മണിക്കൂറിന് 30 രൂപ മാത്രം; എ.സിയിൽ വിശ്രമം, വായിക്കാൻ മിനി ലൈബ്രറി, ഫ്രീ വൈഫൈ
പാലക്കാട്: ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ വിവിധ സ്റ്റേഷനുകളിലെ എ.സി വിശ്രമകേന്ദ്രങ്ങൾ നവീകരിച്ചു. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും നവീനവുമായ മാറ്റങ്ങളാണ് വരുത്തിയതെന്ന് അധികൃതർ അറിയിച്ചു.
പാലക്കാട് ജങ്ഷൻ (പ്ലാറ്റ്ഫോം രണ്ടിലും മൂന്നിലും), തിരൂർ (പ്ലാറ്റ്ഫോം ഒന്ന്), ഷൊർണൂർ ജങ്ഷൻ (പ്ലാറ്റ്ഫോം നാല്, അഞ്ച്), കോഴിക്കോട് (പ്ലാറ്റ്ഫോം ഒന്ന്, നാല്), കണ്ണൂർ (പ്ലാറ്റ്ഫോം ഒന്ന്), മംഗളൂരു (പ്ലാറ്റ്ഫോം ഒന്ന്) എന്നിങ്ങനെയാണ് വിശ്രമകേന്ദ്രങ്ങൾ നവീകരിച്ചത്. ഇരിപ്പിടങ്ങൾ, എ.സി, ശുചിമുറികൾ, ഫോൺ ചാർജിങ്, ഫ്രീ വൈഫൈ, മിനി ലൈബ്രറി, ടി.വി എന്നീ സൗകര്യങ്ങൾ നവീകരിച്ചതിനൊപ്പം പരിസര ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്തതായി റെയിൽവേ അറിയിച്ചു.
മണിക്കൂറിന് 30 രൂപയാണ് എ.സി വിശ്രമകേന്ദ്രങ്ങളിലെ ചാർജ്. ഇതിന് മുൻകൂട്ടിയുള്ള ബുക്കിങ് ആവശ്യമില്ല.