിൽ ഈ അധ്യാപകർ സഹകരിക്കുന്നില്ലെന്നും പി.ടി.എയും എസ്.എം.സിയും അറിയിച്ചു. ഇതിൽ ചില അധ്യാപകർ സ്ഥിരമായി സ്‌റ്റാഫ് റൂമിലിരുന്ന് ഉറങ്ങുന്നു. ഇവർ സ്കൂളിന്‍റെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് വിഘാതമായതിനാൽ സ്ഥലം മാറ്റുന്നതായാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇവർക്ക് ഉടൻ ജോലിയിൽ നിന്ന് വിടുതൽ നൽകാനും ഉത്തരവിൽ പറയുന്നു.

അതേസമയം, അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപകരെ മലബാറിലേക്ക് സ്ഥലംമാറ്റിയതിനെതിരെ വിദ്യാർഥി സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. മലബാർ കേരളത്തിൻ്റെ കുപ്പത്തൊട്ടിയല്ലെന്ന് നെഞ്ചുനിവർത്തി പറയേണ്ട സന്ദർഭം കൂടിയാണിതെന്ന് എഴുത്തുകാരനും ഗവേഷകനുമായ ബഷീർ തൃപ്പനച്ചി പറഞ്ഞു. ‘തെക്കൻ ജില്ലകളിൽ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടന്നിരുന്ന സർക്കാർ സ്കൂളിലെ ബാച്ചുകൾ താൽക്കാലികമായി കഴിഞ്ഞ വർഷങ്ങളിൽ മലബാറിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. പക്ഷേ, അപ്പോൾ പോലും ആ ബാച്ചുകളിലെ അധ്യാപകരെ മലബാറിലേക്ക് മാറ്റിയിരുന്നില്ല. 

അത് സാങ്കേതിക പ്രശ്നങ്ങളും മറ്റ് പ്രയാസങ്ങളും ഉള്ളതിനാൽ മാറ്റാൻ സാധ്യമല്ല എന്നായിരുന്നു കാരണമായി പറഞ്ഞിരുന്നത്. ഇതിപ്പോൾ എത്ര എളുപ്പത്തിലാണ് മലബാറിലേക്ക് തട്ടിയത്. കേരളഭരണകൂട വ്യവസ്ഥയിലെ ഉദ്യോഗസ്ഥ ലോബിക്ക് കാലങ്ങളായി മലബാറിനോടുള്ള സമീപനത്തിൻ്റെ ഇനിയും അവസാനിക്കാത്ത ഉദാഹരണം മാത്രമാണിത്. മലയാള സിനിമയിൽ പണിഷ്മെൻ്റ് ട്രാൻസ്ഫർ എന്നാൽ കാസർക്കോട്ടേക്കോ അട്ടപ്പാടിയിലേക്കോ ഉള്ള സ്ഥലമാറ്റമാണെന്നോർക്കുക. മലബാർ കേരളത്തിൻ്റെ കുപ്പത്തൊട്ടിയല്ലെന്ന് നെഞ്ചുനിവർത്തി പറയേണ്ട സന്ദർഭം കൂടിയാണിത്’ -ബഷീർ തൃപ്പനച്ചി ഫേസ്ബുക്കിൽ കുറിച്ചു.

Story Short: A group of teachers who wasted their time by not teaching the children properly and sleeping in the staff room were transferred to Malabar. Changanassery Govt. H.S. The Director of Public Education has ordered the transfer of five S teachers to Kozhikode, Kannur and Wayanad districts.

No comments